'മുസ്തഫിസുറിനെ റിലീസ് ചെയ്യണം'; ബംഗ്ലാദേശ് വിവാദത്തിന് പിന്നാലെ കൊല്‍ക്കത്തയോട് ആവശ്യപ്പെട്ട് ബിസിസിഐ

ബം​ഗ്ലാദേശ് താരത്തെ ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ കളിപ്പിക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉയരുന്ന സാചഹര്യത്തിലാണ് ബിസിസിഐയുടെ നീക്കം

'മുസ്തഫിസുറിനെ റിലീസ് ചെയ്യണം'; ബംഗ്ലാദേശ് വിവാദത്തിന് പിന്നാലെ കൊല്‍ക്കത്തയോട് ആവശ്യപ്പെട്ട് ബിസിസിഐ
dot image

ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്‍ 2026 ടീമില്‍ ഒഴിവാക്കണമെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് ആവശ്യപ്പെട്ട് ബിസിസിഐ. ബംഗ്ലാദേശിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ബംഗ്ലാദേശിന്‍റെ സ്റ്റാര്‍ പേസര്‍ മുസ്തഫിസുറിനെ റിലീസ് ചെയ്യണമെന്ന് ബിസിസിഐ ഔദ്യോഗികമായി ആവശ്യപ്പെട്ടത്.

ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് ഇക്കാര്യം വ്യക്തമാക്കിയത്. മുസ്തഫിസുറിന് പകരം മറ്റൊരു താരത്തെ ടീമിൽ എടുക്കാമെന്നും ബിസിസിഐ അറിയിച്ചു.

ബം​ഗ്ലാദേശ് താരത്തെ ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ കളിപ്പിക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉയരുന്ന സാചഹര്യത്തിലാണ് ബിസിസിഐയുടെ നീക്കം. ബം​​ഗ്ലാദേശ് പേസ് ബൗളർ മുസ്തഫിസുർ റഹ്മാനെ ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ കളിപ്പിച്ചാൽ മത്സരങ്ങൾ തടസ്സപ്പെടുത്തുമെന്നും സ്റ്റേഡിയം കൈയേറുമെന്നും നേരത്തെ ഭീഷണി ഉണ്ടായിരുന്നു. ഉജ്ജയിനിലെ പ്രാദേശിക മത നേതാക്കളാണ് ഭീഷണി ഉയർത്തി രം​ഗത്തെത്തിയത്. ബം​ഗ്ലാദേശിലെ മത ന്യൂനപക്ഷങ്ങളായ ഹിന്ദു സമൂഹത്തിന് നേരെ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഐപിഎൽ സംഘാർടകർക്കെതിരെ ഒരു വിഭാ​ഗം രം​ഗത്തെത്തിയത്.

കൊൽക്കത്ത ടീം ഉടമയും ബോളിവുഡ് സൂപ്പർ താരവുമായ ഷാരൂഖ് ഖാനെതിരെയും ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഷാരൂഖ് ഖാൻ രാജ്യദ്രോഹിയാണെന്നും ഈ രാജ്യത്ത് ജീവിക്കാൻ അർഹതയില്ലാത്തയാളാണെന്നുമാണ് ഉത്തർ പ്രദേശ് ബിജെപി നേതാവ് സംഗീത് സോം വിമർശിച്ചത്. നമ്മുടെ സഹോദരിമാർ ബംഗ്ലാദേശിൽ പീഡിപ്പിക്കപ്പെടുകയാണ്. ഹിന്ദുക്കൾ കൊല്ലപ്പെടുകയാണ്. അപ്പോഴാണ് ഷാരൂഖ് മുസ്തഫിസുറിനെ ടീമിലെടുക്കുന്നത്. ഈ രാജ്യത്തെ ജനങ്ങൾ കാരണമാണ് താൻ ഇങ്ങനെ ഉയരത്തിലെത്തിയത് എന്ന് ഷാരൂഖിനെ പോലുള്ള രാജ്യദ്രോഹികൾ ചിന്തിക്കണം എന്നായിരുന്നു സംഗീത് പറഞ്ഞത്.

ഇത്തവണത്തെ ലേലത്തിലാണ് മുസത്ഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. 9.2 കോടി മുടക്കിയാണ് മുൻ ചെന്നൈ സൂപ്പർ കിം​ഗ്സ്, ഡൽഹി ക്യാപിറ്റൽസ് താരമായ മുസ്തഫിസുറിനെ കെകെആർ ടീമിലെത്തിച്ചത്. ലേലത്തിൽ ടീമുകൾ വിളിച്ചെടുത്ത ഏക ബം​ഗ്ലാദേശ് താരവും മുസ്തഫിസുറാണ്. ഇതോടെ ഐപിഎൽ ചരിത്രത്തിൽ തന്നെ ഒരു ബം​ഗ്ലാദേശ് താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയെന്ന റെക്കോർഡ് സ്വന്തമാക്കിയതും മുസ്തഫിസുർ തന്നെയാണ്.

Content highlights: BCCI asks KKR to release Mustafizur Rahman from squad For IPL 2026

dot image
To advertise here,contact us
dot image