പോറ്റി സോണിയയെ കണ്ടത് പ്രസാദം നൽകാൻ; സന്ദർശനത്തിന് അനുമതി തേടിയത് താൻ വഴിയല്ല; അടൂർ പ്രകാശ്

'ബിജെപിയും മാർക്‌സിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട് പാലം പണിയാൻ നടന്ന വ്യക്തി എത്രയോ തവണ പോറ്റിയെ ഫോൺ വിളിച്ചിട്ടുണ്ട്, അന്വേഷിക്കണം'

പോറ്റി സോണിയയെ കണ്ടത് പ്രസാദം നൽകാൻ; സന്ദർശനത്തിന് അനുമതി തേടിയത് താൻ വഴിയല്ല; അടൂർ പ്രകാശ്
dot image

പാലക്കാട്: ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റി മുതിർന്ന കോൺഗ്രസ് നേതാവായ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് പ്രസാദം നൽകാനെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കാണാൻ പോയത് പ്രസാദം നൽകാനാണ്. സന്ദർശനത്തിന് മുൻകൂറായി അനുമതി വാങ്ങിയിരുന്നു. അനുമതി വാങ്ങിയത് താൻ അറിഞ്ഞിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു.

സന്ദർശനത്തിന്റെ തലേദിവസം, സോണിയ ഗാന്ധിയെ കാണാൻ കൂടെ വരണമെന്ന് പോറ്റി അഭ്യർത്ഥിച്ചു. പോറ്റി തന്റെ മണ്ഡലത്തിൽ ഉള്ള വോട്ടർ ആയത്‌കൊണ്ടാണ് കൂടെ പോയത്. കാട്ടുകള്ളൻ ആണെന്ന് അന്ന് അറിഞ്ഞില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. പരിചയപ്പെട്ടതിന് ശേഷം, ശബരിമലയിലെ അന്നദാനം ഉദ്ഘാടനം ചെയ്യാൻ എത്തണമെന്ന് പോറ്റി തന്നോട് പറഞ്ഞിരുന്നു. അതിന് താൻ പോയിരുന്നു. അതിന് ശേഷമാണ് പ്രസാദം നൽകാനെന്ന പേരിൽ പോറ്റി സോണിയ ഗാന്ധിയെ കാണാനെത്തിയത്. താൻ മുഖാന്തരം സോണിയയുടെ അടുത്ത് പോകാനുള്ള തീരുമാനം എടുത്തിട്ടില്ല. നേരത്തെ എടുത്ത അനുമതി പ്രകാരം താൻ കൂടെ പോയി എന്നത് മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ സോണിയയെ കാണാൻ പോകുന്നുണ്ടെന്ന് പറഞ്ഞ് പോറ്റി വിളിച്ചു. എം പിയെന്ന നിലയിൽ താങ്കളും വരണമെന്ന് തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്നും അടൂർ പ്രകാശ് പറഞ്ഞു.

ഇതിനെല്ലാം നേതൃത്വം നൽകിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാർലമെന്റ് അംഗമാണെന്നും അടൂർ പ്രകാശ് ആരോപിച്ചു. മാർക്‌സിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണത്. ബിജെപിയും മാർക്‌സിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട് പാലം പണിയാൻ നടന്ന വ്യക്തി എത്രയോ തവണ പോറ്റിയെ ഫോൺ വിളിച്ചിട്ടുണ്ട്. ഫോൺ രേഖകളടക്കം പരിശോധിക്കണം, അതിലും അന്വേഷണം വേണ്ടതുണ്ടെന്ന് അടൂർ പ്രകാശ് പറഞ്ഞു. പേര് പരാമർശിച്ചില്ലെങ്കിലും ജോൺ ബ്രിട്ടാസ് എംപിയെ ലക്ഷ്യമിട്ടായിരുന്നു അടൂർ പ്രകാശിന്റെ ഈ പ്രസ്താവന.

സോണിയ ഗാന്ധിയെ ഉണ്ണികൃഷ്ണൻ പോറ്റി ഡൽഹിയിലെത്തി സന്ദർശിച്ച വേളയിൽ അടൂർ പ്രകാശും ഇവർക്കൊപ്പമുണ്ടായിരുന്നു. മൂവരും ഒരുമിച്ചുള്ള ഫോട്ടോയും പുറത്തുവന്നിരുന്നു. പിന്നാലെ സ്വർണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം അടൂർ പ്രകാശിനെ ചോദ്യം ചെയ്‌തേക്കുമെന്ന വാർത്തകളുണ്ടായിരുന്നെങ്കിലും ഇത് അദ്ദേഹം നിഷേധിച്ചു. തനിക്ക് അത്തരത്തിലൊരു അറിയിപ്പോ വിവരമോ ലഭിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനടക്കം സോണിയ ഗാന്ധിക്കും അടൂർ പ്രകാശിനുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണിയിലെ കക്ഷി എന്ന നിലയ്ക്ക് മുസ്‌ലിം ലീഗിന് അധിക സീറ്റ് ചോദിക്കാമെന്ന് അടൂർ പ്രകാശ് പറഞ്ഞു. അത് യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കും. എംപിമാരുടെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്നുവെന്ന വാർത്ത സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യമാണ്. അദ്ദേഹം എടുക്കുന്ന തീരുമാനങ്ങൾ തന്നെയാണ് സിപിഐഎമ്മിൽ നടപ്പിലാക്കുന്നത്. ജനാധിപത്യപരമായല്ല കാര്യങ്ങൾ നടക്കുന്നത്. ഏകാധിപത്യമാണ് നിലനിൽക്കുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു. യുഡിഎഫ് 100 സീറ്റിൽ അധികം നേടി അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:‌ udf convener Adoor prakash reacts on sabarimala gold theft case accused unnikrishnan potty visits Congress leader sonia gandhi at delhi

dot image
To advertise here,contact us
dot image