

തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വെളളാപ്പളളിയെപ്പോലെ ഒരാളില്‍ നിന്ന് ഒരിക്കലും വരാന്‍ പാടില്ലാത്ത പരാമര്‍ശമാണ് ഉണ്ടായതെന്നും ശ്രീനാരായണ ഗുരുവിന്റെ കസേരയിലാണ് ഇരിക്കുന്നതെന്ന ബോധം വെളളാപ്പളളിക്ക് ഉണ്ടാകണമെന്നും കെ മുരളീധരന്‍ പറഞ്ഞു. വെളളാപ്പളളിക്ക് തെറ്റ് പറ്റിയെങ്കില്‍ അത് ചൂണ്ടിക്കാണിച്ച് തിരുത്തേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്നും അദ്ദേഹത്തിന്റെ വര്‍ഗീയ പരാമര്‍ശങ്ങളെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'വെളളാപ്പളളി വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിനുളള മറുപടി ബിനോയ് വിശ്വം തന്നെ കൊടുത്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് അദ്ദേഹത്തിന്റെ പേര് നോക്കി വിളിച്ചതായിരിക്കും വെളളാപ്പളളി. അദ്ദേഹത്തെ പോലെ ഒരാള്‍ ഒരിക്കലും അത് ചെയ്യാന്‍ പാടില്ല. രാജ്യത്തെ പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച, എല്ലാവരെയും സമന്മാരായി കണ്ട ശ്രീനാരായണ ഗുരുവിന്റെ കസേരയിലാണ് ഇരിക്കുന്നത് എന്ന ബോധം വെളളാപ്പളളിക്കുണ്ടാകണം. ഇരിക്കുന്ന സ്ഥാനം നോക്കണം. വര്‍ഗീയ പരാമര്‍ശം നടത്തിയത് തെറ്റാണ്. അത് തിരുത്താന്‍ ഇത്രയും നല്ല ബന്ധമുണ്ടായിട്ട് മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് പറ്റാത്തത്? ഇങ്ങനൊരു വ്യക്തിയെ മതേതരവാദിയെന്ന് വിശേഷിപ്പിക്കുന്ന സിപിഐഎമ്മിനും ഇതില്‍ ഉത്തരവാദിത്തമുണ്ട്. വെളളാപ്പളളിക്ക് തെറ്റ് പറ്റിയെങ്കില്‍ തിരുത്തേണ്ട ചുമതല മുഖ്യമന്ത്രിക്കാണ്. കാരണം ഇപ്പോള്‍ വെളളാപ്പളളി മുഖ്യമന്ത്രിയുടെ കൂടെയാണ്. ഞങ്ങളെ അദ്ദേഹം തളളിപ്പറഞ്ഞതാണ്. ഞങ്ങള്‍ അദ്ദേഹത്തെ വന്ദിക്കാനുമില്ല. നിന്ദിക്കാനുമില്ല. പക്ഷെ വര്‍ഗീയ പരാമര്‍ശങ്ങളോട് യോജിക്കാനാകില്ല. അതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു': കെ മുരളീധരന്‍ പറഞ്ഞു.
തിരുവനന്തപുരത്തെ ബിജെപിയുടെ വിജയത്തില്‍ സിപിഐഎമ്മിന് പങ്കുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. 'വാര്‍ഡ് തലത്തില്‍ പരിശോധിച്ചാല്‍ തന്നെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഉറച്ച പല സീറ്റുകളിലും അവര്‍ തോറ്റുപോയി എന്ന വസ്തുത മനസിലാക്കാനാകും. യുഡിഎഫ് 2020-ല്‍ മൂന്നാം സ്ഥാനത്ത് പോയ സീറ്റുകളില്‍ പോലും ഞങ്ങള്‍ ജയിച്ചു. പട്ടം, മുട്ടട വാര്‍ഡുകളിലൊക്കെ ഞങ്ങള്‍ മൂന്നാം സ്ഥാനത്തായിരുന്നു. അവിടെയൊക്കെ നല്ല മാര്‍ജിനോടെ ഇത്തവണ ജയിച്ചു. തിരുവനന്തപുരത്ത് സിപിഐഎമ്മും ബിജെപിയും തമ്മില്‍ വോട്ടുകച്ചവടം നടന്നു. അതിനിടയില്‍പോലും നല്ല രീതിയില്‍ വോട്ട് സമാഹരിക്കാന്‍ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ നേമത്ത് ബിജെപിയെ തോല്‍പ്പിച്ചത് അവരുടെ കഴിവാണ് എന്നാണ് സിപിഎം പറഞ്ഞത്. 2016-ല്‍ കോണ്‍ഗ്രസില്‍ നിന്ന് പോയ വോട്ടുകളാണ് ബിജെപിയെ ജയിപ്പിച്ചതെന്നാണ് അവര്‍ നേരത്തെ പറഞ്ഞിരുന്നത്. അപ്പോള്‍ ആ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നപ്പോഴല്ലെ ബിജെപി പരാജയപ്പെട്ടത്. തൃശൂരില്‍ വോട്ടുകച്ചവടം നടന്നിട്ടുണ്ട്. അത് എല്ലാവര്‍ക്കുമറിയാം. ഫ്‌ലാറ്റുകളില്‍ വോട്ടുചേര്‍ക്കുമ്പോള്‍ ബിഎല്‍ഒമാരൊക്കെ എവിടെപ്പോയി. ഇതൊക്കെ കൂട്ടുകച്ചവടമാണ്. അത് മറച്ചുവയ്ക്കാന്‍ പച്ചക്കളളം പറഞ്ഞാല്‍ അതിവിടെ ചിലവാകില്ല': മുരളീധരന്‍ വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് യുഡിഎഫില്‍ കലഹം ആരംഭിച്ചെന്ന എംവി ഗോവിന്ദന്റെ പരാമര്‍ശത്തിലും അദ്ദേഹം മറുപടി നല്‍കി. 'ഗോവിന്ദന്‍മാഷ് ഇടയ്ക്ക് ചില തമാശകള്‍ പറയും. അതിന്റെ കൂട്ടത്തില്‍പ്പെട്ട പരാമര്‍ശമാണ്. കോണ്‍ഗ്രസും ലീഗുമായി പ്രശ്‌നങ്ങളൊന്നുമില്ലല്ലോ. ഞങ്ങളും കേരളാ കോണ്‍ഗ്രസുമായി പ്രശ്‌നങ്ങളില്ലല്ലോ. അതുപോലെയാണോ സിപിഐഎമ്മും സിപിഐയും. വെളളാപ്പളളിയെ കാറില്‍ കയറ്റിയത് ശരിയോ തെറ്റോ എന്നതില്‍ ചര്‍ച്ച നടക്കുകയല്ലേ അവിടെ. ഞങ്ങടെ മുന്നണിയില്‍ ഒരു പ്രശ്‌നവുമില്ല. ഇവിടെയുളളവരൊക്കെ ഇതല്‍ തന്നെ ഉറച്ചുനില്‍ക്കുന്നുണ്ട്. ലീഗ് എപ്പോഴും ന്യായമായ ഡിമാന്‍ഡുകള്‍ മാത്രം ഉന്നയിക്കുന്നവരാണ്. കോണ്‍ഗ്രസും ലീഗുമായി സീറ്റ് തര്‍ക്കം ഉണ്ടാകില്ല. മത്സരിക്കേണ്ട കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്': മുരളീധരന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയില്‍ ഇല്ലാത്ത ആളാണെന്നും അദ്ദേഹം മത്സരിക്കുമോ എന്നത് തന്നെ അനാവശ്യ ചര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു. സോണിയാ ഗാന്ധിയ്ക്ക് ഇറ്റലിയില്‍ പുരാവസ്തു കച്ചവടമുണ്ടെന്ന് പറയുന്നവരുടെ തലയില്‍ നെല്ലിക്കാത്തളം വയ്‌ക്കേണ്ട സമയമായെന്നും ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ശക്തമായി ഇടപെടുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊളള കേസിലെ പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ദിവസങ്ങള്‍ക്കുളളില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ജാമ്യംകിട്ടുന്ന അവസ്ഥയുണ്ടാകും, അതിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: CM Pinarayi Vijayan has the responsibility to correct Vellalapally Natesan says k muraleedharan