അണ്ടര്‍ 15 വനിതാ ഏകദിന ടൂര്‍ണമെന്റ്; മുംബൈയെ വീഴ്ത്തി, കേരളത്തിന് വിജയത്തുടക്കം

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈയ്ക്ക് രണ്ടാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി

അണ്ടര്‍ 15 വനിതാ ഏകദിന ടൂര്‍ണമെന്റ്; മുംബൈയെ വീഴ്ത്തി, കേരളത്തിന് വിജയത്തുടക്കം
dot image

അണ്ടർ 15 വനിതാ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് വിജയത്തുടക്കം. കരുത്തരായ മുംബൈയെ എട്ട് വിക്കറ്റിനാണ് കേരളം മുട്ടുകുത്തിച്ചത്. 35 ഓവർ വീതമുള്ള മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത മുംബൈ 119 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 27.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈയ്ക്ക് രണ്ടാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. അഞ്ച് റൺസെടുത്ത വേദിക നികാമിനെ ജൊഹീന ജിക്കുപാൽ റണ്ണൗട്ടാക്കുകയായിരുന്നു. തുട‍ർന്ന് ക്യാപ്റ്റൻ റിയ ഥാക്കൂറും സൊനാക്ഷി സോളങ്കിയും ചേർന്ന് 37 റൺസ് കൂട്ടിച്ചേ‍ർത്തു. സൊനാക്ഷി 25ഉം റിയ 18ഉം റൺസെടുത്തു. എന്നാൽ ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായതോടെ മുംബൈയുടെ ബാറ്റിങ് പതറി. തുട‍ർന്നെത്തിയവരിൽ 26 റൺസെടുത്ത മുദ്ര മാത്രമാണ് പിടിച്ചു നിന്നത്. കേരളത്തിന് വേണ്ടി വൈ​ഗ അഖിലേഷും ആര്യനന്ദയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണ‍ർമാരായ വൈ​ഗ അഖിലേഷും ഇവാന ഷാനിയും ചേർന്ന് മികച്ച തുടക്കം നല്‍കി. ഇരുവരും ചേർന്ന് 55 റൺസ് കൂട്ടിച്ചേർത്തു. ഇവാന 33 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ ആര്യനന്ദയും വൈഗയും ചേർന്ന് കേരളത്തിന് അനായാസ വിജയം ഉറപ്പാക്കി.

വിജയത്തിന് പത്ത് റൺസകലെ 49 റൺസെടുത്ത വൈ​ഗ പുറത്തായി. ആര്യനന്ദ 34 റൺസുമായി പുറത്താകാതെ നിന്നു. പിന്നാലെ കേരളം 28ആം ഓവറിൽ ലക്ഷ്യത്തിലെത്തി. സ്കോർ മുംബൈ - 31 ഓവറിൽ 119ന് ഓൾ ഔട്ട് കേരളം - 27.4 ഓവറിൽ 125/2.

Content highlights: Under-15 Women's ODI Tournament; Kerala beats Mumbai

dot image
To advertise here,contact us
dot image