ബംഗ്ലാദേശ് പേസറെ കളിപ്പിച്ചാല്‍ സ്റ്റേഡിയം ആക്രമിക്കും, പിച്ചുകള്‍ നശിപ്പിക്കും; ഐപിഎല്ലിന് ഭീഷണി

2026 ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയാണ് ബംഗ്ലാദേശ് താരം കളിക്കാനൊരുങ്ങുന്നത്

ബംഗ്ലാദേശ് പേസറെ കളിപ്പിച്ചാല്‍ സ്റ്റേഡിയം ആക്രമിക്കും, പിച്ചുകള്‍ നശിപ്പിക്കും; ഐപിഎല്ലിന് ഭീഷണി
dot image

ബം​​ഗ്ലാദേശ് പേസ് ബൗളർ മുസ്തഫിസുർ റഹ്മാനെ ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ കളിപ്പിച്ചാൽ മത്സരങ്ങൾ തടസ്സപ്പെടുത്തുമെന്നും സ്റ്റേഡിയം കൈയേറുമെന്നും ഭീഷണി. ഉജ്ജയിനിലെ പ്രാദേശിക മത നേതാക്കളാണ് ഭീഷണി ഉയർത്തി രം​ഗത്തെത്തിയത്. 2026 ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയാണ് മുസ്തഫിസുർ റഹ്മാൻ കളിക്കാനൊരുങ്ങുന്നത്.

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിക്കുകയാണ് ലക്ഷ്യമെന്നാണ് ഇവരുടെ വാദം. ബം​ഗ്ലാദേശിലെ മത ന്യൂനപക്ഷങ്ങളായ ഹിന്ദു സമൂഹത്തിന് നേരെ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഐപിഎൽ സംഘാർടകർക്കെതിരെ ഒരു വിഭാ​ഗം രം​ഗത്തെത്തിയത്. ഉജ്ജയിനിലെ റിൻമുക്തേശ്വർ മഹാദേവ് ക്ഷേത്രം മുഖ്യ പൂജാരി മഹാവീർ നാഥ് ഉൾപ്പടെയുള്ള നേതാക്കളാണ് ഐപിഎൽ മത്സരങ്ങള്‍ തടസപ്പെടുത്തുമെന്ന് മാധ്യമങ്ങളെ അറിയിച്ചത്. ബംഗ്ലാദേശിലെ സംഭവങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന അധികൃതർ ബംഗ്ലാദേശി താരങ്ങളെ ഇന്ത്യൻ മണ്ണിൽ കളിക്കാൻ അനുവദിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.

ഇത്തവണത്തെ ലേലത്തിലാണ് മുസത്ഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. 9.2 കോടി മുടക്കിയാണ് മുൻ ചെന്നൈ സൂപ്പർ കിം​ഗ്സ്, ഡൽഹി ക്യാപിറ്റൽസ് താരമായ മുസ്തഫിസുറിനെ കെകെആർ ടീമിലെത്തിച്ചത്. ലേലത്തിൽ ടീമുകൾ വിളിച്ചെടുത്ത ഏക ബം​ഗ്ലാദേശ് താരവും മുസ്തഫിസുറാണ്. ഇതോടെ ഐപിഎൽ ചരിത്രത്തിൽ തന്നെ ഒരു ബം​ഗ്ലാദേശ് താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയെന്ന റെക്കോർഡ് സ്വന്തമാക്കിയതും മുസ്തഫിസുർ തന്നെയാണ്.

ഇതിനിടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് സമൂഹ മാധ്യമങ്ങളിൽ ക്യാംപെയ്നുകൾ നടക്കുന്നുമുണ്ട്. മതനിന്ദ ആരോപിച്ച് ബംഗ്ലദേശിലെ ഫാക്ടറി തൊഴിലാളിയായ ദീപുചന്ദ്ര ദാസ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇന്ത്യയില്‍ ബംഗ്ലദേശിനെതിരെ പ്രതിഷേധങ്ങൾ ശക്തമായത്. ജോലി സ്ഥലത്തു നിന്നു ഒരു സംഘം ആളുകൾ ചേര്‍ന്ന് ഇയാളെ പുറത്തിറക്കിയ ശേഷം മര്‍ദിച്ച് അവശനാക്കി മരത്തിൽ കെട്ടിയിട്ട് തീ കൊളുത്തുകയായിരുന്നു. സംഭവം ഇന്ത്യയിലും പിന്നീട് വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു.

Content Highlights: Bangladesh pacer Mustafizur Rahman faces Threats over IPL 2026 participation

dot image
To advertise here,contact us
dot image