

വീണ്ടും നിരാശപ്പെടുത്തി ക്യാപ്റ്റൻ സൂര്യകുമാർ യാദവും വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും. രണ്ടാം ടി 20 യിൽ ഗിൽ നേരിട്ട ആദ്യ പന്തിൽ തന്നെ പൂജ്യത്തിന് പുറത്തായപ്പോൾ സൂര്യകുമാർ യാദവ് അഞ്ചു റൺസ് മാത്രം നേടിയും പുറത്തായി. കഴിഞ്ഞ കുറെ മത്സരങ്ങളായി മോശം ഫോമിലാണ് ഇരുവരും കളിക്കുന്നത്.
സ്ഥിരമായി ഓപ്പണിങ് റോളിലെത്തി വെടിക്കെട്ട് തീർക്കാറുള്ള അഭിഷേക് ശർമ 17 റൺസുമായി മടങ്ങിയപ്പോൾ ഇന്ത്യ പ്രതിരോധത്തിലായി. എഴോവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
നേരത്തെ 20 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ 213 റൺസാണ് സന്ദർശകർ നേടിയത്. 46 പന്തിൽ ഏഴ് സിക്‌സറും അഞ്ചു ഫോറുകളും അടക്കം 90 റൺസ് നേടിയ ക്വിന്‍റൺ ഡി കോക്ക് ടോപ് സ്കോററായി. ഡൊനോവൻ ഫെരേര(30 ) എയ്ഡൻ മാർക്രം (29 ), ഡേവിഡ് മില്ലർ (20 ) എന്നിവരും തിളങ്ങി. വരുൺ ചക്രവർത്തി രണ്ട് വിക്കറ്റ് നേടി. ഇന്ത്യൻ നിരയിൽ ജസ്പ്രീത് ബുംറ അടക്കമുള്ള എല്ലാ ബോളർമാരും റൺസ് വാങ്ങികൂട്ടി.
ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാർ യാദവ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യമായി പുരുഷ അന്താരാഷ്ട്ര മത്സരത്തിന് വേദിയൊരുക്കുന്ന ചണ്ഡീഗഡിലെ മുല്ലന്‍പൂര്‍ സ്റ്റേഡിയത്തിലാണ് മത്സരം. കട്ടക്കിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ കൂറ്റൻ വിജയം നേടിയ ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
Content Highlights: shubhman gill and suryakumar out; inda vs south africa