

യുഎഇയിലെ അനധികൃത താമസക്കാര്‍ക്കെതിരെ നടപടി ശക്തമാക്കി ഭരണകൂടം. നിയമ വിരുദ്ധമായി രാജ്യത്ത് തുടരുന്നവര്‍ക്കും അവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നവര്‍ക്കും കനത്ത പിഴയും തടവും ചുമത്തുന്ന വ്യവസ്ഥകളാണ് പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സന്ദര്‍ശക വിസയില്‍ എത്തി ജോലി ചെയ്യുന്നവരും പിടിയിലാകും.
യുഎഇയിലെ അനധികൃത താമസക്കാരെ കണ്ടെത്തി തൊഴില്‍ വിപണി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മതിയായ രേഖകള്‍ ഇല്ലാതെ രാജ്യത്ത് താമസിക്കുന്നവര്‍ക്കും അവരെ സഹായിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 50 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്താനുള്ള വ്യവസ്ഥകളാണ് പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തേക്ക് നിയമവിരുദ്ധമായി പ്രവേശിച്ചവര്‍ക്ക് സഹായം നല്‍കുന്നത് ഗുരുതരമായ കുറ്റമാണെന്ന് നിയമത്തില്‍ പറയുന്നു. അത്തരക്കാര്‍ക്ക് താമസസൗകര്യവും മറ്റ് സഹായങ്ങളും നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം പിഴ ചുമത്തും. ഒന്നിലധികം പ്രതികള്‍ ഉള്‍പ്പെട്ട കേസുകളോ സംഘടിതമായ വീസ തട്ടിപ്പുകളോ കണ്ടെത്തിയാല്‍ രണ്ടു വര്‍ഷം തടവാണ് ശിക്ഷ. ഇതിന് പുറമെ 50 ലക്ഷം ദിര്‍ഹം വരെ പിഴയും ചുമത്തും.
ഔദ്യോഗിക രേഖകള്‍, വീസ, താമസാനുമതി തുടങ്ങിയവ വ്യാജമായി നിര്‍മിക്കുന്നത് ദേശീയ സുരക്ഷയ്ക്കെതിരെയുള്ള ഗുരുതര ഭീഷണിയായി കണക്കാക്കി കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിസിറ്റ് വിസയിലോ ടൂറിസ്റ്റ് വിസയിലോ എത്തി ജോലി ചെയ്യുന്നവര്‍ക്ക് തടവും 10,000 ദിര്‍ഹം പിഴയുമാണ് ശിക്ഷ.
വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടു പോകാത്തവര്‍ക്ക് പ്രതിദിനം 50 ദിര്‍ഹം വീതം പിഴ ഈടാക്കുമെന്നും നിയമത്തില്‍ പറയുന്നു. തൊഴില്‍ വിപണി ദുരുപയോഗം ചെയ്യുന്നവരെയും രാജ്യസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നവരെയും കനത്ത ശിക്ഷയിലൂടെ തടയുകയാണ് പുതിയ നടപടിയലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്.
Content Highlights: UAE steps up crackdown on illegal residents