

ദീര്‍ഘകാലം ഒരുമിച്ച് ഉണ്ടായിരുന്ന ദാമ്പത്യബന്ധത്തില്‍ നിന്നും പെട്ടെന്ന് ഇറങ്ങിവരേണ്ടി വരിക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ചിലപ്പോള്‍ ജീവിതത്തിലെടുക്കുന്ന ഏറ്റവും മികച്ച തീരുമാനമായിരിക്കും വിവാഹമോചനം. കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും കേള്‍ക്കേണ്ടിവരുമെന്ന് അറിഞ്ഞിട്ടും, ഹൃദയം തകരുന്ന അവസ്ഥയിലും ഇതുതന്നെയാണ് ശരിയായ വഴിയെന്ന് തിരിച്ചറിയുമ്പോള്‍ അത്രയും വേദനയോടെ തന്നെ പിരേണ്ടി വരുന്ന ദമ്പതികളുമുണ്ട്. ഇന്ന് ഡിവോഴ്‌സ് ഒരു സാധാരണ കാര്യമാണെന്ന് മനസിലാക്കുമ്പോഴും, അതൊരു പാപമാണെന്ന് കരുതുന്നവരും സമൂഹത്തിലുണ്ട്.
ഇന്ന് ഈ ന്യൂജന്‍ ലോകത്ത് വിവാഹമോചനത്തില്‍ തന്നെ പല ലേബലുകളും പേരുകളുമുണ്ട്. . ഗ്രേ ഡിവോഴ്‌സ്, സ്ലീപ് ഡിവോഴ്‌സ്, സൈലന്റ് ഡിവോഴ്‌സ്, എയര്‍പോര്‍ട്ട് ഡിവോഴ്‌സ് അങ്ങനെയങ്ങനെ നിരവധി തരത്തിലുള്ള ഡിവോഴ്‌സുകള്‍ ഉണ്ട്. ഈ നിരയിലേക്കാണ് ഒരു പുതിയ പേരുകൂടി ചേര്‍ക്കപ്പെട്ടിരിക്കുന്നത് - പേര് മെനോഡിവോഴ്‌സ്.

ആര്‍ത്തവവിരാമത്തിന് ശേഷമോ അല്ലെങ്കില്‍ ആര്‍ത്തവവിരാമത്തിന് മുമ്പുള്ള സമയത്തോ ഒരു സ്ത്രീ തന്റെ വിവാഹജീവിതത്തില്‍ നിന്നും പിന്‍മാറാന്‍ തീരുമാനമെടുക്കുന്നതിനെയാണ് ഈ മെനോഡിവോഴ്‌സ് എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. മധ്യവയസ്‌കരായ സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി ആരംഭിച്ച NOON എന്ന പ്ലാറ്റ്‌ഫോം നടത്തിയ ഒരു സര്‍വേ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.
ഈ സര്‍വേയില്‍ പറയുന്നത് 45 മുതല്‍ 65 വരെ പ്രായമുള്ള സ്ത്രീകളില്‍ മൂന്നില്‍ ഒരാള്‍ വിവാഹജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോരാന്‍ ആഗ്രഹിക്കുന്നുവെന്നാണ്. ഇത്രയും നാള്‍ ജീവിതത്തിലുണ്ടായിരുന്നതിനെക്കാള്‍ സന്തോഷമാണ് ഇതോടെ അവര്‍ക്ക് ലഭിക്കുന്നതെന്നും സര്‍വേ പറയുന്നു. സ്ത്രീകള്‍ മുന്‍കൈയെടുത്ത് നടത്തുന്ന വിവാഹമോചനമാണ് 46 ശതമാനത്തോളമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
യുകെയിലുള്ള രണ്ടായിരത്തോളം സ്ത്രീകളില്‍ നിന്നും ലഭിച്ച പ്രതികരണങ്ങളാണ് സര്‍വേയുടെ അടിസ്ഥാനം. സ്വപ്‌നങ്ങള്‍ ഒന്നും സാക്ഷാത്കരിക്കാന്‍ കഴിയാത്തത്, യാന്ത്രികമായ ജീവിതം, തെരഞ്ഞെടുപ്പുകള്‍ ശരിയായിരുന്നോ എന്ന ചോദ്യങ്ങള്‍ എന്നിവയെല്ലാമാണ് ഇത്തരം ഒരു തീരുമാനത്തിലെത്താന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അതും പെട്ടെന്ന് ഒരു സുപ്രഭാതത്തിലല്ല ഈ തീരുമാനമുണ്ടാകുന്നത്. നാളുകളോളം മനസില്‍ ഇവ കൂടിക്കിടന്നതിന് ശേഷമാകും ഒരു പ്രതികരണം ഒടുവിലുണ്ടാകുന്നത്. വിദഗ്ധരായ ആളുകളും ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ ഡിവോഴ്‌സിലെത്തിക്കുന്നുവെന്ന കാരണത്തെ തള്ളിക്കളയുന്നില്ല. എന്നാല്‍ ആര്‍ത്തവവിരാമം കൊണ്ടല്ല വിവാഹമോചനം സംഭവിക്കുന്നത് എന്നതാണ് വസ്തുത.
വിവാഹമോചിതരായ സ്ത്രീകളില്‍ 56 ശതമാനവും പറയുന്നത് അവശ്യഘട്ടങ്ങളില്‍ പോലും അവര്‍ ആഗ്രഹിച്ച ഒരു പിന്തുണ ലഭിച്ചില്ലെന്നാണ്. മധ്യവയസിലെത്തുമ്പോള്‍ സ്ത്രീകള്‍ അവരുടെ ജീവിതത്തെ വിലയിരുത്തുന്ന രീതികളില്‍ മാറ്റം വരുന്നെന്നും ഇത് ഇന്ത്യയിലും പ്രകടനമാണെന്നും അവര്‍ പറയുന്നു. ഇതൊരു ഹോര്‍മോണ്‍ വ്യതിയാനം കൊണ്ട് മാത്രമുണ്ടാവുന്ന മാറ്റമല്ല മുഴുവനായി ഉണ്ടാകുന്ന ഒരു മാറ്റമാണെന്നാണ് പറയുന്നത്. ജീവിതത്തിന് ഒരു അര്‍ത്ഥമുണ്ടാകണം, ബഹുമാനം ലഭിക്കണം, സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയണമെന്ന ചിന്തകളും ഇതിനൊരടിസ്ഥാനമായി കണക്കാക്കുന്നു. സമൂഹത്തെ കുറിച്ചല്ലാതെ സ്ത്രീകള്‍ സ്വന്തം അവകാശങ്ങളെ കുറിച്ച് ഈ അവസ്ഥയില്‍ കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങുന്നുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഹോര്‍മോണല്‍ മാറ്റങ്ങള്‍ വരുമ്പോള്‍ സ്ത്രീകള്‍ കൂടുതല്‍ സെന്‍സിറ്റീവ് ആകും. നാഡീ വ്യവസ്ഥ കൂടുതലായി പ്രതികരിക്കാന്‍ തുടങ്ങും. ലൈംഗികാസക്തിയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും. ഫിസിക്കല്‍ ഇന്റിമസിയെക്കാള്‍ ഇമോഷണലായ സാമീപ്യമാകും സ്ത്രീകള്‍ കൂടുതല്‍ ആഗ്രഹിക്കുക. ആര്‍ത്തവവിരാമം ഡിവോഴ്‌സിന് കാരണമാകുമോ എന്ന ചോദ്യത്തിന് ഇല്ല എന്നതാണ് ഉത്തരം. ബന്ധങ്ങളിലുണ്ടായ വിള്ളലുകളുടെ തീവ്രത ഇത് മൂലമുള്ള ശാരീരിക മാനസിക വ്യതിയാനങ്ങള്‍ കൂട്ടിയേക്കാം. ഹോര്‍മോണുകളെ വില്ലനായി ചിത്രീകരിക്കാനും കഴിയില്ല. ആര്‍ത്തവവിരാമം സ്ത്രീകളുടെ ശരീരത്തില്‍ മാറ്റങ്ങളുണ്ടാക്കും. ഇതില്‍ ദമ്പതിമാര്‍ എങ്ങനെ പ്രതികരിക്കുമെന്നതാണ് ഓരോ ബന്ധങ്ങളെയും നിര്‍വചിക്കുന്നത്.
Content Highlights: What is Menodivorce and is menopause is actually increasing divorces ?