

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി20യിൽ സഞ്ജു സാംസണിന് പകരം ജിതേഷ് ശർമയെ ഇലവനിൽ ഉൾപ്പെടുത്തിയ തീരുമാനത്തെ ന്യായീകരിച്ച് ഇന്ത്യൻ മുൻ പേസർ ഇർഫാൻ പത്താൻ. സഞ്ജുവിനെ ടോപ് ഓര്‍ഡറില്‍ കളിപ്പിക്കാനാകുന്നില്ലെങ്കില്‍ ജിതേഷിന് തുടര്‍ന്നുള്ള മത്സരങ്ങളില്‍ അവസരം നല്‍കുന്നതാണ് ഉചിതമായ തീരുമാനമെന്ന് പത്താന്‍ വ്യക്തമാക്കി.
'സഞ്ജു കരിയറില്‍ കൂടുതലും ബാറ്റ് ചെയ്തിരിക്കുന്നത് ടോപ് ത്രീ പൊസിഷനിലാണ്. ഈ സാഹചര്യത്തില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ താഴോട്ടിറങ്ങുക എന്നത് സഞ്ജുവിനെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഏഷ്യാ കപ്പ് ഫൈനലില്‍ സഞ്ജു മധ്യനിരയിലേക്ക് ഇറങ്ങി കളിച്ചിരുന്നു. പക്ഷേ മധ്യനിരയില്‍ സഞ്ജുവോ ജിതേഷോ എന്ന ചോദ്യമുയര്‍ന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സഞ്ജുവിന് പകരം ജിതേഷിനെ കളിപ്പിക്കുന്നതാണ് ഉചിതമായ തീരുമാനം. ജിതേഷിന് പകരം സഞ്ജുവും സഞ്ജുവിന് പകരം ജിതേഷും എന്ന രീതിയില്‍ മാറി മാറി കളിക്കുന്നത് രണ്ട് താരങ്ങള്‍ക്കും ബുദ്ധിമുട്ടാകും', ഇർഫാൻ പത്താൻ വ്യക്തമാക്കി.
ശുഭ്മൻ ഗിൽ വന്നതോടെയാണ് സഞ്ജുവിന് ഓപ്പണർ സ്ഥാനം നഷ്ടമായത്. പിന്നാലെ സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റി. ഏത് ബാറ്റിങ് പൊസിഷനിൽ ബാറ്റ് ചെയ്യാനും തയ്യാറാണ് എന്ന് സഞ്ജു വ്യക്തമാക്കിയിരുന്നു. എന്നാൽ സ്പെഷ്യലിസ്റ്റ് ഫിനിഷറായ ജിതേഷ് ശർമയ്ക്കാണ് ലോവർ ഓർഡറിൽ ടീം മാനേജ്മെന്റ് കൂടുതൽ പരിഗണന നൽകുന്നത്.
Content Highlights: Irfan Pathan on India moving forward with Jitesh Sharma over Sanju Samson in middle order role