

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷനുമായി മുന്നേറുകയാണ്. റിലീസ് ചെയ്ത് നാലു ദിനം കൊണ്ടാണ് ചിത്രം ആഗോള ഗ്രോസ് ആയി 50 കോടി പിന്നിട്ടത്. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോർഡും ഇതിലൂടെ കളങ്കാവൽ സ്വന്തമാക്കി. ഇപ്പോഴിതാ ബോളിവുഡ് ക്രിട്ടിക് ആയ അൻമോൽ ജാംവാൽ കളങ്കാവലിന് നൽകിയ പ്രതികരണവും അതിന് ഒരാൾ നൽകിയ കമന്റുമാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്.
'400 സിനിമകൾക്ക് മുകളിൽ ചെയ്തു കഴിഞ്ഞിട്ടും ഇന്നും മമ്മൂട്ടി പ്രേക്ഷകരെ സർപ്രൈസ് ചെയ്യിപ്പിക്കുന്നു' എന്നായിരുന്നു അൻമോൽ കളങ്കാവലിനെക്കുറിച്ച് തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇതിന് താഴെ 'സർഥക്' എന്ന് പേരുള്ള ഒരു അക്കൗണ്ടിൽ നിന്ന് വന്ന കമന്റാണ് വൈറലായത്. 'മമ്മൂക്ക വേറെ ഒരു ലെവൽ ആണ്. റീമേക്ക് കിങ് എന്ന് പറയപ്പെടുന്ന അജയ് ദേവ്ഗൺ പോലും മമ്മൂക്കയുടെ സിനിമകൾ റീമേക്ക് ചെയ്യാൻ ഭയപ്പെടുന്നു കാരണം അദ്ദേഹം വേറെ ക്ലാസ് തന്നെയാണ്', എന്നായിരുന്നു ആ കമന്റ്. പിന്നാലെ ഈ കമന്റ് ഏറ്റെടുത്ത് മമ്മൂട്ടി ആരാധകരുമെത്തി.
ഭീഷ്മപർവം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, ടർബോ എന്നീ ചിത്രങ്ങൾക്ക് ശേഷം 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് തകർപ്പൻ വിജയം നേടുന്നത്.

കേരളത്തിലും വിദേശത്തും ഗംഭീര പ്രതികരണമാണ് ചിത്രം നേടിയത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ.
Content Highlights: A comment about Mammootty and Kalamkaval goes viral