

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ പ്രതികരണവുമായി അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍. കോടതി എന്താണോ പറയുന്നത് അത് സ്വീകരിക്കുന്നുവെന്ന് കുക്കു പരമേശ്വരന്‍ പറഞ്ഞു. കോടതി കുറ്റക്കാരെ കണ്ടെത്തി. അത് നമ്മള്‍ എന്തിനാണ് മറയ്ക്കുന്നതെന്നും കുക്കു പരമേശ്വരന്‍ ചോദിച്ചു. പെണ്‍കുട്ടിക്കെതിരെ അങ്ങനൊരു കാര്യം നടന്നു എന്നതാണ് തിരിച്ചറിഞ്ഞതെന്നും ഗൂഢാലോചന കണ്ടുപിടിക്കേണ്ടത് പൊലീസും കോടതിയുമാണെന്നും കുക്കു പറഞ്ഞു.
'പെണ്‍കുട്ടിക്കെതിരെ അങ്ങനൊരു കാര്യം നടന്നു എന്നതാണ് തിരിച്ചറിയേണ്ടത്. ഗൂഢാലോചന കണ്ടുപിടിക്കേണ്ടത് പൊലീസും കോടതിയുമാണ്. അതിന് അഭിപ്രായം പറയാനും ഞാനില്ല. അറിയാത്ത കാര്യങ്ങള്‍ ചോദിക്കരുത്. ഐഎഫ്എഫ്‌കെയിലെ അവള്‍ക്കൊപ്പം ഹാഷ്ടാഗ് ആവശ്യമാണ്. അവള്‍ക്കൊപ്പം അല്ല എന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഹാഷ്ടാഗ് വയ്ക്കില്ല എന്നും പറഞ്ഞിട്ടില്ല. ഐഎഫ്എഫ്‌കെ ഉദ്ഘാടനം നാളെയാണ്': കുക്കു പരമേശ്വരന്‍ പറഞ്ഞു. ബാബുരാജിന്റെ വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്നും കുക്കു പരമേശ്വരന്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ 'അമ്മ' സംഘടനയുടെ തലപ്പത്തിരിക്കുന്നത് സ്ത്രീകളാണെന്നും പ്രതികരിക്കാന്‍ ബാധ്യസ്ഥരായിട്ടും അവര്‍ 'എസ്‌കേപ്പാവു'കയാണെന്നും ബാബുരാജ് പറഞ്ഞിരുന്നു. താന്‍ അന്നും ഇന്നും അതിജീവിതയ്‌ക്കൊപ്പമാണെന്നും കോടതി വിധിയെ മാനിക്കുന്നുവെന്നും ബാബുരാജ് പറഞ്ഞിരുന്നു. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നായിരുന്നു കേസിൽ ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ 'അമ്മ' സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. അമ്മ കോടതിയെ ബഹുമാനിക്കുന്നുവെന്നും പ്രതികരണത്തിൽ വ്യക്തമാക്കിയിരുന്നു.
കോടതി വിധിയിൽ വ്യക്തിപരമായി സന്തോഷമെന്നായിരുന്നു വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ പ്രതികരിച്ചത്. ദിലീപ് കുറ്റക്കാരൻ അല്ല എന്ന് തന്നെയാണ് അന്നും ഇന്നും വിശ്വാസം. അതിനർത്ഥം ഇരയ്‌ക്കൊപ്പം അല്ല എന്നല്ല. രണ്ട് പേരും സഹപ്രവർത്തകരാണ്. വിധി അമ്മയിൽ ചർച്ച ചെയ്തിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ പ്രതികരിച്ചിരുന്നു.
Content Highlights: Verdict in actress attack case: Kukku Parameswaran says we accepts whatever the court says