

ധ്യാൻ ശ്രീനിവാസനെ നായകനാക്കി എ ജെ വർഗീസ് ഒരുക്കിയ കോമഡി ചിത്രമാണ് അടി കപ്യാരെ കൂട്ടമണി. വമ്പൻ താരനിരയിൽ എത്തിയ സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ഏറ്റുവാങ്ങിയത്. സിനിമയുടെ വിജയത്തിന് പിന്നാലെ ഒരു രണ്ടാം ഭാഗത്തിനുള്ള ചർച്ചകളും ഉയർന്ന് കേട്ടിരുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ച് മനസുതുറക്കുകയാണ് സംവിധായകൻ എ ജെ വർഗീസ്. രണ്ടാം ഭാഗത്തിനുള്ള ഒരു ലീഡ് കിട്ടിയിട്ടുണ്ടെന്നും എല്ലാം ശരിയായി വരുകയാണെങ്കിൽ അത് സംഭവിക്കുമെന്നും അദ്ദേഹം ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'രണ്ടാം ഭാഗത്തിന്റെ ആലോചന ആദ്യമൊന്നും ഇല്ലായിരുന്നു. വെറുതെ ഒരു ടെയിൽ എൻഡ് വെച്ചെന്നെ ഉള്ളൂ. സീക്വലുകളോട് അത്ര താൽപര്യമില്ലാത്ത ആളാണ് ഞാൻ. രണ്ടാം ഭാഗം ചെയ്യുന്നെങ്കിൽ ആദ്യ ഭാഗത്തിന്റെ ഒപ്പമോ അതിന് മുകളിൽ നിൽക്കുന്ന രീതിയിലോ ആകണം. അതിന് പറ്റിയ ഒരു സബ്ജക്ട് ഇല്ലാത്തത്കൊണ്ട് രണ്ടാം ഭാഗത്തിനെക്കുറിച്ച് ഒരു പ്ലാൻ ഇല്ലായിരുന്നു. അടി കപ്യാരെ കൂട്ടമണി നിർത്തിയിടത്ത് വെച്ച് നമുക്ക് ഒരു രണ്ടാം ഭാഗം ചെയ്യാൻ കഴിയില്ല. വർഷം പത്ത് കഴിഞ്ഞു അവരുടെ പ്രായവും കാര്യങ്ങളും എല്ലാം മാറി. ഇപ്പോ വേറെ ഒരു ലീഡ് കിട്ടിയിട്ടുണ്ട്. അത് വെച്ചിട്ട് പ്രൊഡക്ഷൻ കാര്യങ്ങൾ എല്ലാം ശരിയാകുകയാണെങ്കിൽ രണ്ടാം ഭാഗം ഉണ്ടാകും. നിലവിൽ എന്റെ ഭാഗത്ത് നിന്ന് രണ്ടാം ഭാഗത്തിന്റെ ആലോചനകൾ ഇല്ല', വർഗീസിന്റെ വാക്കുകൾ.
2015ലാണ് അടി കപ്യാരെ കൂട്ടമണി റിലീസാകുന്നത്. ബംബർ ഹിറ്റായ ചിത്രം 25 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടിയെന്നാണ് ഔദ്യോഗികമായ റിപ്പോർട്ട്. 1.80 കോടി രൂപയ്ക്കായിരുന്നു ഫ്രൈഡെ ഫിലിംസ് സിനിമ നിർമിക്കുന്നത്. ചിത്രം വൻ വിജയമായതോടെ സിനിമയുടെ രണ്ടാം ഭാഗവും ഉടൻ തന്നെ ഫ്രൈഡെ ഫിലിംസ് പ്രഖ്യാപിച്ചിരുന്നു. നമിത പ്രമോദ്, മുകേഷ്, നീരജ് മാധവ്, വിനീത് മോഹൻ, ബിജു കുട്ടൻ, അജു വർഗീസ് തുടങ്ങിയവർ സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. എ ജെ വർഗീസും അഭിലാഷ് എസ് നായരും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
Content Highlights: AJ varghese about Adi kapyare koottamani 2