'സഞ്ജുവിനെയോ അഭിഷേകിനെയോ അനുകരിക്കുകയല്ല ഗില്‍ ചെയ്യേണ്ടത്'; നിര്‍ദേശവുമായി മുന്‍ താരം

ഗിൽ ടി20 ടീമിലേക്ക് തിരിച്ചുവന്നതോടെ സഞ്ജു സാംസണ് ഇലവനിൽ സ്ഥാനം നഷ്ടമായിരുന്നു

'സഞ്ജുവിനെയോ അഭിഷേകിനെയോ അനുകരിക്കുകയല്ല ഗില്‍ ചെയ്യേണ്ടത്'; നിര്‍ദേശവുമായി മുന്‍ താരം
dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടി20യിൽ ഓപ്പണറായി ഇറങ്ങി വീണ്ടും പരാജയപ്പെട്ട ശുഭ്മൻ ​ഗില്ലിന് ഉപദേശവുമായി ഇന്ത്യയുടെ മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഓപ്പണിങ് റോളിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ‌ സഞ്ജു സാംസണെ പോലെയോ അഭിഷേക് ശർമയെ പോലെയോ കളിക്കരുതെന്നാണ് ​ഗില്ലിനോട് ഇർഫാൻ പത്താൻ പറഞ്ഞത്. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ ഗില്‍ ശ്രമിക്കണമെന്നും മറ്റുള്ളവരെ അനുകരിക്കരുതെന്നും പത്താന്‍ പറഞ്ഞു.

'ശുഭ്മന്‍ ഗില്ലിന്റെ റോള്‍ എന്താണെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. അഭിഷേക് ശര്‍മ കളിക്കുന്ന ശൈലിയില്‍ കളിക്കാനാണ് ഗില്‍ ശ്രമിക്കുന്നത്. നേരിട്ട ആദ്യ ബോളില്‍ തന്നെ ഫോറടിച്ചു, പിന്നാലെ സ്റ്റെപ്പ് ഔട്ട് ചെയ്തു കളിക്കാന്‍ ശ്രമിച്ചു. ഒരു പേസറെ സ്റ്റെപ്പ് ഔട്ട് കളിക്കാന്‍ ശ്രമിച്ച് ഗില്‍ ഇതുവരെ ടി20 ഫോര്‍മാറ്റില്‍ പുറത്തായിട്ടില്ല. ഇത് ആദ്യത്തെ തവണയാണ് സംഭവിക്കുന്നത്. ​ഗില്ലിന്റെ മനോഭാവമാണ് ഇത് സൂചിപ്പിക്കുന്നത്. സഞ്ജു സാംസണോ അഭിഷേക് ശര്‍മയോ കളിക്കുന്ന പോലെ കളിക്കുകയല്ല ഗില്‍ ചെയ്യേണ്ടത്. നമുക്കെല്ലാം അറിയുന്ന ശുഭ്മൻ ​ഗില്ലായി കളിക്കാനാണ് അദ്ദേഹം ശ്രമിക്കേണ്ടത്', യൂട്യൂബ് വീഡിയോയിൽ‌ പത്താൻ പറഞ്ഞു.

'വ്യത്യസ്തമായി കളിക്കേണ്ട ആവശ്യം ​ഗില്ലിനില്ല. ഇന്ത്യയുടെ നായകനും ടീമില്‍ സ്ഥാനം ഉറപ്പിച്ച താരവുമാണ് ഗില്‍. സഞ്ജു സാംസണെ പോലെ തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയാണ് ഗില്‍ ചെയ്യുന്നത്. സഞ്ജു ഇപ്പോൾ തന്നെ ബെഞ്ചിലാണ്. അതുകൊണ്ട് സ്വന്തം ശൈലിയില്‍ കളിച്ച് റണ്‍സ് നേടാനാണ് ഗില്‍ ശ്രമിക്കേണ്ടത്', പത്താന്‍ പറഞ്ഞു.

പരിക്കിൽ നിന്ന് മോചിതനായി ​ഗിൽ ടി20 ടീമിലേക്ക് തിരിച്ചുവന്നതോടെ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ് ഇലവനിൽ സ്ഥാനം നഷ്ടമായിരുന്നു. പിന്നാലെയാണ് ​ഗില്ലിന്റെ ഫ്ളോപ്പ് ഷോ. കട്ടക്കിൽ‌ നടന്ന പോരാട്ടത്തില്‍ അഭിഷേക് ശർമയ്ക്കൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യാനിറങ്ങിയ ​ഗിൽ രണ്ട് പന്തില്‍ നാല് റണ്‍സ് മാത്രമെടുത്താണ് മടങ്ങിയത്.

Content Highlights: 'Shubman Gill Doesn't have to follow Abhishek Sharma or Sanju Samson', Irfan Pathan after Cuttack T20 batting failure

dot image
To advertise here,contact us
dot image