

നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ്ണ സൂര്യഗ്രഹണമെന്ന അപൂർവ്വ ആകാശ കാഴ്ചയ്ക്കായി തയ്യാറെടുക്കാം. 2027 ഓഗസ്റ്റ് രണ്ടിന് സൗദി അറേബ്യ, വടക്കൻ ആഫ്രിക്ക, തെക്കൻ സ്പെയിൻ എന്നിവടങ്ങളിലാവും ഈ അപൂർവ്വ സൂര്യഗ്രഹണം ദൃശ്യമാകുക. ഏകദേശം ആറ് മിനിറ്റിലധികം പകൽ വെളിച്ചം മറഞ്ഞ് ഇരുട്ടിലേക്ക് മാറുന്നതാണ് ഈ സൂര്യഗ്രഹണത്തിന്റെ പ്രത്യേകത.
നൂറ്റാണ്ടിലൊരിക്കൽ മാത്രം സംഭവിക്കുന്ന ഈ അപൂർവ്വ നിമിഷത്തിൽ ചന്ദ്രൻ സൂര്യനെ പൂർണ്ണമായി മറയ്ക്കും. അപ്പോൾ ചന്ദ്രന്റെ വെളിച്ചം മാത്രമാകും ആകാശത്ത് ദൃശ്യമാകുക. മൂന്ന് ഭൂഖണ്ഡങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമാകുമെന്ന് അമേരിക്കൻ സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക ഗവേഷണ ഏജൻസിയായ നാസ സ്ഥിരീകരിക്കുന്നു.
അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലാണ് സൂര്യഗ്രഹണം ആരംഭിക്കുന്നത്. അവിടുന്ന് തെക്കൻ സ്പെയിനിലും ബ്രിട്ടന്റെ ഭൂപ്രദേശമായ ജിബ്രാൾട്ടറിലുമെത്തും. അവിടെ നിന്ന് മൊറോക്കോ, അൽജീരിയ, ടുണീഷ്യ, ലിബിയ, ഈജിപ്ത് എന്നീ വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലൂടെ സൂര്യഗ്രഹണം കടന്നുപോകും. പിന്നാലെ സൗദി അറേബ്യയും യെമനും ഉൾപ്പെടുന്ന മിഡിൽ ഈസ്റ്റിൻ്റെ ഭാഗങ്ങളിലേക്ക് സൂര്യഗ്രഹണം പ്രവേശിക്കും. അതിന് ശേഷം ഈ ആകാശ വിസ്മയം നിഴൽ ആഫ്രിക്കയുടെ കിഴക്കൻ ഭാഗത്തേയ്ക്കും സൊമാലിയയുടെ തീരത്തേയ്ക്കുമെത്തും.
സൂര്യഗ്രഹണം ഏറ്റവും കൂടുതൽ സമയം നീണ്ടുനിൽക്കുക ഈജിപ്തിലെ നൈൽ നദീതീരത്തെ ലക്സോർ, അസ്വാൻ നഗരങ്ങൾക്കടുത്തായിരിക്കും. ഇവിടെ ആറ് മിനിറ്റും 23 സെക്കന്റുമാണ് സൂര്യഗ്രഹണം സംഭവിക്കുക. ഇതിനുശേഷം ആറ് മിനിറ്റ് നീണ്ടുനിൽക്കുന്ന സൂര്യഗ്രഹണങ്ങൾ 2045 ഓഗസ്റ്റ് 12-നും 2096 മെയ് 22-നും സംഭവിക്കുമെന്ന് പ്രവചിച്ചിട്ടുണ്ട്.
Content Highlights: Saudi Arabia to witness century's longest Solar Eclipse on 2027