സ്മിത്തും ഡി കോക്കും ഐപിഎല്‍ താരലേലത്തിന്; ചുരുക്കപ്പട്ടിക പുറത്ത്, സർപ്രൈസായി രണ്ട് മലയാളിതാരങ്ങള്‍

കേരളത്തിന്റെ സൂപ്പർ താരങ്ങളായ സച്ചിൻ‌ ബേബിയും എം ഡി നിധീഷും ലേലത്തിനില്ല

സ്മിത്തും ഡി കോക്കും ഐപിഎല്‍ താരലേലത്തിന്; ചുരുക്കപ്പട്ടിക പുറത്ത്, സർപ്രൈസായി രണ്ട് മലയാളിതാരങ്ങള്‍
dot image

2026 ഇന്ത്യൻ പ്രീമിയർ ലീ​ഗ് ലേലത്തിനുള്ള താരങ്ങളുടെ അന്തിമപ്പട്ടിക പുറത്ത്. ഡിസംബർ 16 ന് അബുദാബിയിൽ നടക്കുന്ന താരലേലത്തിൽ 350 താരങ്ങളാണ് പങ്കെടുക്കുക. 1,390 താരങ്ങളാണ് ലേലത്തിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ നിന്നാണ് 350 പേരെ ഷോർട്ട്‌ലിസ്റ്റ് ചെയ്തത്.

അന്തിമ പട്ടികയിൽ‌ 240 ഇന്ത്യന്‍ താരങ്ങളും 110 വിദേശ താരങ്ങളും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ താരങ്ങളില്‍ 224 പേരാണ് ‘അണ്‍ക്യാപ്ഡ്’ വിഭാഗത്തിലുള്ളത്. 14 വിദേശ താരങ്ങൾ അണ്‍ക്യാപ്ഡ് വിഭാഗത്തിലാണ്. ആകെ 77 സ്ലോട്ടുകളാണ് ലഭ്യമായിട്ടുള്ളത്. ഇതില്‍ 31 എണ്ണം വിദേശ താരങ്ങള്‍ക്കായുള്ളതാണ്.

രണ്ട് കോടി രൂപയാണ് താരങ്ങളുടെ ഉയര്‍ന്ന അടിസ്ഥാനത്തുക. രണ്ട് കോടി രൂപയില്‍ 40 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്തിമപട്ടികയിൽ‌ നേരത്തെ രജിസ്റ്റര്‍ ചെയ്യാത്ത 35 താരങ്ങളെ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ രണ്ടു പേര്‍ മലയാളികളാണ്. ശ്രീഹരി നായര്‍, ജിക്കു ബ്രൈറ്റ് എന്നിവരാണ് ആ താരങ്ങള്‍. കേരളത്തിന്റെ സൂപ്പർ താരങ്ങളായ സച്ചിൻ‌ ബേബിയും എം ഡി നിധീഷും ലേലത്തിനില്ല.

പുതിയതായി ഉള്‍പ്പെടുത്തിയവരില്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റോണ്‍ ഡി കോക്കും ഉള്‍പ്പെടുന്നു. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച ഡി കോക്ക് അടുത്തിടെയാണ് രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ഒരു ഫ്രാഞ്ചെസിയുടെ ആവശ്യപ്രകാരമാണ് ഡി കോക്കിനെ ഉള്‍പ്പെടുത്തിയതെന്നാണ് സൂചന. ഒരു കോടി രൂപയാണ് ഡി കോക്കിന്റെ അടിസ്ഥാനത്തുക.

കാമറൂണ്‍ ഗ്രീന്‍, മാത്യു ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത് എന്നിവര്‍ ലേല പട്ടികയിലുണ്ട്. ഇംഗ്ലണ്ടിന്റെ ജാമി സ്മിത്ത്, ജോണി ബെയര്‍‌സ്റ്റോ, ന്യൂസിലാന്‍ഡ് താരങ്ങളായ രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ഡെവോണ്‍ കോണ്‍വേ, ശ്രീലങ്കന്‍ താരങ്ങളായി വനിന്ദു ഹസരംഗ, മതീഷ പതിരാന എന്നിവരും ലേലത്തിലുണ്ടാവും.

Content Highlights: IPL 2026 Player Auction List Announced; De Kock added in 350-player shortlist

dot image
To advertise here,contact us
dot image