

ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാര്‍സ് ടൂര്‍ണമെന്റിൽ ഫൈനൽ കാണാതെ ഇന്ത്യ എ ടീം പുറത്ത്. സെമിയിൽ ഇന്ത്യ എയെ പരാജയപ്പെടുത്തി ബംഗ്ലാദേശ് എ ഫൈനലിലേക്ക് ടിക്കറ്റെടുത്തു. സൂപ്പർ ഓവറിലാണ് ബംഗ്ലാദേശ് വിജയം പിടിച്ചെടുത്തത്. പാകിസ്താൻ എയും ശ്രീലങ്ക എയും തമ്മിൽ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലിൽ ബംഗ്ലാദേശിനെ നേരിടുക.
സെമിയിൽ നിശ്ചിത ഓവറിലെ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് കളി സൂപ്പർ ഓവറിലേക്ക് നീണ്ടത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് നേടിയത്. ഹബീബുര്‍ റഹ്മാന്‍ സോഹന്റെ (46 പന്തില്‍ 65) ഇന്നിംഗ്‌സാണ് ബംഗ്ലാദേശിന് മികച്ച സ്‌കോർ സമ്മാനിച്ചത്. എസ് എം മെഹറോബ് (18 പന്തില്‍ പുറത്താവാതെ 48) ഇന്നിംഗ്‌സാണ് മത്സരത്തില്‍ നിര്‍ണായകമായത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയും ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇത്രയും റണ്‍സ് നേടി. അവസാന പന്തിൽ വിജയിക്കാന്‍ നാല് റൺസ് വേണ്ടിയിരുന്ന ഇന്ത്യ എ മൂന്ന് റൺസ് ഓടിയെടുത്താണ് മത്സരം ടൈ ആക്കിയത്. 44 റണ്‍സ് നേടിയ പ്രിയാന്‍ഷ് ആര്യയാണ് ടോപ് സ്‌കോറര്‍.
എന്നാൽ സൂപ്പർ ഓവറിൽ ഇന്ത്യ എ നിരാശപ്പെടുത്തുകയാണ് ചെയ്തത്. ഓവറിലെ ആദ്യ രണ്ട് പന്തിലും വിക്കറ്റ് നഷ്ടപ്പെട്ടതോടെ ഇന്ത്യയുടെ ഇന്നിങ്സ് പൂജ്യത്തിന് അവസാനിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനും അദ്യ പന്തിൽ വിക്കറ്റ് നഷ്ടപ്പെട്ടു. എന്നാൽ രണ്ടാം പന്ത് വൈഡായതോടെ ബംഗ്ലാദേശ് വിജയം സ്വന്തമാക്കി.
Content Highlights: ACC Men's Asia Cup Rising Stars Semi Final: Bangladesh enter final; beat India in Super Over