

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ സംഭവമായിരുന്നു ഹർഭജൻ സിങ്ങും മലയാളി താരമായ എസ് ശ്രീശാന്തും തമ്മിലുണ്ടായ പോര്. ഹർഭജൻ ശ്രീശാന്തിന്റെ മുഖത്തടിച്ചുവെന്ന വാദമുണ്ടായിരുന്നുവെങ്കിലും തെളിയിക്കാനായിരുന്നില്ല. എന്നാൽ മുൻ താരം മൈക്കൽ ക്ലാർക്കിനു നൽകിയ അഭിമുഖത്തിൽ ലളിത് മോദി വർഷങ്ങളായി സൂക്ഷിച്ചുവച്ചിരുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ഹർഭജൻ സിങ്ങും ശ്രീശാന്തും തമ്മിലുള്ള പ്രശ്നത്തിന്റെ ദൃശ്യങ്ങൾ 'ഇതുവരെ ആരും കാണാത്തത്' എന്ന് അവകാശപ്പെട്ടാണ് ലളിത് മോദി പരസ്യമാക്കിയത്. ഇതിനെതിരെ ഹർഭജൻ സിങ്ങും ശ്രീശാന്തിന്റെ ഭാര്യയുമെല്ലാം തന്നെ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ഈ സംഭവത്തെ കുറിച്ച് വീണ്ടും മനസ് തുറന്ന് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീശാന്ത്. ലളിത് മോദിക്ക് ഈ വീഡിയോ ഇപ്പോള്‍ പുറത്തുവിടേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോയെന്നാണ് ശ്രീശാന്ത് ചോദിക്കുന്നത്. രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മലയാളി താരം മനസ് തുറന്നത്.
വലിയ അഗ്രഷന്‍ കാണിക്കുന്ന താരമായിരുന്നിട്ട് കൂടി ഹര്‍ഭജനെ തിരിച്ച് തല്ലാമായിരുന്നില്ലേ എന്ന് മലയാളികളില്‍ പലരും ചോദിച്ചിട്ടുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. അന്ന് ഹര്‍ഭജനെ തിരിച്ചുതല്ലിയിരുന്നെങ്കില്‍ ജീവിതകാലം മുഴുവന്‍ വിലക്ക് ലഭിക്കുമായിരുന്നെന്നും ഇപ്പോഴുള്ള സഞ്ജു സാംസണ്‍ അടക്കമുള്ള മലയാളി താരങ്ങളെ മാറ്റിനിര്‍ത്തുമായിരുന്നെന്നും ശ്രീശാന്ത് തുറന്നുപറഞ്ഞു.
'നീ ഇത്ര വലിയ അഗ്രഷനൊക്കെ കാണിച്ചിട്ട് അന്ന് എന്തുകൊണ്ട് തിരിച്ചുതല്ലിയിട്ടില്ലെന്ന് കുറേ മലയാളികള്‍ എന്നോടു ചോദിച്ചിട്ടുണ്ട്. അന്ന് ഞാന്‍ ഇടിച്ചിരുന്നെങ്കില്‍ ഞാന്‍ ലൈഫ് ബാന്‍ ആവുമായിരുന്നു. അന്നൊന്നും ഇന്ത്യന്‍ ക്രിക്കറ്റില്‍ കേരളത്തിന് അത്ര പവറില്ല. ഞാന്‍ മാത്രമാണ് അന്ന് കളിച്ചുകൊണ്ടിരുന്നത്', ശ്രീശാന്ത് പറഞ്ഞു.
'സഞ്ജുവിനോടും സച്ചിന്‍ ബേബിയോടും എംഡി നിധീഷിനോടുമാണ്, ഒന്നും തോന്നരുത്. ഞാന്‍ അന്ന് തിരിച്ചുതല്ലാത്തതുകൊണ്ട് മലയാളി താരങ്ങള്‍ പിന്നീട് കളിച്ചു. അഹങ്കാരം കൊണ്ട് പറയുകയാണെന്ന് കരുതരുത്, അതിന് ഞാന്‍ തന്നെയാണ് കാരണം. അത് അവരും പലപ്പോഴായി പറഞ്ഞിട്ടുമുണ്ട്. അന്ന് ഞാന്‍ അവിടെ തിരിച്ച് ഇടിച്ചിരുന്നെങ്കില്‍ മലയാളിയാണെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തിയേനെ. അന്ന് ഞാന്‍ അത് ചെയ്തില്ല', ശ്രീശാന്ത് കൂട്ടിച്ചേർത്തു.
Content Highlights: S Sreesanth about Harbhajan Singh slap incident