ഏഷ്യാ കപ്പ് ട്രോഫി വിവാദം; നിർണായക തീരുമാനമെടുത്ത് ഐസിസി യോ​ഗം

വനിതാ ഏകദിന ലോകകപ്പിൽ ടീമുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതായിരുന്നു യോഗത്തിലെ മറ്റൊരു ചർച്ച

ഏഷ്യാ കപ്പ് ട്രോഫി വിവാദം; നിർണായക തീരുമാനമെടുത്ത് ഐസിസി യോ​ഗം
dot image

അന്തരാഷ്ട്ര ക്രിക്കറ്റ് കൗൺസിന്റെ ഇന്ന് നടന്ന യോ​ഗത്തിൽ ചർച്ചയായി ഏഷ്യാ കപ്പ് ട്രോഫി വിവാദം. ദുബായിൽ നടന്ന യോ​ഗത്തിൽ ഏഷ്യാ കപ്പ് വിജയികളായ ഇന്ത്യൻ ടീമിന് ട്രോഫി കൈമാറാത്ത പാകിസ്താൻ ക്രിക്കറ്റ് ബോർഡ്, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ എന്നിവയുടെ ചെയർമാനായ മൊഹ്സിൻ നഖ്‍വിയുടെ നടപടിയെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ചോദ്യം ചെയ്തു. പിന്നാലെ ഐസിസിയുടെ നിർണായക തീരുമാനവുമുണ്ടായി.

ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് ലോകത്തെ പ്രധാന ശക്തികളാണെന്നും ഏഷ്യാ കപ്പ് ട്രോഫി വിവാദം സൗഹാർദപരമായി പരിഹരിക്കണമെന്നുമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ ഉൾപ്പെട്ട കൂടുതൽ രാജ്യങ്ങളും നിലപാടെടുത്തത്. പിന്നാലെ ഏഷ്യാ കപ്പ് തർക്കം പരിഹരിക്കുന്നതിനായി ഐസിസി ഒരു പ്രമേയം പാസാക്കി. അതിൽ ഇന്ത്യക്ക് എത്രയും വേ​ഗം ട്രോഫി ലഭിക്കുന്നതിനും വിവാദം പരിഹരിക്കുന്നതിനുമായി ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏഷ്യാ കപ്പ് ട്രോഫിയുമായി ബന്ധപ്പെട്ട തർക്കം ഐസിസി യോ​ഗത്തിന്റെ ഔദ്യോഗിക അജണ്ടയിൽ ഉണ്ടായിരുന്നില്ല. അതിനാൽ ഈ സംഭവത്തെക്കുറിച്ച് റിപ്പോർട്ടുകളൊന്നും രേഖപ്പെടുത്തിയില്ല.

സെപ്റ്റംബറിൽ നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് ശേഷം വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനായ മൊഹ്സിൻ നഖ്‍വിയിൽ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് നിലപാടെടുത്തിരുന്നു. പഹൽഗാം ഭീകരാക്രമണവും ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങളും ക്രിക്കറ്റിലേക്ക് അസ്ഥിരത പടർത്തിയതാണ് ഇന്ത്യൻ താരങ്ങൾ കടുത്ത തീരുമാനം എടുക്കാൻ കാരണമായത്. തുടർന്ന് ട്രോഫി ഇന്ത്യൻ ടീമിന് കൈമാറാതെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാൻ കൂടിയായ നഖ്‍വി സ്റ്റേഡിയം വിട്ടു. പിന്നാലെ ഇന്ത്യൻ താരങ്ങൾ ട്രോഫി ഇല്ലാതെ വിജയാഘോഷം നടത്തുകയും ചെയ്തു.

അതിനിടെ, ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ടീമുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ യോ​ഗത്തിൽ തീരുമാനമായി. 2029ലെ ലോകകപ്പ് മുതൽ എട്ടിൽ നിന്ന് 10 ടീമുകളാക്കി ടൂർണമെന്റിന്റെ പങ്കാളിത്തം വർദ്ധിപ്പിക്കാനാണ് ഐസിസി തീരുമാനം. ഇത്തവണത്തെ വനിതാ ലോകകപ്പ് സ്റ്റേഡിയത്തിൽ മാത്രം മൂന്ന് ലക്ഷത്തിലധികം പേർ കാണികളായെത്തി. വനിതാ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം കാഴ്ചക്കാർ സ്റ്റേഡിയത്തിലേക്കെത്തുന്നത്. ഈ സാഹചര്യത്തിലാണ് വനിതാ ഏകദിന ലോകകപ്പിന് ടീമുകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഐസിസി തീരുമാനിച്ചത്.

Content Highlights: ICC Takes 1st Major Step To Resolve BCCI vs Mohsin Naqvi Asia Cup Trophy Row

dot image
To advertise here,contact us
dot image