ബിഹാറില്‍ മഷി പുരട്ടിയ രണ്ട് കൈകളും ഉയര്‍ത്തിക്കാണിച്ച് എന്‍ഡിഎ നേതാവ്, വിവാദം, കള്ളവോട്ടെന്ന് ആരോപണം

ഇതോടെയാണ് ശാംഭവി എത്ര തവണ വോട്ടുചെയ്തു എന്ന ചോദ്യം ഉയര്‍ന്നത്

ബിഹാറില്‍ മഷി പുരട്ടിയ രണ്ട് കൈകളും ഉയര്‍ത്തിക്കാണിച്ച് എന്‍ഡിഎ നേതാവ്, വിവാദം, കള്ളവോട്ടെന്ന് ആരോപണം
dot image

പട്‌ന: വോട്ട് ചെയ്‌തെന്ന് കാണിക്കാന്‍ മഷി പുരട്ടിയ കൈകള്‍ ഉയര്‍ത്തിക്കാണിച്ച് കുടുങ്ങി എന്‍ഡിഎ നേതാവ്. ചിരാഗ് പാസ്വാന്റെ എല്‍ജെപി നേതാവും എംപിയുമായ ശാംഭവി ചൗധരിയാണ് മഷി പുരട്ടിയ കൈകള്‍ കാണിച്ച് വിവാദത്തിലായത്. ഇന്നലെ ബിഹാറില്‍ നടന്ന ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെയായിരുന്നു സംഭവം. പിതാവും ജെഡിയു നേതാവുമായ അശോക് ചൗധരിക്കും മാതാവിനുമൊപ്പം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ശാംഭവി വോട്ട് ചെയ്ത കൈ ഉയര്‍ത്തിക്കാണിച്ചത്.

ക്യാമറകള്‍ക്കു മുന്നില്‍ ശാംഭവി ആദ്യം ഉയര്‍ത്തിയത് വലതുകൈ ആയിരുന്നു. വലതുകയ്യിലെ ചൂണ്ടുവിരലില്‍ നീല മഷി പുരട്ടിയിരുന്നു. എന്നാല്‍ അടുത്തുനില്‍ക്കുന്ന പിതാവിന്റെയും മാതാവിന്റെയും കൈകളിലേക്ക് നോക്കിയ ശാംഭവി ഉടന്‍ തന്നെ വലതുകൈ താഴ്ത്തി ഇടതുകൈ ഉയര്‍ത്തിക്കാണിക്കുകയായിരുന്നു. ഇടതുകൈയിലും ചൂണ്ടുവിരലില്‍ നീല മഷി പുരട്ടിയിരുന്നു.

10 സെക്കന്റ് നീണ്ടുനില്‍ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതോടെയാണ് ശാംഭവി എത്ര തവണ വോട്ടുചെയ്തു എന്ന ചോദ്യം ഉയര്‍ന്നത്. നിരവധിപേര്‍ ഈ വീഡിയോയ്ക്ക് താഴെ തെരഞ്ഞെടുപ്പ് കമ്മീഷനെ ടാഗ് ചെയ്ത് വിശദീകരണം ആവശ്യപ്പെടുന്നുണ്ട്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോ പാര്‍ട്ടിയോ എന്‍ഡിഎ സഖ്യമോ പ്രതികരിച്ചിട്ടില്ല.

ഇന്നലെയാണ് ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പ് നടന്നത്. ഒന്നാംഘട്ട വോട്ടെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗാണ് രേഖപ്പെടുത്തിയത്.  64.46 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിംഗാണ് രേഖപ്പെടുത്തിയത്. 2020-ല്‍ 57.29 ശതമാനമായിരുന്നു പോളിംഗ്.  2000-ല്‍ 62.57 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയിരുന്നത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ അതായിരുന്നു ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം. നവംബർ പതിനൊന്നിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക. പതിനാലിനാണ് വോട്ടെണ്ണൽ. 

Content Highlights: 'Vote theft with both hands': NDA leader raises both inked hands, sparks controversy

dot image
To advertise here,contact us
dot image