

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയൻ വനിതകൾക്ക് മികച്ച സ്കോർ. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ വനിതകൾ 49.5 ഓവറിൽ 338 റൺസിൽ എല്ലാവരും പുറത്തായി. ഒരു ഘട്ടത്തിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെന്ന ശക്തമായ നിലയിലായിരുന്നു ഓസ്ട്രേലിയൻ വനിതകൾ. എങ്കിലും 118 റൺസിനിടെ ഓസ്ട്രേലിയയുടെ അവസാന എട്ട് വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യൻ വനിതകൾക്ക് കഴിഞ്ഞു.
ഫീബി ലിച്ച്‌ഫീൽഡിന്റെ സെഞ്ച്വറിയുടെയും എല്ലിസ് പെറിയുടെയും ആഷ്ലി ഗാർഡനറുടെയും അർദ്ധ സെഞ്ച്വറിയുടെയും മികവിലാണ് ഓസ്ട്രേലിയ മികച്ച സ്കോറിലേക്കെത്തിയത്. 93 പന്തുകൾ നേരിട്ട് 17 ഫോറുകളുടെയും മൂന്ന് സിക്സറുകളുടെയും അകമ്പടിയോടെ 119 റൺസാണ് ലിച്ച്ഫീൽഡ് നേടിയത്. 22കാരിയായ ലിച്ച്ഫീൽഡിന്റെ മൂന്നാം ഏകദിന സെഞ്ച്വറിയാണിത്.
വനിതാ ഏകദിന ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേട്ടമാണ് ലിച്ച്ഫീൽഡ് സ്വന്തമാക്കിയത്. 77 പന്തുകളിൽ താരം സെഞ്ച്വറി നേട്ടം പൂർത്തിയാക്കി. 88 പന്തിൽ ആറ് ഫോറും രണ്ട് സിക്സറും സഹിതമാണ് എല്ലീസ് പെറി 77 റൺസെടുത്തത്. ലിച്ച്ഫീൽഡും പെറിയും ചേർന്ന രണ്ടാം വിക്കറ്റിൽ 155 റൺസ് കൂട്ടിച്ചേർത്തു.
45 പന്തിൽ നാല് ഫോറും നാല് സിക്സറും സഹിതം 63 റൺസെടുത്ത ആഷ്ലി ഗാർഡനറുടെ വെടിക്കെട്ടും ഓസീസ് സ്കോറിങ്ങിൽ നിർണായകമായി. എന്നാൽ മറുവശത്ത് വിക്കറ്റുകൾ വീണത് ഓസീസിന് തിരിച്ചടിയായി. ഇന്ത്യൻ വനിതകളിൽ ശ്രീ ചരണിയും ദീപ്തി ശർമയും രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിൽ റൺസൊഴുകുന്ന പിച്ചിൽ ഓസ്ട്രേലിയയുടെ വമ്പൻ സ്കോർ പിന്തുടരാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Content Highlights: Australia 338 in 49.5 overs against India in CWC Semis