പ്രമേഹരോഗികള്‍ക്കും ചോറ് കഴിക്കാം! അതിനൊരു മാര്‍ഗ്ഗമുണ്ട്

ചോറിൻ്റെ ഉപയോഗം ഇങ്ങനെ വേണം, പ്രമേഹരോഗികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പ്രമേഹരോഗികള്‍ക്കും ചോറ് കഴിക്കാം! അതിനൊരു മാര്‍ഗ്ഗമുണ്ട്
dot image

മലയാളികള്‍ക്ക് ചോറ് കഴിക്കണമെന്ന് നിര്‍ബന്ധമാണ്. എന്ത് അസുഖമുണ്ടെങ്കിലും ഒരു നേരമെങ്കിലും ചോറ് കഴിച്ചില്ലെങ്കിൽ എന്തോ ഒരു കുറവ് പോലെയാണ് മലയാളികൾക്ക്. എന്നാല്‍ പ്രമേഹ രോഗികള്‍ ചോറ് കഴിക്കുന്നത് പരമാവധി ഒഴിവാക്കണം എന്നാണ് പൊതുവേ പറയാറുള്ളത്. ചോറ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുമെന്ന് എല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍ ചോറ് കഴിക്കാന്‍ ഇഷ്ടമുളള പ്രമേഹ രോഗികള്‍ക്ക് ആശ്വാസവുമായി എത്തിയിരിക്കുകയാണ് പുതിയൊരു പഠനം. ന്യൂട്രീഷന്‍ ആന്‍ഡ് ഡയബറ്റിസില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് അരി പ്രത്യേക രീതിയില്‍ വേവിച്ച് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും എന്നാണ്. .

ഈ പഠനത്തില്‍ പറയുന്നത് വേവിച്ച ചോറ് 24 മണിക്കൂര്‍ തണുപ്പിച്ച ശേഷം വീണ്ടും ചൂടാക്കുന്നത് പുതിയതായി വേവിച്ച ചോറിനേക്കാള്‍ ടൈപ്പ് 1 പ്രമേഹമുളളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാന്‍ കാരണമാകുമെന്നാണ്. 32 പേരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്.

ഓരോരുത്തരും വ്യത്യസ്ത ദിവസങ്ങളില്‍ സമാനമായ രണ്ട് തരം ചോറ് കഴിച്ചു (ഒന്ന് പുതിയതായി വേവിച്ച ചോറും മറ്റൊന്ന് തണുപ്പിച്ചതും വീണ്ടും ചൂടാക്കിയതും). പരീക്ഷണത്തിന് വിധേയരായവരില്‍ തണുപ്പിച്ച് വീണ്ടും ചൂടാക്കിയ ചോറ് കഴിച്ചവരില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് താഴ്ന്നിരുന്നു. ഇത് സൂചിപ്പിക്കുന്നത് ചോറ് തണുപ്പിക്കുന്നത് അന്നജത്തിന്റെ ഘടനയില്‍ മാറ്റം വരുത്തുകയും അത് ദഹിക്കുന്നത് കുറയ്ക്കുകയും രക്തത്തില്‍ ഗ്ലൂക്കോസ് കലരുന്നത് പതുക്കെയാക്കുകയും ചെയ്യുന്നു എന്നാണ്. എന്നാല്‍ പരീക്ഷണം നടത്തിയവരില്‍ മൂന്ന് പേര്‍ക്ക് ഗ്ലൂക്കോസിന്റെ അളവ് വളരെ കുറയുകയും ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

Also Read:

വേവിച്ച ചോറ് തണുപ്പിക്കുമ്പോള്‍ അതിലെ അന്നജം തന്‍മാത്രകള്‍ പ്രത്യേകിച്ച് അമിലോസ്, ആമിലോപെക്റ്റിന്‍ എന്നിവ കൂടുതല്‍ ചുരുങ്ങിയ രൂപത്തിലേക്ക് പുനഃക്രമീകരിക്കപ്പെടും. ഈ തന്മാത്രകള്‍ പ്രതിരോധശേഷിയുള്ള അന്നജമായി മാറുന്നു. ഈ അന്നജം നാരുകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത് കാര്‍ബോഹൈഡ്രേറ്റുകള്‍ വിഘടിക്കുന്നത് പതുക്കെയാക്കുന്നു. എന്നാല്‍ ഹൈപ്പോഗ്ലെസീമിയയുടെ സാധ്യത വര്‍ധിപ്പിക്കുന്നതിനാല്‍ ടൈപ്പ് 1 പ്രമേഹമുളളവര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഈ രീതി പതിവായി ചെയ്താല്‍ ഇന്‍സുലിന്‍ ലെവലില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ പ്രമേഹരോഗികള്‍ ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ പാടുള്ളൂ.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കാന്‍ മാത്രമാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഒരു ഡോക്ടറുടെ സേവനം തേടേണ്ട് അത്യാവശ്യമാണ്)

Content Highlights : Eating rice cooked in a special way can help lower blood sugar levels.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image