

വനിത ഏകദിന ലോകകപ്പ് സെമിയിൽ ചരിത്ര നേട്ടവുമായി ഓസ്ട്രേലിയൻ താരം ഫീബി ലിച്ച്ഫീൽഡ്. വനിതാ ഏകദിന ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേട്ടമാണ് ലിച്ച്ഫീൽഡ് സ്വന്തമാക്കിയത്. 77 പന്തുകളിൽ താരം സെഞ്ച്വറി നേട്ടം പൂർത്തിയാക്കി.
ഇന്ത്യൻ വനിതകൾക്കെതിരായ സെമി ഫൈനൽ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയൻ വനിതകൾ മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്. ഫീബി ലിച്ച്‌ഫീൽഡിന്റെ സെഞ്ച്വറിയുടെയും അർധ സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുന്ന എല്ലിസ് പെറിയുടെയും ബാറ്റിങ് മികവിലാണ് ഓസ്ട്രേലിയൻ വനിതകൾ തകർപ്പൻ സ്കോറിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നത്. മത്സത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഓസീസ് വനിതകൾ 31 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തിട്ടുണ്ട്.
93 പന്തുകൾ നേരിട്ട് 17 ഫോറുകളുടെയും മൂന്ന് സിക്സറുകളുടെയും അകമ്പടിയോടെ 119 റൺസാണ് ലിച്ച്ഫീൽഡ് നേടിയത്. 22കാരിയായ ലിച്ച്ഫീൽഡിന്റെ മൂന്നാം ഏകദിന സെഞ്ച്വറിയാണിത്. മറുവശത്ത് 66 പന്തിൽ 50 റൺസുമായി എല്ലീസ് പെറി പുറത്താകാതെ നിൽക്കുകയാണ്. ലിച്ച്ഫീൽഡും പെറിയും ചേർന്ന രണ്ടാം വിക്കറ്റിൽ 155 റൺസ് കൂട്ടിച്ചേർത്തിരുന്നു.
Content Highlights: Phoebe Litchfield becomes the fastest player to reach a century in World Cup knockouts