

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ സന്നാഹ മത്സരം കളിക്കുകയാണ് ഇന്ത്യ എ ടീം. റിഷഭ് പന്താണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്. ആദ്യ സന്നാഹ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യുകയാണ്.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് റിഷഭ് പന്ത് ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. ഇപ്പോഴിതാ താരത്തിന്റെ ജഴ്സി നമ്പറിനെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ചർച്ച ചെയ്യുന്നത്. തന്റെ പതിവ് 17ാം നമ്പർ ജഴ്സി അണിഞ്ഞല്ല റിഷഭ് പന്ത് ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ഇറങ്ങിയിരിക്കുന്നത്. ഇതുവരെ 17-ാം നമ്പറിൽ കളിച്ചിരുന്ന പന്ത് സന്നാഹ മത്സരത്തിൽ റിഷഭിന്റെ പേരില്ലാത്ത 18ാം നമ്പർ ജഴ്സിയിലാണ് കളത്തിലെത്തിയത്.
ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ 18-ാം നമ്പർ ഇതിഹാസ താരമായ വിരാട് കോഹ്‌ലിയുടേതാണ്. കോഹ്‌ലി ടെസ്റ്റിൽ നിന്ന് ഇതിനോടകം വിരമിക്കൽ പ്രഖ്യാപിച്ചിട്ടുമുണ്ട്. കോഹ്‌ലി പടിയിറങ്ങിയതോടെ താരത്തിന്റെ ഇതിഹാസ നമ്പറും റിഷഭ് സ്വന്തമാക്കിയോയെന്നാണ് ആരാധകർ ചോദിക്കുന്നത്.
ഇത് വെറുമൊരു സന്നാഹ മത്സരം മാത്രമായതിനാൽ റിഷഭ് 18ാം നമ്പർ ജഴ്സി ധരിച്ച് ഇറങ്ങിയതാവാമെന്നാണ് ആരാധകരിൽ ചിലർ പറയുന്നത്. അതസേമയം കോഹ്‌ലിയുടെ ഇതിഹാസ ജഴ്സി നമ്പർ ഋഷഭിന് നൽകുന്നതിനെതിരേ ചില ആരാധകർ വിമർശനം ഉയർത്തുന്നുണ്ട്. പന്തിന്റെ ജഴ്സി നമ്പർ മാറ്റാൻ സാധ്യതയില്ലെന്നുമാണ് ആരാധകരിൽ ചിലർ പറയുന്നത്. കോഹ്‌ലി ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും വിരമിച്ചെങ്കിലും ഏകദിനത്തിൽ 18ാം നമ്പർ ജഴ്സി അണിഞ്ഞാണ് കളി തുടരുന്നത്. ഏകദിനത്തിലും കോഹ്‌ലി വിരമിക്കാത്ത സാഹചര്യത്തിൽ 18ാം നമ്പർ റിഷഭിന് നൽകാൻ സാധ്യതയില്ല.
Content Highlights: Rishabh Pant wears Virat Kohli's No. 18 iconic jersey number during India A vs South Africa A