സ്വർണ നാണയമോ അതോ ഡിജിറ്റൽ ഗോൾഡോ? സമ്പാദ്യമാണ് ഉദ്ദേശമെങ്കിൽ ഏതാണ് നല്ലത്?

'നമുക്ക് ഈ സ്വർണം വീട്ടിൽ സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല. സുരക്ഷിത നിക്ഷേപമായി ഇരിക്കുകയും ചെയ്യും'

സ്വർണ നാണയമോ അതോ ഡിജിറ്റൽ ഗോൾഡോ? സമ്പാദ്യമാണ് ഉദ്ദേശമെങ്കിൽ ഏതാണ് നല്ലത്?
dot image

ഒരിക്കലും നഷ്ടം വരാത്ത ഒരു നിക്ഷേപമായാണ് സ്വർണത്തെ പൊതുവെ ആളുകൾ കാണുന്നത്. പലരും സ്വർണാഭരണങ്ങൾ വാങ്ങിക്കുന്നത് ഭംഗിയ്ക്ക് വേണ്ടി മാത്രമല്ല, വരും കാലത്തേക്കുള്ള കരുതൽ കൂടിയായാണ്. എന്നാൽ സ്വർണത്തെ നിക്ഷേപമായി കാണുകയാണെങ്കിൽ ആഭരണമായി വാങ്ങുന്നതിനേക്കാൾ മെച്ചപ്പെട്ട പല ഓപ്ഷനുകളും ഉണ്ട്. ഗോൾഡ് കോയിൻ, ഗോൾഡ് ബാർ, ഡിജിറ്റൽ ഗോൾഡ് എന്നിങ്ങനെയുള്ള നിക്ഷേപ സാധ്യകളെ കുറിച്ച് അറിയാമെങ്കിലും പലരും ആ മാർഗങ്ങൾ തിരഞ്ഞെടുക്കാനും പ്രയോഗത്തിൽ വരുത്താനും ഇപ്പോഴും മടിക്കുകയാണ്.

സ്വർണ നിക്ഷേപത്തിൻ്റെ കാര്യത്തിൽ പുതിയ മാർഗങ്ങൾ തേടാൻ തയ്യാറാകണമെന്ന് പറയുകയാണ് പ്രൊഫ. സന്തോഷ് ടി വർഗീസ്. സ്വർണാഭരണങ്ങൾ വിൽക്കുകയോ പണയം വെക്കുകയോ ചെയ്യുന്ന സമയത്ത് പണിക്കൂലിയുടെ തുക നഷ്ടപ്പെടുകയാണ്. മാത്രമല്ല ആഭരണങ്ങൾ തയ്യാറാക്കുന്നത് 22 കാരറ്റ് സ്വർണത്തിലാണ്. ഇതിന് പകരമായി 24 കാരറ്റിന്റെ ഗോൾഡ് കോയിനോ ബാറുകളോ വാങ്ങിയാൽ പിന്നീട് ഇവ വിൽക്കുന്ന സമയത്ത് നഷ്ടമുണ്ടാവുകയില്ലെന്ന് പ്രൊഫ. സന്തോഷ് ടി വർഗീസ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ഇതിനേക്കാൾ മികച്ച മറ്റൊരു മാർഗമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് ഡിജിറ്റൽ ഗോൾഡ് അഥവാ ഗോൾഡ് എക്‌സ്‌ചേഞ്ച്ഡ് ട്രേഡഡ് ഫണ്ടുകളാണ്. 'പൂർണമായും ഗോൾഡിൽ അടിസ്ഥാനപ്പെടുത്തിയ മ്യൂച്ച്വൽ ഫണ്ടുകളാണ് ഇവ. ഇവയുടെ ഒരു യൂണിറ്റ് വാങ്ങുക എന്നാൽ ഒരു ഗ്രാം സ്വർണം വാങ്ങുന്നതിന് തുല്യമാണ്. നൂറ് പവൻ സ്വർണം കൊടുക്കണമെങ്കിൽ ആ തുകയ്ക്ക് തുല്യമായുള്ള മ്യൂച്ച്വൽ ഫണ്ട് യൂണിറ്റുകൾ നൽകാം.

Digital gold

ഡിജിറ്റൽ രൂപത്തിലുള്ള സ്വർണമെന്ന് തന്നെ ഇവയെ പറയാം. നമുക്ക് ഈ സ്വർണം വീട്ടിൽ സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല. സുരക്ഷിത നിക്ഷേപമായി ഇരിക്കുകയും ചെയ്യും. ആഭരണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഡിജിറ്റൽ ഗോൾഡ് ഒരു മികച്ച ഓപ്ഷനാണ്. ഇന്ത്യയിൽ ഇപ്പോൾ ഇത്തരത്തിലുള്ള പതിനാലോ പതിനഞ്ചോ മ്യൂച്ച്വൽ ഫണ്ടുകളുണ്ട്. അവർ മാനേജ് ചെയ്യുന്ന ഫണ്ട് ഒരു ലക്ഷം കോടി രൂപയാണ്,' പ്രൊഫ. സന്തോഷ് ടി വർഗീസ് പറയുന്നു.

സമ്പന്നരും മധ്യവർഗത്തിൽ പെട്ടവരുമാണ് ഇപ്പോൾ ഡിജിറ്റൽ ഗോൾഡിൽ കൂടുതലായി നിക്ഷേപം നടത്തുന്നത്. സാധാരണക്കാരും വൈകാതെ ഈ നിക്ഷേപങ്ങളിലേക്ക് കടന്നുചെല്ലുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രൊഫസർ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ ഡിജിറ്റൽ ഗോൾഡ് പ്ലാറ്റ്‌ഫോമുകൾ യൂണിറ്റുകൾ എപ്പോൾ വേണമെങ്കിലും വിൽക്കാനോ അല്ലെങ്കിൽ ഫിസിക്കൽ ഗോൾഡായി മാറ്റാനോ ഉള്ള ഓപ്ഷനുകളും നൽകുന്നതും ആളുകളെ ഡിജിറ്റൽ ഗോൾഡിലേക്ക് ആകർഷിക്കുന്നുണ്ട്.

Content Highligts: How digital gold is becoming a better option as savings compared to gold ornaments

dot image
To advertise here,contact us
dot image