

മധ്യപ്രദേശ്: രോഗിയുമായി പോയ ആംബുലന്‍സ് വഴിയരികില്‍ പുള്ളിപ്പുലിയെ കണ്ട് നിര്‍ത്തിയതിനെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ ആയിരുന്ന രോഗി മരിച്ചു. യാത്ര പുനഃരാരംഭിക്കാന്‍ ആംബുലന്‍സ് ഡ്രൈവറും മെഡിക്കല്‍ അറ്റന്‍ഡന്റും അധിക പണം ആവശ്യപ്പെട്ടതായും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ ആബുലന്‍സ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ബാലഘട്ട് ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 95 കിലോമീറ്റര്‍ അകലെ ബിര്‍സ ബ്ലോക്കിലെ ജട്ട ഗ്രാമത്തില്‍ തമസിക്കുന്ന ഗയത്രി ഉയികെ(20)യാണ് മലേറിയ ബാധിച്ച അത്യാസന്ന നിലയില്‍ ആബുലന്‍സില്‍ ബിര്‍സ സിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ യുവതിയുടെ നില മോശമായതിനാല്‍ ഡോക്ടര്‍മാര്‍ ഇവരെ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് രാത്രി പത്ത് മണിയോടെ സിഎച്ച്‌സിയില്‍ നിന്ന് യാത്ര ആരംഭിച്ചെങ്കിലും പുലര്‍ച്ചെ 12.15-ഓടെയാണ് ജില്ലാ ആശുപത്രിയില്‍ യുവതിയെ എത്തിച്ചത്. പെതുവേ ഒരു മണിക്കൂര്‍ കൊണ്ട് എത്തേണ്ട സ്ഥലത്ത് രണ്ട് മണിക്കൂര്‍ കൊണ്ടാണ് എത്തിയത്.
യാത്രയ്ക്കിടയില്‍ ആംബുലന്‍സ് വനപ്രദേശത്ത് നിര്‍ത്തിയിട്ടതാണ് ഇത്തരമൊരു അനിഷ്ട സംഭവം ഉണ്ടാവാന്‍ കാരണെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. വഴിയരികില്‍ പുള്ളിപ്പുലിയെ കണ്ടതിനാലാണ് യാത്ര തടസ്സപ്പെടാന്‍ കാരണമെന്നാണ് ആബുലന്‍സ് ജീവനക്കാര്‍ കുടുംബത്തിനോട് പറഞ്ഞത്. എന്നാല്‍ രോഗിയുടെ അവസ്ഥ ചൂണ്ടിക്കാട്ടി യാത്ര തുടരാന്‍ കുടുംബം ആവശ്യപ്പെട്ടു. പക്ഷേ ഡ്രൈവര്‍ മുന്നോട്ട് നീങ്ങാന്‍ അധിക തുക ചോദിച്ചു. കാശിന്റെ പേരിലുള്ള വിലപേശലിനൊടുവില്‍ 600 രൂപയ്ക്ക് യാത്ര തുടരാന്‍ ഡ്രൈവര്‍ സമ്മതിച്ചു. ഈ സമയം കൊണ്ട് യുവതിയുടെ നില കൂടുതല്‍ വഷളായി ആശുപത്രിയില്‍ എത്തിയ ഉടനെ മരണം സംഭവിക്കുകയായിരുന്നു.
വിഷയത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവറെയും മെഡിക്കല്‍ അറ്റന്‍ഡന്റിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആംബുലന്‍സ് സേവനം സൗജന്യമാണെങ്കിലും ജീവനക്കാര്‍ കുടുംബത്തോട് പണം ആവശ്യപ്പെട്ടതായി പ്രാഥമിക അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
Content Highlights: patient died after ambulance stopped when a leopard spotted at roadside