ലഞ്ചിന് മുമ്പ് ടീ ബ്രേക്ക്; ടെസ്റ്റ് ക്രിക്കറ്റിലെ പരമ്പരാ​ഗത സമയക്രമത്തിന് മാറ്റം, ചരിത്രം തിരുത്താൻ ഇന്ത്യ

ഇന്ത്യയിലെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ​ആദ്യമായി രാവിലെത്തെ സെഷന് പിന്നാലെ ചായ ഇടവേള എടുക്കാനൊരുങ്ങുന്നത്

ലഞ്ചിന് മുമ്പ് ടീ ബ്രേക്ക്; ടെസ്റ്റ് ക്രിക്കറ്റിലെ പരമ്പരാ​ഗത സമയക്രമത്തിന് മാറ്റം, ചരിത്രം തിരുത്താൻ ഇന്ത്യ
dot image

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ അടുത്ത മാസം നടക്കുന്ന രണ്ടാം ടെസ്റ്റിൽ ചില മാറ്റങ്ങൾക്ക് ബിസിസിഐ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ​ആദ്യമായി രാവിലത്തെ സെഷന് പിന്നാലെ ചായ ഇടവേള എടുക്കാനാണ് തീരുമാനം. രണ്ടാം സെഷന് പിന്നാലെ ഉച്ചഭക്ഷണത്തിനും പിരിയും. അസാമിൽ സൂര്യോദയവും അസ്തമയും നേരത്തെ ആയതിനാലാണ് മത്സരത്തിന്റെ സമയത്തിലും മാറ്റം വരുത്താൻ തീരുമാനിച്ചിരിക്കുന്നത്.

നവംബർ 22 മുതൽ 26 വരെ അസാമിന്റെ തലസ്ഥാനമായ ​ഗുവാഹത്തിയിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് നടക്കുക. ടെസ്റ്റ് ക്രിക്കറ്റ് ആരംഭിക്കുന്ന പതിവ് സമയത്തിനും അരമണിക്കൂർ നേരത്തെയാവും ​ഗുവാഹത്തിയിലെ മത്സരം ആരംഭിക്കുക. അതായത് രാവിലെ ഒമ്പത് മണി മുതൽ 11 മണി വരെ ആദ്യ സെഷൻ നടക്കും. പിന്നാലെ 20 മിനിറ്റ് ചായ ബ്രേക്ക് ആയിരിക്കും.

11.20നാണ് രണ്ടാം സെഷൻ ആരംഭിക്കുക. 1.20ന് രണ്ടാം സെഷൻ അവസാനിപ്പിച്ച് ഉച്ചഭക്ഷണത്തിന് പിരിയും. രണ്ട് മണിക്ക് മൂന്നാമത്തെ സെഷൻ ആരംഭിക്കും. നാല് മണിയോടെ ഒരു ദിവത്തെ മത്സരം അവസാനിക്കും. ഇതാദ്യമായാണ് ​ഗുവാഹത്തി ഒരു ടെസ്റ്റ് മത്സരത്തിന് വേദിയാകാനൊരുങ്ങുന്നത്. ഇതിന് മുമ്പ് നവംബർ 14 മുതൽ‌ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിന് കൊൽക്കത്ത ഈഡൻ ​ഗാർഡൻസ് വേദിയാകും.

പരമ്പരാ​ഗത ടെസ്റ്റ് മത്സരങ്ങളുടെ സമയക്രമത്തിൽ തന്നെ ഈഡനിലെ മത്സരം നടക്കും. സാധാരണയായി ഇന്ത്യയിൽ ടെസ്റ്റ് മത്സരങ്ങളുടെ ആദ്യ സെഷൻ രാവിലെ 9.30 മുതൽ 11.30 വരെയാണ് നടക്കുക. പിന്നാലെ ഉച്ചഭക്ഷണത്തിന് പിരിയും. 12.10 മുതൽ 2.10 വരെയാണ് രണ്ടാമത്തെ സെഷൻ. ഇതിന് പിന്നാലെ 20 മിനിറ്റ് ചായ ബ്രേക്കുണ്ട്. 2.30 മുതൽ 4.30 വരെ മൂന്നാമത്തെ സെഷനും നടക്കും. ഇതിനുള്ളിൽ ഒരു ദിവസത്തെ 90 ഓവറുകൾ പൂർത്തിയായില്ലെങ്കിൽ അരമണിക്കൂർ അധികം ലഭിക്കുകയും ചെയ്യും.

Content Highlights: Tea to be taken before lunch during historic Test match in Guwahati

dot image
To advertise here,contact us
dot image