

ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലെ മൂന്നാമത്തെ ഏകദിന മത്സരത്തിലും ഇന്ത്യക്ക് ടോസ് നഷ്ടപ്പെട്ടിരുന്നു. ഇതോടെ ഏകദിന ക്യാപ്റ്റനായുള്ള ആദ്യ മൂന്ന് മത്സരങ്ങളിലും ടോസ് നേടാൻ ശുഭ്മൻ ഗില്ലിന് സാധിച്ചിട്ടില്ല. ഗില്ലിന് ഹാട്രിക് ടോസ് നഷ്ടം എന്നത് മാത്രമല്ല വിഷയം. ഇന്ത്യയ്ക്ക് ഇത് തുടരെ 18ാം ഏകദിനത്തിൽ ആണ് ടോസ് നഷ്ടമാവുന്നത്.
ഇപ്പോഴിതാ ടോസ് നഷ്ടപ്പെടുന്നതിൽ രസകരമായി പ്രതികരിക്കുകയാണ് ക്യാപ്റ്റൻ ഗിൽ. തുടരെ ടോസ് നഷ്ടപ്പെടുന്നതിനെ കുറിച്ച് തന്റെ വീട്ടുകാരും ചോദിക്കാറുണ്ടെന്നാണ് ഗിൽ മത്സരശേഷം വാർത്താസമ്മേളനത്തിൽ പറഞ്ഞത്. 'ടോസ് ഇങ്ങനെ നഷ്ടപ്പെടുന്നതിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന് എന്റെ വീട്ടുകാർ പോലും ചോദിക്കാറുണ്ട്', ഗിൽ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ 18 ഏകദിന മത്സരങ്ങളിലായി ഇന്ത്യ ടോസ് ജയിച്ചിട്ടില്ല. 2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ ടോസ് നഷ്ടപ്പെട്ടതോടെയാണ് ഇന്ത്യയുടെ ടോസ് നിർഭാഗ്യം ആരംഭിച്ചത്. ലോകകപ്പ് ഫൈനലിന് ശേഷം രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ തുടർച്ചയായി 15 ടോസുകൾ തോറ്റു.
ഇപ്പോൾ സിഡ്‌നിയിൽ നടന്ന മൂന്നാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ടതോടെ, ശുഭ്മാൻ ഗില്ലിന്റെ ക്യാപ്റ്റൻസിയിലും തുടർച്ചയായി മൂന്ന് ടോസുകൾ ഇന്ത്യയ്ക്ക് നഷ്ടമായി. ഇതോടെ ടോസ് ജയിക്കാതെ ഇന്ത്യ കളിക്കുന്ന തുടർച്ചയായ 18-ാമത്തെ ഏകദിന മത്സരമായി ഇന്നത്തെ ഇന്ത്യ-ഓസ്ട്രേലിയ മത്സരം.
Content Highlights: Shubman Gill's Hilarious Remark As India Lose 18th ODI Toss In A Row