ഇത് എന്റെ കൂടി സര്‍ക്കാര്‍; പിഎം ശ്രീയില്‍ സിപിഐയുടെ തീരുമാനം നാളെ പറയും: ജി ആര്‍ അനില്‍

മന്ത്രിമാര്‍ മാറിനില്‍ക്കുമെന്ന് ഇടയ്ക്ക് തെറ്റിദ്ധാരണ വന്നെന്നും ജി ആര്‍ അനില്‍

ഇത് എന്റെ കൂടി സര്‍ക്കാര്‍; പിഎം ശ്രീയില്‍ സിപിഐയുടെ തീരുമാനം നാളെ പറയും: ജി ആര്‍ അനില്‍
dot image

തിരുവനന്തപുരം: പിഎം ശ്രീയിലെ വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി മന്ത്രി ജി ആര്‍ അനില്‍. ഇത് തന്റെയും കൂടി സര്‍ക്കാരാണെന്ന് മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പിഎം ശ്രീയില്‍ സിപിഐയുടെ തീരുമാനം നാളെയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിമാര്‍ മാറിനില്‍ക്കുമെന്ന് ഇടയ്ക്ക് തെറ്റിദ്ധാരണ വന്നെന്നും അദ്ദേഹം പറഞ്ഞു.

'നാളത്തെ പാര്‍ട്ടി യോഗത്തില്‍ തീരുമാനമെടുക്കും. ഓരോരുത്തര്‍ പ്രതികരിക്കുന്ന രീതിയില്ല. എല്ലാം പാര്‍ട്ടി സെക്രട്ടറി നാളെ പറയും. സിപിഐ പിന്നോട്ട് പോയെന്ന് എപ്പോഴെങ്കിലും തോന്നിയോ? ഇത് എന്റെയും കൂടി സര്‍ക്കാരാണ്', മന്ത്രി പറഞ്ഞു.

പിഎം ശ്രീയില്‍ ഇടഞ്ഞുനില്‍ക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഡല്‍ഹിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. ഇതിന് ശേഷം പിഎം ശ്രീ വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടില്ലെന്നായിരുന്നു എം എ ബേബി പ്രതികരിച്ചത്. സംസ്ഥാന തലത്തില്‍ ചര്‍ച്ച നടത്തി പരിഹാരം കാണട്ടെയെന്നും എം എ ബേബി പറഞ്ഞിരുന്നു. സിപിഐയുടെ ആവശ്യം സിപിഐഎം ദേശീയ നേതൃത്വം ഇടപെടണമെന്നായിരുന്നുവെന്നും സംസ്ഥാന നേതൃത്വം വിഷയത്തില്‍ പരിഹാരം കാണുമെന്നും എം എ ബേബി പറഞ്ഞിരുന്നു.

സര്‍ക്കാര്‍ മുന്നണി മര്യാദകള്‍ ലംഘിച്ചുവെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ഡി രാജ പ്രതികരിച്ചത്. നടപടി പാര്‍ട്ടി നയത്തിന് വിരുദ്ധമാണെന്നും ഡി രാജ പറഞ്ഞിരുന്നു. എന്‍ഇപി 2020നെ എതിര്‍ക്കുന്ന പാര്‍ട്ടികളാണ് സിപിഐയും സിപിഐഎമ്മും. വിദ്യാഭ്യാസ മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതും കേന്ദ്രീയവല്‍ക്കരിക്കുന്നതും എതിര്‍ക്കുന്നവരാണ് തങ്ങള്‍. എന്‍ഇപിയെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടി ധാരണപത്രം ഒപ്പിട്ടതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്നും ഡി രാജ ചോദിച്ചിരുന്നു.

Content Highlights: GR Anil about PM Shri project

dot image
To advertise here,contact us
dot image