

പ്രശസ്ത അമേരിക്കന്‍ റിയാലിറ്റി ഷോ താരം കിം കര്‍ദാഷിയാന് ബ്രയിന്‍ അന്യൂറിസം ബാധിച്ചിട്ടുണ്ടെന്ന വാര്‍ത്ത അടുത്തിടെയാണ് മാധ്യമങ്ങളില്‍ നിറഞ്ഞത്. ' ദി കര്‍ദാഷിയാന്‍സി' ന്റെ ഏഴാം സീസണിലെ ട്രെയിലറിലൂടെയാണ് അവര്‍ ഈ വാര്‍ത്ത പുറത്തുവിട്ടത്.തലച്ചോറില്‍ രക്തക്കുഴലുകളിലുണ്ടാകുന്ന വീക്കമാണ് ബ്രയിന്‍ അന്യൂറിസം. ബ്രെയിന്‍ അന്യൂറിസത്തെക്കുറിച്ചും അപകട സാധ്യതകളെക്കുറിച്ചും അറിയാം.
തലച്ചോറിനുള്ളിലോ അതിന് ചുറ്റുമുള്ള രക്തക്കുഴലുകളുടെ ദുര്‍ബല ഭാഗത്തോ വീര്‍ക്കുന്ന അവസ്ഥയാണ് ബ്രെയിന്‍ അന്യൂറിസം. തലച്ചോറില്‍ എവിടെ വേണമെങ്കിലും അന്യൂറിസം ഉണ്ടാകാമെങ്കിലും തലച്ചോറിന്റെ അടിഭാഗത്തുള്ള ധമനികളിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. സാധാരണഗതിയില്‍ മസ്തിഷ്‌ക അന്യൂറിസങ്ങള്‍ ചെറുതും വലിയ ലക്ഷണങ്ങള്‍ കാണിക്കാത്തതും അപകടകരമല്ലാത്തതുമാണ്. അതേസമയം വലിയ അന്യൂറിസം ആരോഗ്യകരമായ ധാരാളം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു.
തലവേദന, കണ്ണുകള്‍ക്ക് മുകളിലോ ചുറ്റുമോ ഉള്ള വേദന, കാഴ്ചയിലെ മാറ്റങ്ങള്‍,തലകറക്കം, ബാലന്‍സ് ഇല്ലാതായി പോകുക, മുഖത്തിന്റെ ഒരുവശത്ത് മരവിപ്പ്, ഓര്‍മ്മക്കുറവ് ഇവയൊക്കെ വലിയ അന്യൂറിസത്തിന്റെ ലക്ഷണങ്ങളാണ്.

തലച്ചോറിലെ അന്യൂറിസം രൂപപ്പെടുകയും വളരുകയും ചെയ്യുന്നത് രക്തക്കുഴലുകളിലൂടെ ഒഴുകുന്ന രക്തം രക്തക്കുഴലുകളുടെ ഭിത്തിയില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോഴാണ്. ഏത് പ്രായത്തിലും ബ്രെയിന്‍ അന്യൂറിസം ഉണ്ടാകാമെങ്കിലും 30-60 ഇടയില്‍ പ്രായമുള്ളവരിലാണ് ഇത് കൂടുതലായി കാണുന്നത്. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് കൂടുതലായി ഈ രോഗം ഉണ്ടാകുന്നത്. കിം കര്‍ദാഷിയ അവകാശപ്പെടുന്നത് തനിക്ക് രോഗം ഉണ്ടാകാന്‍ കാരണം അവരുടെ മുന്‍ ഭര്‍ത്താവ് റാപ്പര്‍ കാന്യേയുമായുള്ള ബന്ധം വേര്‍പെടുത്തിയതിന് ശേഷമുണ്ടായ സമ്മര്‍ദ്ദങ്ങളുടെ ഫലമായിട്ടാണെന്നാണ്. എന്നാല്‍ സമ്മര്‍ദ്ദം കൊണ്ട് മാത്രമല്ല അന്യൂറിസം ഉണ്ടാകുന്നത്. മറ്റ് പല കാരണങ്ങള്‍കൊണ്ടും ബ്രയിന്‍ അന്യൂറിസം ഉണ്ടാവാം. സിഗരറ്റ് വലി, അമിത രക്തസമ്മര്‍ദ്ദം, മയക്കുമരുന്നിന്റെ ഉപയോഗം , അമിത മദ്യപാനം, പാരമ്പര്യ ഘടകങ്ങള്‍, പോളിസിസ്റ്റിക് വൃക്കരോഗം ഇവയൊക്കെ അന്യൂറിസം ഉണ്ടാകാനുള്ള കാരണങ്ങളാണ്.

തലച്ചോറില്‍ അന്യൂറിസം ചിലപ്പോള്‍ രക്തക്കുഴലുകള്‍പൊട്ടി രക്തസ്രാവത്തിലേക്ക് നയിക്കുന്നു. ഈ രക്തസ്രാവം സാധാരണയായി കുറച്ച് സമയം മാത്രമേ നീണ്ടുനില്‍ക്കുകയുള്ളൂ. എന്നാലും രക്തം ചുറ്റുമുള്ള കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. ഇത് തലയോട്ടിക്കുള്ളിലെ മര്‍ദ്ദം വര്‍ധിപ്പിക്കുകയും തലയോട്ടിക്കുള്ളിലെ ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുത്തുകയും ചെയ്യാം. തന്മൂലം ബോധം നഷ്ടപ്പെടുകയോ മരണം പോലും സംഭവിക്കുകയോ ചെയ്യാം.

പെട്ടെന്ന് കഠിനമായ തലവേദന അനുഭവപ്പെടുകയോ ബോധം നഷ്ടപ്പെടുകയോ അപസ്മാരം ഉണ്ടാവുകയോ ചെയ്യുമ്പോള്‍ ഉടന്‍തന്നെ ഡോക്ടറെ കാണേണ്ടതാണ്. അപകട സാധ്യതകള്‍ കുറയ്ക്കാന്‍ പുകവലിയും മദ്യപാനവും കുറയ്ക്കുകയും കൊക്കൈയ്‌നുകള്‍ പോലെയുള്ള മയക്കുമരുന്നുകള്‍ ഉപേക്ഷിക്കുകയും ചെയ്യുക. അതുപോലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെങ്കില്‍ അത് കുറയ്ക്കുന്നതിനുള്ള വഴികള്‍ ആരോഗ്യ വിദഗ്ധനോട് ചോദിക്കുകയും ചെയ്യാം.
( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ സംശയങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights :How a brain aneurysm can be life-threatening. It was recently confirmed that famous American reality show star Kim Kardashian has a brain aneurysm.