

ഇടുക്കി: അടിമാലിയിലെ മണ്ണിടിച്ചിലിൽ കൈകഴുകി ദേശീയ പാത അതോറിറ്റി. അപകടമുണ്ടായ സ്ഥലത്ത് ദേശീയ പാതയുമായി ബന്ധപ്പെട്ട് ഒരു നിർമാണവും നടന്നിട്ടില്ലെന്നാണ് എൻഎച്ച്എഐയുടെ വിശദീകരണം. ദേശീയപാത 85 ന്റെ നിർമാണവുമായി ബന്ധപ്പെട്ട് പ്രദേശത്തുണ്ടായ അശാസ്ത്രീയ മണ്ണെടുപ്പാണ് അപകടത്തിന് കാരണമെന്ന ആരോപണം നിലനിൽക്കവെയാണ് എൻഎച്ച്എഐയുടെ വിശദീകരണം.
അപകടത്തിൽ മരിച്ച ബിജുവും ഭാര്യ സന്ധ്യയും വ്യക്തിപരമായ ആവശ്യത്തിനായി വീട്ടിൽ എത്തിയപ്പോഴാണ് മണ്ണിടിച്ചിലുണ്ടായതെന്നും മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണമെന്ന് നിർദേശം നൽകിയിരുന്നതായും ദേശീയ പാത അതോറിറ്റി അറിയിച്ചു.
'2025 ഒക്ടോബർ 22ന് ദേശീയപാത 96+500 കിലോമീറ്ററിൽ (ഇടതുവശം) മണ്ണിടിച്ചിലിന് മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന ഇടുക്കി ജില്ലാ ദുരന്ത നിവാരണ യൂണിറ്റിൽ നിന്ന് ലഭിച്ച അറിയിപ്പിനെ തുടർന്ന്, ശേീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ, മണ്ണിടിച്ചിലിനുള്ള സാധ്യത സ്ഥിരീകരിച്ചുകൊണ്ടുള്ള വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും, അപകടമേഖലയിൽ താമസിക്കുന്ന കുടുംബങ്ങളെ ഉടൻ ഒഴിപ്പിക്കണമെന്ന് ശുപാർശ ചെയ്യുകയും ചെയ്തു'വെന്ന് വാർത്താകുറിപ്പിൽ പറയുന്നുണ്ട്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ജില്ലാ ഭരണകൂടം അപകടസാധ്യതയുള്ള പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകുകയും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാൻ നിർദേശിച്ച് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. പ്രാദേശിക ഭരണകൂടത്തിന്റെ സഹായത്തോടെ, അപകടസാധ്യതയുള്ള മുഴുവൻ കുടുംബങ്ങളെയും സുരക്ഷിതമായി അടിമാലി ഗവൺമെന്റ് സ്‌കൂളിൽ സജ്ജമാക്കിയ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. മുൻകരുതലിന്റെ ഭാഗമായി, ഈ പ്രദേശത്തു കൂടിയുള്ള ഗതാഗതവും ശനിയാഴ്ച രാവിലെ 10 മണി മുതൽ നിർത്തിവച്ചിരുന്നു. സുരക്ഷാ ക്യാമ്പിൽ നിന്ന് വ്യക്തിപരമായ ആവശ്യത്തിനായി ബിജുവും അദ്ദേഹത്തിന്റെ ഭാര്യയും താൽക്കാലികമായി വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന കാര്യം അങ്ങേയറ്റം ദുഃഖകരമാണ് എന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്.
നിലവിൽ, അപകടമുണ്ടായ സ്ഥലത്ത് ദേശീയപാതയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നിരുന്നില്ല. കൂടാതെ, എൻഎച്ച്എഐ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായി ഏകോപിപ്പിച്ച്, മണ്ണിടിച്ചിലിന്റെ ആഘാതം കുറയ്ക്കുന്നതിനായി നിരവധി പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നു. ഈ മുൻകരുതൽ നടപടികൾ നാശനഷ്ടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സഹായിച്ചുവെന്നും ഇവർ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം രാത്രി 10.20ഓടെയാണ് അടിമാലി കൂമ്പന്‍പാറയില്‍ മണ്ണിടിഞ്ഞത്. വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് നെടുമ്പള്ളിക്കുടിയില്‍ ബിജു(45)വാണ് മരിച്ചത്. ഭാര്യ സന്ധ്യ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇരുവരെയും പുറത്തെടുത്തത്. എന്നാൽ ബിജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടം നടപടി പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ചു. വൈകീട്ടോടെ സംസ്കാരം നടക്കും.
കൂലിപ്പണിക്കാരനായിരുന്ന ബിജുവിന്റെ ഇളയ മകന്‍ ആദര്‍ശ് കഴിഞ്ഞ വര്‍ഷമാണ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചത്. സന്ധ്യയ്ക്ക് മില്‍മ സൊസൈറ്റിയില്‍ ജോലി ആയിരുന്നു. മൂത്ത മകള്‍ ആര്യ നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആണ്.
Content Highlights: national highway authority of india reacts on Adimali landslide