

കാപ്പി കുടിക്കാൻ ഇഷ്ടമാണോ എന്ന ചോദ്യത്തിന് അതേ എന്ന് ഉത്തരം നൽകുന്നവരാണ് ഏറെയും. കാപ്പി കുടിക്കുന്നത് കുറച്ച് കൂടിയെന്ന് തോന്നിയാൽ അപ്പോൾ തന്നെ ആ ശീലത്തിൽ നിന്നൊരു ഇടവേളയെടുക്കാനും പലരും ശ്രമിക്കാറുണ്ട്. കാപ്പി കുടിക്കുന്നത് നല്ലതാണെന്ന് ഒരുവശത്ത് പറയുമ്പോൾ, ആ ശീലം അമിതമായാൽ കുറയ്ക്കുന്നതും നല്ലതാണ്. പല്ലിന്റെ നിറം മങ്ങുന്ന അവസ്ഥ, എപ്പോഴും ടോയ്‌ലെറ്റിൽ പോകുന്ന ശീലമൊക്കെ ഒന്നു കുറയും. ഇതിനൊപ്പം കാപ്പി കുടിക്കുന്നത് കുറച്ചവരില്‍ അല്ലെങ്കില്‍ ഒഴിവാക്കിയവരില്‍ പലതരത്തിലുള്ള സ്വപ്‌നങ്ങളും കാണാറുണ്ടെന്ന റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്.
കാപ്പി കുടിക്കുന്നത് കുറയ്ക്കുമ്പോൾ നമ്മുടെ ഉള്ളിലെത്തുന്ന കഫീനിന്റെ അളവും കുറയും. ഇത് പലതരത്തിലുള്ള സ്വപ്‌നങ്ങൾ കാണാൻ ഇടയാക്കുന്നുവെന്നാണ് പറയുന്നത്. സ്വപ്നങ്ങളില്‍ ചിലത് പേടിപ്പെടുത്തുന്നതുമാവാം. കഫീനിന്റെ അളവ് കുറഞ്ഞ് ദിവസങ്ങൾക്കകമാണ് ഇത്തരത്തിൽ വിചിത്രമായ ഇഫക്ട് ഉണ്ടാവുന്നതെന്ന് നിരവധി പേർ അഭിപ്രായപ്പെടുന്നതെന്ന് ബിബിസിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇതിൽ എന്തെങ്കിൽ ശാസ്ത്രീയ തലമുണ്ടോയെന്ന് ഗവേഷകർ വിശദീകരിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്..
അഡിനോസൈൻ എന്ന തലച്ചോറിനുള്ളിലെ രാസവസ്തുവിനെ തടസപ്പെടുത്തി ഒരാളെ ഊർജസ്വലനായി ഇരുത്തുന്നത് കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീനാണ്. പകൽനേരങ്ങളിലാണ് അഡിനോസൈൻ ശരീരത്തിൽ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നത്. വൈകുന്നേരമാകുമ്പോഴേക്കും ഇതാണ് നമ്മെ ഉറക്കത്തിലേക്ക് നയിക്കുന്നത്. ഉറങ്ങുമ്പോഴേക്കും അഡിനോസൈൻ മുഴുവനായി ഇല്ലാതാകും. നല്ലൊരു ഉറക്കം കഴിഞ്ഞ് റിഫ്രഷായി നമ്മൾ ഉണർന്നതിന് ശേഷം വീണ്ടും ഈ രാസവസ്തു ശരീരത്തിലുണ്ടാവാൻ തുടങ്ങും.
കഫീൻ നമ്മുടെ ശരീരത്തിലെത്തുമ്പോൾ ഇത് അഡിനോസൈനിന്റെ ഉത്പാദനത്തെ തടസപ്പെടുത്തും. ഇത് കാരണം നമുക്ക് ഉറക്കം വരില്ല. കഫീനിന്റെ അളവ് ശരീരത്തിൽ കുറയുമ്പോൾ ഈ അവസ്ഥ മാറുകയും ഉറങ്ങാനുള്ള വ്യഗ്രത കൂടുകയും ചെയ്യും. കഫീൻ ശരീരത്തിലെത്തി മൂന്നു മുതൽ ആറ് മണിക്കൂർ പിന്നിട്ടാലും പകുതിയോളം ശരീരത്തിൽ തന്നെ നിലനിൽക്കും. ഇതാണ് ഉച്ചയ്‌ക്കോ വൈകുന്നേരമോ കാപ്പി കുടിക്കുന്നവർ രാത്രിയിൽ ഉറങ്ങാൻ ബുദ്ധിമുട്ടുന്നത്. അഡിനോസൈന്റെ പ്രവർത്തനത്തെ ബാധിക്കുന്നതിലൂടെ നമുക്ക് ലഭിക്കേണ്ട ആവശ്യമായ ഉറക്കത്തെയും ഇത് ബാധിക്കും. സ്വസ്ഥവും ശാന്തവുമായി ഉറങ്ങാൻ കഴിയില്ലെന്ന് സാരം.
നന്നായി ഉറങ്ങാത്തതും സ്വപ്‌നം കാണുന്നതും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് നമുക്കറിയാം.
കഫീൻ കുറയുന്നതോടെ ഇത്തരം സ്വപ്‌നങ്ങളുണ്ടാവുന്നു എന്നതിന് തെളിവുകളൊന്നും ശാസ്ത്രലോകത്തിന് നിരത്താൻ സാധിച്ചിട്ടില്ല. പക്ഷേ അതുമായി ചില ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. കഫീൻ ഉറക്കമില്ലാതെയാക്കുന്നു. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ കാപ്പി കുടിക്കുന്നവരിലാണ് ഈ അവസ്ഥ കാണപ്പെടുന്നത്. കാപ്പി കുടിക്കുന്നത് കുറയുമ്പോള്‍ ശരീരത്തില്‍ കഫീനും കുറയും. ഇതോടെ ശരീരത്തില്‍ അഡിനോസൈന്‍ ഉത്പാദിക്കപ്പെടും ഉറക്കവും തിരികെ വരും.
അധികമായി ഉറക്കം ലഭിക്കുമ്പോൾ, rapid eye movement sleep എന്ന അവസ്ഥയിലെത്തും. ഈ അവസ്ഥയിൽ നമുക്ക് നന്നായി ഉറക്കം ലഭിക്കുമ്പോൾ, തലച്ചോർ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാവും. ഇത് പല തരത്തിലുള്ള സ്വപ്‌നങ്ങൾ കാണാൻ(വ്യക്തവും ഓർത്തിരിക്കാൻ കഴിയുന്നതുമായി vivid dreams) ഇടയാക്കുകയും ചെയ്യും. rapid eye movement sleep എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവരാണ് പലതരത്തിലുള്ള സ്വപ്‌നങ്ങൾ കാണുന്നത്. ഈ സ്വപ്‌നങ്ങളിൽ ചിലപ്പോൾ ദു:സ്വപ്‌നങ്ങളുമുണ്ടാകാം. ഇത്തരം ഉറക്കത്തിനിടയിൽ നമ്മൾ രാത്രികാലങ്ങളിൽ എഴുന്നേൽക്കാം. ഈ സ്വപ്‌നം വ്യക്തമായി ഓർത്തിരിക്കാനും കഴിയും. അതിനാൽ കഫീൻ കുറയുന്നത് rapid eye movement sleepന് കാരണമാകുകയും ചെയ്യും ഇത്തരം സ്വപ്‌നങ്ങൾ കാണാൻ സാധ്യതയുമേറും.
കാപ്പിയിൽ മാത്രമല്ല കഫീനുള്ളതെന്ന് കൂടി മനസിലാക്കണം. ഫിസി ഡ്രിങ്‌സ്, ചോക്ലേറ്റ്, ചായ, പ്രീ വർക്ക്ഔട്ട് സപ്ലിമെന്റ്‌സ്, മരുന്നുകൾ എന്നിവയിലും ഇതിന്റെ സാന്നിധ്യമുണ്ട്.
Content Highlights: does caffeine intake cutdown cause vivid dreams while sleeping