

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കിയ ചിത്രമാണ് തുടരും. മികച്ച പ്രതികരണം നേടിയ സിനിമ വമ്പൻ വിജയമാണ് സ്വന്തമാക്കിയത്. എമ്പുരാന് ശേഷം മോഹൻലാലിന്റെ തുടർച്ചയായ രണ്ടാമത്തെ 200 കോടി ചിത്രമായിരുന്നു തുടരും. ഇപ്പോഴിതാ മോഹൻലാലുമൊത്ത് വീണ്ടും ഒരുമിക്കാൻ ഒരുങ്ങുകയാണ് തരുൺ മൂർത്തി എന്ന അപ്ഡേറ്റ് പുറത്തുവരുകയാണ്. തുടരുമിന്റെ സക്സസ് മീറ്റിൽ വെച്ച് നിർമാതാവ് എം രഞ്ജിത് ആണ് ഈ അപ്ഡേറ്റ് പുറത്തുവിട്ടത്. എം രഞ്ജിത്തിന്റെ രജപുത്ര വിഷ്വൽ മീഡിയ തന്നെയാകും ഈ പുതിയ സിനിമയും നിർമിക്കുന്നത്.
'മോഹൻലാലിനെ വെച്ചുള്ള അടുത്ത സിനിമയാണ് ഞാൻ തരുൺ മൂർത്തിക്ക് കൊടുക്കാൻ പോകുന്നത്. തരുൺ മൂർത്തി അടുത്ത മോഹൻലാൽ ചിത്രം ചെയ്യുന്നു', എന്നാണ് എം രഞ്ജിത് വേദിയിൽ വെച്ച് പറഞ്ഞത്. നേരത്തെ തുടരുമിന്റെ രണ്ടാം ഭാഗത്തിനെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. എന്നാൽ ഈ ചിത്രം പുതിയ കഥ ആകുമെന്നാണ് പ്രതീക്ഷ. നേരത്തെ മോഹൻലാലുമായി വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ച് മോഹൻലാൽ മനസുതുറന്നിരുന്നു. 'മോഹൻലാലുമായി ഒരു സിനിമയ്ക്കുള്ള ചർച്ചകൾ നടക്കുന്നുണ്ട്. കഥകൾക്കായി അന്വേഷണം നടക്കുന്നുണ്ട്. തുടരും രണ്ടാം ഭാഗത്തിനെപ്പറ്റി ഇപ്പോൾ ആലോചിക്കുന്നില്ല. അത് ഒരു ഒറ്റ സിനിമയായി തന്നെ തുടരട്ടെ', എന്നായിരുന്നു തരുൺ മൂർത്തിയുടെ വാക്കുകൾ.
#Thudarum team reunites.. 🔥#Mohanlal - Tharun Moorthy - Rejaputhra Films pic.twitter.com/CzMBHTlp5F
— Mollywood BoxOffice (@MollywoodBo1) October 25, 2025
തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രത്തിൽ പ്രകാശ് വർമ്മ അവതരിപ്പിച്ച ജോർജ് സാർ എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി വാങ്ങിയിരുന്നു. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്.
Content Highlights: Tharun moorthy to reunite with mohanlal once again