
ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ഏകദിന മത്സരത്തിൽ അക്കൗണ്ട് തുറക്കാൻ കഴിയാതെയാണ് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലി മടങ്ങിയത്. മുൻ ക്യാപ്റ്റൻ രോഹിത് ശർമ പുറത്തായതിന് പിന്നാലെയുള്ള കോഹ്‌ലിയുടെ പുറത്താകൽ ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. ഏറെ കാലത്തിന് ശേഷമാണ് കോഹ്‌ലി ഇന്ത്യൻ ജഴ്‌സിയിൽ തിരിച്ചെത്തിയത്. ഇപ്പോഴിതാ പെർത്തിൽ താരത്തിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് ഓസീസ് ഇതിഹാസം മാത്യു ഹെയ്ഡൻ.
കോഹ്‌ലി ഒരുപാട് കാര്യങ്ങളെ പറ്റി ആലോചിച്ച് സമയം കളയരുതെന്നാണ് ഹെയ്ഡന്റെ ഉപദേശം. ഏകദിനത്തില്‍ കോഹ്‌ലിയുടെ ബാറ്റിങ് മികവിനെയും നേട്ടങ്ങളെയും ഹെയ്ഡന്‍ വാനോളം പുകഴ്ത്തുകയും ചെയ്തു. ഓവർതിങ്കിങ്ങും സ്വയം തർക്കിക്കലും ഒഴിവാക്കി കോഹ്‌ലി സ്വന്തം ഗെയിം കളിക്കണമെന്നും ഹെയ്ഡൻ പറഞ്ഞു.
'കോഹ്‌ലിയുടെ ബാറ്റിംഗ് ടെക്‌നിക്കും ടൈമിംഗുമെല്ലാം അതുല്യമായ കാര്യമാണ്. ഈ ഫോര്‍മാറ്റില്‍ 14,000 റണ്‍സ് നേടിയ താരമെന്ന നിലയില്‍ കോഹ്‌ലിയുടെ സമീപനത്തെ ചോദ്യം ചെയ്യുന്നതില്‍ പ്രസക്തിയില്ല. കോഹ്‌ലി പന്ത് നേരത്തെ കണ്ടുപിടിച്ച് കൃത്യമായ കോണ്ടാക്ടില്‍ കളിക്കുന്നവനാണ്. അനാവശ്യമായുള്ള ചിന്തകളാണ് കോഹ്‌ലി ഒഴിവാക്കേണ്ടത്. ഇത്തരം ചിന്തകള്‍ തെറ്റുകള്‍ക്ക് വഴിവെയ്ക്കും. കോഹ്‌ലിക്ക് വ്യക്തതയും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ ഏത് ബോളറെയും നശിപ്പിക്കാനാകും. അത് നമ്മള്‍ പലപ്പോഴായി കണ്ടിട്ടുള്ളതാണ്', ഹെയ്ഡന്‍ പറഞ്ഞു.
പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ആദ്യ മത്സരത്തിൽ പൂജ്യത്തിനായിരുന്നും വിരാട് മടങ്ങിയത്. രോഹിത് എട്ട് റൺസെടുത്തും മടങ്ങി.
Content Highlights: Matthew Hayden's advice to Virat Kohli after Perth setback