'ലോക' തെലുങ്ക് ചിത്രം ആയിരുന്നെങ്കിൽ പരാജയപ്പെട്ടേനെ; കാരണം പറഞ്ഞ് നാഗ വംശി

ലോകയുടെ തെലുങ്ക് വിതരണാവകാശം സ്വന്തമാക്കിയത് നാഗ വംശിയുടെ സിതാര എന്റർടൈന്മെന്റ്സ് ആയിരുന്നു

'ലോക' തെലുങ്ക് ചിത്രം ആയിരുന്നെങ്കിൽ പരാജയപ്പെട്ടേനെ; കാരണം പറഞ്ഞ് നാഗ വംശി
dot image

മലയാള സിനിമ ഇൻഡസ്ട്രിയിൽ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ദുൽഖർ സൽമാൻ നിർമിച്ച ലോക. ആഗോളതലത്തിൽ 300 കോടിയിലധികം രൂപയാണ് ഇതുവരെ ചിത്രം നേടിയത്. കൂടാതെ നിരവധി റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ഈ സിനിമ മുന്നേറികൊണ്ടിരുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് തെലുങ്ക് നിർമാതാവായ നാഗ വംശി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. ലോക തെലുങ്കിൽ ആയിരുന്നു ഇറങ്ങിയതെങ്കിൽ അവിടുത്തെ പ്രേക്ഷകർ സിനിമയെ പരാജയപ്പെടുത്തിയേനെ എന്നാണ് അദ്ദേഹം പറയുന്നത്.

'ഇപ്പോൾ എല്ലാ മീഡിയയും ഇത് പറഞ്ഞതിന് എന്നെ പരിഹസിക്കും. ലോക ഒരു തെലുങ്ക് ചിത്രമായിരുന്നെങ്കിൽ അതിൽ ലാഗ് ഉണ്ട്, അത് ശരിയല്ല ഇത് ശരിയല്ല എന്ന പരാതികൾ പ്രേക്ഷകർ പറഞ്ഞേനെ. അതൊരു തെലുങ്ക് സിനിമ ആയിരുന്നു എങ്കിൽ ചിത്രം പരാജയപ്പെട്ടേനെ. തെലുങ്ക് പ്രേക്ഷകർ എന്താണ് സ്വീകരിക്കുന്നത് എന്ന് ഞങ്ങൾക്കും കൃത്യമായി അറിയില്ല', നാഗ വംശിയുടെ വാക്കുകൾ. ലോകയുടെ തെലുങ്ക് വിതരണാവകാശം സ്വന്തമാക്കിയത് നാഗ വംശിയുടെ സിതാര എന്റർടൈന്മെന്റ്സ് ആയിരുന്നു. വലിയ വിജയമാണ് സിനിമ അവിടെ നിന്നും സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തിരക്ക് മൂലം കൊച്ചിയിലെ പിവിആർ സിനിമാസ് ഒരു എക്സ്ട്രാ ഷോ സംഘടിപ്പിച്ചിരുന്നു. മികച്ച തിരക്കാണ് സിനിമയ്ക്ക് എല്ലായിടത്തും അനുഭവപ്പെടുന്നത്. എക്സ്ട്രാ ഷോയിലും പ്രേക്ഷകർ നിറയുന്ന കാഴ്ചയാണുണ്ടാകുന്നത്. ഒടിടിയിൽ എത്തും മുൻപ് സിനിമ വലിയ നേട്ടം തന്നെ ഉണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ. സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു ടീസർ സ്ട്രീമിങ് പ്ലാറ്റ്ഫോം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ചിത്രം അധികം വൈകാതെ ഒടിടിയിലേക്ക് എത്തുമെന്നാണ് വിവരം. സ്ട്രീമിങ് തീയതി ഹോട്ട്സ്റ്റാർ പുറത്തുവിട്ടിട്ടില്ല. മലയാളം ഇൻഡസ്ട്രി ഹിറ്റ്, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഡബ്ബ് ചിത്രം, തെലുങ്കിൽ ഏറ്റവും ഉയർന്ന കളക്ഷൻ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് ഷെയർ, ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ റെക്കോർഡ്, ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ എത്തിയ റെക്കോർഡ്, ആദ്യ 300 കോടി നേടിയ മലയാള ചിത്രം എന്നിങ്ങനെ നിരവധി റെക്കോർഡുകളാണ് ലോക നേടിയിരിക്കുന്നത്.

അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസർ നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

Content Highlights: If Lokah was a telugu film it would've been a flop says naga vamsi

dot image
To advertise here,contact us
dot image