
മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 24ന് ഒമാനില്‍ എത്തും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. മസ്‌ക്കറ്റിലും സലാലയിലും നടക്കുന്ന പരിപാടികള്‍ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
ഈ മാസം 17ന് ബഹ്റൈന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി ഒമാനില്‍ എത്തുന്നത്. വെള്ളിയാഴ്ച മസ്‌ക്കറ്റില്‍ എത്തുന്ന മുഖ്യമന്ത്രിയെ വിവിധ പ്രവാസി സംഘടനകളുടെയും ലോക കേരള സഭാംഗങ്ങളുടെയും നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് വൈകുന്നേരം ഏമറാത്തിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
'മനുഷ്യത്വമുള്ളവരായിരിക്കൂ, സമാധാനം പുലരട്ടെ' എന്ന സന്ദേശത്തിലാണ് ഇത്തവണത്തെ ഫെസ്റ്റിവല്‍. ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍, ഇന്ത്യയില്‍ നിന്നും ഒമാനില്‍ നിന്നുമുള്ള കലാ - സാംസ്‌കാരിക-സാമൂഹിക മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തികള്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും. ശനിയാഴ്ച സലാലയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടാമത്തെ പരിപാടി.
അല്‍ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ 'പ്രവാസോത്സവം 2025'ന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. മലയാളം മിഷന്‍ സലാല ചാപ്റ്ററിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളുടെ ക്രമീകരണങ്ങള്‍ക്കായി വിശാലമായ സ്വാഗത സംഘത്തിന് നരേത്ത രൂപം നല്‍കിയിരുന്നു. മുഖ്യമന്ത്രിയെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് സംഘാടകര്‍ അറിയിച്ചു.
വിവിധ പ്രവാസി സംഘടനകളുമായും ലോക കേരള സഭാ അംഗങ്ങളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സംഘാടകര്‍ വ്യക്തമാക്കി. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു കേരളമുഖ്യമന്ത്രി ഒമാന്‍ സന്ദര്‍ശിക്കുന്നത്. ഒമാന് പിന്നാലെ ഖത്തര്‍, കുവൈത്ത്, യുഎഇ എന്നിവങ്ങളിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. സൗദി അറേബ്യയിലെ സന്ദര്‍ശനത്തിന് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.
Content Highlights: Chief Minister Pinarayi Vijayan will arrive in Oman on the 24th of this month.