
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ വൈറ്റ് വാഷ് വിജയം ആഘോഷിക്കുകയാണ് ഇന്ത്യ. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ കെ എല്‍ രാഹുല്‍ അര്‍ധ സെഞ്ച്വറി നേടി പുറത്താവാതെ നിന്നു.
വിജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 2-0ത്തിന് ഇന്ത്യ സ്വന്തമാക്കി. അഹമ്മദാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 140 റണ്‍സിനും ഇന്ത്യ വിജയിച്ചിരുന്നു.
പരമ്പര വിജയത്തിന് ശേഷം ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിലും നേട്ടമുണ്ടാക്കിയിരിക്കുകയാണ് ഇന്ത്യ. പട്ടികയില്‍ മൂന്നാമതുള്ള ഇന്ത്യയുടെ പോയിന്റ് 52 ആയി ഉയര്‍ന്നു. ഓസ്‌ട്രേലിയ, ശ്രീലങ്ക ടീമുകളാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്.
India moves to 3rd in the WTC Points Table.
— AkCricTalks🎤🇮🇳 (@AKCricTalks) October 14, 2025
Winning % : 61.90 pic.twitter.com/bH4HNQWuzK
ഈ വിജയം നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഇന്ത്യയുടെ നാലാമത്തെ വിജയമാണ്. ഐസിസി പുറത്തുവിടാനിരിക്കുന്ന ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങിലും ഇന്ത്യയ്ക്ക് നേട്ടമുണ്ടാകും. നിലവില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യക്ക് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ള ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളേക്കാള്‍ നേരിയ റേറ്റിങ് പോയിന്റ് വ്യത്യാസമാണുള്ളത്. ഓസ്‌ട്രേലിയ മികച്ച റേറ്റിങ് പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുന്നു. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് ഫലം കൂടി ഉള്‍പ്പെടുത്തുന്നതോടെ ഇന്ത്യന്‍ താരങ്ങളുടെ വ്യക്തിഗത റേറ്റിങ് പോയിന്റും ഉയരും.
Content Highlights: India occupy the third spot in WTC standings after 2-0 series sweep against West Indies.