ശബരിമല സ്വര്‍ണ മോഷണം: പൊലീസ് മേധാവിക്ക് പരാതി നല്‍കി ദേവസ്വം

സ്വര്‍ണപ്പാളി വിവാദത്തില്‍ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് മുന്നോട്ടുപോകുമെന്നും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു

ശബരിമല സ്വര്‍ണ മോഷണം: പൊലീസ് മേധാവിക്ക് പരാതി നല്‍കി ദേവസ്വം
dot image

പത്തനംതിട്ട: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കി ദേവസ്വം. വിജിലന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് പരാതി നല്‍കിയത്. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. പരാതിയില്‍ തുടര്‍നടപടികള്‍ ഉടന്‍ ഉണ്ടാകും. പമ്പ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. സ്വര്‍ണപ്പാളി വിവാദത്തില്‍ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് മുന്നോട്ടുപോകുമെന്നും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്, അവര്‍ ഇന്ന് തന്നെ അന്വേഷണം ആരംഭിക്കുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്ന് വൈകിട്ടോടെ ദേവസ്വം വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ലഭിക്കുമെന്നും പിന്നാലെ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

ശബരിമല ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണക്കവര്‍ച്ചയില്‍ വന്‍ഗൂഢാലോചനയെന്നാണ് ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. ഭരണ നേതൃത്വത്തിന്റെ വീഴ്ചയും റിപ്പോര്‍ട്ടിലുണ്ട്. തിരുവാഭരണ കമ്മീഷണര്‍ അടക്കം അന്നത്തെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുടെ പേര് പരാമര്‍ശിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട്. 2019 ല്‍ സ്വര്‍ണം പൂശുന്നതിനായി ചെമ്പല്ല, സ്വര്‍ണപ്പാളികള്‍ തന്നെയാണ് പോറ്റിക്ക് നല്‍കിയതെന്ന് തെളിയിക്കുന്ന മൊഴികളും റിപ്പോര്‍ട്ടിലുണ്ട്. ഇതോടെ മോഷണം നടന്നെന്ന നിഗമനത്തിലാണ് വിജിലന്‍സ്.

 2019 ല്‍ സ്വര്‍ണം പൂശാനായി ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയില്‍ എത്തിച്ചത് കാലപ്പഴക്കമില്ലാത്ത ദ്വാരപാലക ശില്‍പത്തിലെ പാളിയെന്നാണ് പങ്കജ് ഭണ്ഡാരി ദേവസ്വം വിജിലന്‍സിന് മൊഴി നല്‍കിയത്. മുമ്പ് സ്വര്‍ണം പാകിയ പാളികളല്ല കൊണ്ടുവന്നതെന്നും ഭണ്ഡാരി മൊഴി നല്‍കിയിരുന്നു. ഇതോടെ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണ്ണപ്പാളി മറിച്ചുവിറ്റതാകാമെന്ന സംശയത്തിലാണ് ദേവസ്വം വിജിലന്‍സ് എസ് പി. 1998 ല്‍ വ്യവസായി വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞു നല്‍കിയ ദ്വാരലപാലക ശില്‍പത്തില്‍ ചെമ്പ് തെളിഞ്ഞെന്ന് പറഞ്ഞ് ചെന്നൈയിലെ സ്മാര്‍ട് ക്രിയേഷന്‍സില്‍ എത്തിച്ചായിരുന്നു സ്വര്‍ണം പൂശിയത്. ഞായറാഴ്ച ശബരിമലയില്‍ എത്താന്‍ സ്മാര്‍ട് ക്രിയേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് കെ ടി ശങ്കരന്റേതാണ് ആവശ്യം. ദ്വാരപാലക ശില്‍പ്പപാളി പരിശോധിക്കുമ്പോള്‍ എത്തണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഞായറാഴ്ച ജസ്റ്റിസ് കെ ടി ശങ്കരന്‍ സന്നിധാനത്തെ സ്‌ട്രോങ് റൂം പരിശോധിക്കും.

Content Highlights: Sabarimala gold theft: Devaswom lodges complaint with police chief

dot image
To advertise here,contact us
dot image