
ഐപിഎല്‍ 2025ലെ തിരിച്ചടിക്ക് ശേഷം രാജസ്ഥാന്‍ റോയല്‍സില്‍ വലിയ പരിഷ്‌കരണങ്ങളാണ് നടന്നുവരുന്നത്. കോച്ച് രാഹുല്‍ ദ്രാവിഡ്, സിഇഒ ജെയ്ക്ക് ലഷ് മക്രം, സ്പിന്‍ ബൗളിങ് പരിശീലകന്‍ സായ്‌രാജ് ബഹുതുലെ, ഫീല്‍ഡിങ് പരിശീലകന്‍ ദിഷാന്ത് യാഗ്‌നിക്ക് തുടങ്ങിയവര്‍ ഇതിനകം തന്നെ ടീമുമായിവേര്‍പിരിഞ്ഞു. എന്നാൽ പരിഷ്കരണം ഈ പേരുകളിൽ ഒതുങ്ങുന്നതല്ലെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്.
കഴിഞ്ഞ സീസണിലെ പ്രകടനം അവലോകനം ചെയ്യാന്‍ ചേര്‍ന്ന വാര്‍ഷിക യോഗത്തിന് ശേഷമാണ് രാജിയും പുറത്താക്കലുമെല്ലാം. ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് ശേഷം ടീമിലും മാനേജ്‌മെന്റ് തലത്തിലും വലിയ പ്രതിസന്ധിയാണ് ഉടലെടുത്തത്. 11 മത്സരങ്ങളിൽ നിന്ന് നാല് മത്സരങ്ങൾ മാത്രമാണ് വിജയിക്കാനായത്.
മാനേജ്‌മെന്റിന്റെയും പരിശീലകന്റെയും പല തീരുമാങ്ങളുടെ മേലിലും അതൃപ്തിയുണ്ടായിരുന്ന ക്യാപ്റ്റൻ സഞ്ജു നേരത്തെ ടീം മാറാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
റോയല്‍സിലെ തുടര്‍ച്ചയായ രാജിയും പുറത്താക്കലുമെല്ലാം മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സങ്കക്കാരയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നതെന്ന റിപോര്‍ട്ടുകള്‍ പുറത്തുന്നിട്ടുണ്ട്. അടുത്ത സീസണിന് മുമ്പായി സങ്കക്കാരെ റോയല്‍സിന്റെ ഹെഡ് കോച്ച് സ്ഥാനം ഏറ്റെടുത്തേക്കും. റോയല്‍സിന്റെ മുന്‍ പരിശീലകനും ക്രിക്കറ്റ് ഡയറക്ടറുമാണദ്ദേഹം.
ഫ്രാഞ്ചൈസി ഉടമ മനോജ് ബദാലുമായി ചേര്‍ന്നാണ് സങ്കക്കാരയുടെ അഴിച്ചുപണി. 2021 മുതല്‍ റോയല്‍സിന്റെ ക്രിക്കറ്റ് ഡയറക്ടറാണ് സങ്കക്കാര. റോയല്‍സിന്റെ പരിശീലക സംഘത്തില്‍ വിക്രം റാത്തോഡ് ഒഴികെയുള്ളവരെല്ലാം പുറത്തായേക്കും. യശസ്വി ജയ്സ്വാള്‍, റിയാന്‍ പരാഗ് എന്നിവരുടെ ബാറ്റിങ് പരിശീലകനായിരുന്നു റാത്തോഡ്.
റോയല്‍സിന്റെ മുന്‍ പരിശീലകന്‍ ട്രെവര്‍ പെന്നി, സിദ്ധാര്‍ത്ഥ ലാഹിരി എന്നിവരെ കൊണ്ടുവരാനാണ് സംഗക്കാരയുടെ തീരുമാനം. ബൗളിങ് പരിശീലകനായി മുന്‍ ന്യൂസിലന്‍ഡ് ഫാസ്റ്റ് ബൗളര്‍ ഷെയ്ന്‍ ബോണ്ടിനെ എത്തിക്കുമെന്നും റിപോര്‍ട്ടുണ്ട്. സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച് വരുണ്‍ ഘോഷിനെയും പ്രധാന സപ്പോര്‍ട്ട് സ്റ്റാഫുകളെയും മാറ്റി പുതിയ നിയമനം നടത്തിയേക്കും.
മാനേജ്‌മെന്റിന്റെ നയങ്ങളില്‍ അതൃപ്തിയുള്ള സഞ്ജു ശുദ്ധീകരണത്തിന് ശേഷം ടീമില്‍ ഉണ്ടാവുമോ എന്നാണ് ഇനി അറിയാനുള്ളത്. പ്ലെയര്‍ ട്രേഡ് വഴിയോ ലേലത്തിലൂടെയോ തന്നെ വിട്ടയക്കണമെന്ന് സഞ്ജു ആവശ്യപ്പെട്ടതായി നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററായിരുന്ന സങ്കക്കാരയ്ക്ക് റോയല്‍സിന്റെ കീപ്പറും ഓപണറും ക്യാപ്റ്റനുമെല്ലാമായ സഞ്ജുവിനെ അനുനയിപ്പിക്കാനാവുമോ എന്ന് കണ്ടറിയണം. പുതിയ മാനേജ്‌മെന്റ് ചുമതലയേറ്റാല്‍ സഞ്ജുവിന് മനംമാറ്റമുണ്ടായേക്കാം.
Content Highlights: Kumar Sangakkara new reforms in rajasthan royals, sanju will continue