രാഷ്ട്രീയത്തിൽ മാത്രമല്ല സിനിമയിലും പണി കിട്ടുമോ?, വിജയ് ചിത്രം ജനനായകന്റെ റിലീസ് നീട്ടിവെച്ചോ?

സെപ്റ്റംബർ 27നാണ് കരൂരില്‍ ടിവികെ നടത്തിയ റാലിയില്‍ അപകടമുണ്ടായത്

രാഷ്ട്രീയത്തിൽ മാത്രമല്ല സിനിമയിലും പണി കിട്ടുമോ?, വിജയ് ചിത്രം ജനനായകന്റെ റിലീസ് നീട്ടിവെച്ചോ?
dot image

ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കൊമേർഷ്യൽ എന്റർടൈനർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം തന്നെ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് മാറ്റിവെച്ചു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

നേരത്തെ പൊങ്കൽ റിലീസായി ജനുവരി ഒൻപതിന് ആയിരുന്നു സിനിമയുടെ റിലീസ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഈ തീയതിയിൽ നിന്നും സിനിമ നീട്ടിവെച്ചു എന്നാണ് പല തമിഴ് ട്രാക്കർമാരും റിപ്പോർട്ട് ചെയ്യുന്നത്. അടുത്തിടെ നടന്ന കരൂർ ദുരന്തത്തിനെ തുടർന്നാണ് സിനിമയുടെ റിലീസ് നീട്ടുന്നതെന്നാണ് റിപ്പോർട്ട്. നേരത്തെ ഒക്ടോബർ ആദ്യ വാരം പുറത്തിറക്കാനിരുന്ന സിനിമയിലെ ആദ്യ ഗാനവും കരൂർ ദുരന്തത്തിനെത്തുടർന്ന് മാറ്റിവെച്ചിരുന്നു. അതേസമയം ഈ വിഷയത്തിൽ സിനിമയുടെ നിർമാതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചിത്രത്തിൽ വിജയ് പൊലീസ് ഓഫീസർ ആയിട്ടാണ് എത്തുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. കയ്യിൽ ഒരു വാളുമായി പൊലീസ് വേഷത്തിൽ വില്ലന്മാരുടെ മുന്നിലേക്ക് നടന്നുവരുന്ന വിജയ്‌യെ ആണ് ടീസറിൽ കാണാനാകുന്നത്. ഒരു പക്കാ മാസ്സ് പടമായിരിക്കും ജനനായകൻ എന്ന സൂചനയും ടീസർ നൽകുന്നുണ്ട്. 'എൻ നെഞ്ചിൽ കുടിയിരിക്കും' എന്ന വിജയ്‌യുടെ ഹിറ്റ് ഡയലോഗോടെയാണ് ടീസർ ആരംഭിക്കുന്നത്. ഈ ചിത്രം തെലുങ്കിൽ സൂപ്പർഹിറ്റായ നന്ദമുരി ബാലകൃഷ്ണ ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്ക് ആണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.

ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം. സിനിമയുടെ തമിഴ്നാട് വിതരണാവകാശം റെക്കോർഡ് തുകയ്ക്കാണ് റോമിയോ പിക്‌ചേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

സെപ്റ്റംബർ 27നാണ് കരൂരില്‍ ടിവികെ നടത്തിയ റാലിയില്‍ അപകടമുണ്ടായത്. തിക്കിലും തിരക്കിലുംപ്പെട്ട് ആളുകള്‍ കുഴഞ്ഞുവീഴുകയായിരുന്നു. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പിന്നീട് മരണസംഖ്യ 41 ആയി ഉയരുകയായിരുന്നു.

Content Highlights: Vijay film Jananayagan release postponed

dot image
To advertise here,contact us
dot image