
2024 വര്‍ഷത്തെ സിയറ്റ് ടി20 ബാറ്റര്‍ പുരസ്‌കാരം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍. ടി20 ഫോര്‍മാറ്റിലെ 2024 കലണ്ടർ വർഷത്തെ മികച്ച പ്രകടനമാണ് സഞ്ജുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ടി20 ഫോര്‍മാറ്റിലെ മികച്ച ബൗളറായി വരുണ്‍ ചക്രവര്‍ത്തി തെരഞ്ഞെടുക്കപ്പെട്ടു.
2024ല്‍ 13 മത്സരങ്ങളില്‍ നിന്ന് 436 റണ്‍സ് സഞ്ജു സാംസൺ നേടിയിട്ടുണ്ട്, അതില്‍ മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടും. ഒരു കലണ്ടർ വർഷത്തിൽ ടി 20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്ററും സഞ്ജുവായിരുന്നു.
Bravo, Sanju Samson. A standard-setting show of power and precision.
— CEAT TYRES (@CEATtyres) October 7, 2025
(CCR2025, CEATCricketAwards2025, CEATCricketRatingAwards2025, CeatCricketRatings, CCR, CEAT, ThisIsRPG) pic.twitter.com/VRJp1bawCP
ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാൻ അവസരം കിട്ടാതിരുന്ന സഞ്ജു ശേഷം വന്ന ടി 20 പരമ്പരകളിലാണ് തിളങ്ങിയത്. കരിയറിൽ ആകെ മൊത്തത്തില്‍, 49 ടി20 മത്സരങ്ങളില്‍ നിന്ന് 147.98 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെ 993 റണ്‍സാണ് സഞ്ജു നേടിയത്. ബ്രയാന്‍ ലാറ, രോഹിത് ശര്‍മ എന്നിവരെല്ലാം അടങ്ങുന്ന ചടങ്ങില്‍ സഞ്ജു പുരസ്‌കാരം ഏറ്റുവാങ്ങി.
ഏഷ്യാ കപ്പിലും ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ വൈസ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയതോടെ സഞ്ജുവിന് സ്ഥിരം പൊസിഷന്‍ നല്‍കിയിരുന്നില്ല. ഇപ്പോൾ പുറത്തുവിട്ട ഓസീസിനെതിരെയുള്ള ടി 20 ടീമിൽ സഞ്ജു ഉണ്ട്. മികച്ച പ്രകടനത്തോടെ സ്ഥിരം സ്ലോട്ട് ഉറപ്പിക്കാനാവും മലയാളി താരത്തിന്റെ ശ്രമം.
Content Highlights: Sanju Samson named men’s T20I batter of the year in CEAT Cricket Awards