
നടൻ ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഇഡ്‌ലി കടൈ. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് റിലീസിന് ശേഷം ലഭിക്കുന്നത്. സിനിമയുടെ കഥ മികച്ചു നിൽക്കുന്നുവെന്നും സെക്കന്റ് ഹാഫ് മികച്ചതാണെന്നുമാണ് ആരാധകളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി ചിത്രം ബോക്സ് ഓഫീസിൽ കിതയ്ക്കുന്ന കാഴ്ചയാണുണ്ടാകുന്നത്. പുറത്തിറങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ചിത്രത്തിന്റെ കളക്ഷനിൽ വർദ്ധനവുണ്ടാകുന്നില്ല.
ഇന്ത്യയിൽ നിന്നും സിനിമ ഇതുവരെ നേടിയത് 45.25 കോടി രൂപ ആണെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ആഗോള തലത്തിൽ ചിത്രം 50 കോടി പിന്നിട്ടിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് വെറും 38 കോടി മാത്രമാണ് സിനിമയ്ക്ക് ഇതുവരെ നേടാനായത്. ആദ്യ ദിവസങ്ങളിൽ വലിയ കുതിപ്പ് സിനിമയ്ക്ക് ലഭിച്ചെങ്കിലും തുടർന്നുള്ള ദിനങ്ങളിൽ അത് തുടരാൻ സിനിമയ്ക്ക് കഴിഞ്ഞില്ല. കർണാടക, കേരള, ഓവർസീസ് മാർക്കറ്റുകളിലും സിനിമയ്ക്ക് തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. റിഷബ് ഷെട്ടി ചിത്രം കാന്താരയുടെ കുതിപ്പും ഇഡ്‌ലി കടൈയ്ക്ക് വിനയാകുന്നുണ്ട്.
നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. നവംബറിൽ ചിത്രം ഒടിടിയിൽ സ്ട്രീമിങ്ങിനെത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 45 കോടിയ്ക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വിറ്റു പോയിരിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഒടിടി റിലീസ് തീയതിയെ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡ്ലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെൻറ്സും ഒക്കെ ചേർന്നതാണ് ഈ സിനിമയുടെ പ്രമേയം. ധനുഷിനെയും നിത്യാമേനോനെയും കൂടാതെ സത്യ രാജ്, സമുദ്രക്കനി, പാർഥിപൻ, അരുൺ വിജയ്, ശാലിനി പാണ്ഡെ , രാജ് കിരൺ , ഗീത കൈലാസം തുടങ്ങിയ വമ്പൻ താരനിര തന്നെ ഇഡ്ലി കടൈയിൽ ഒന്നിക്കുന്നു.
സെന്റിമെൻറ്സും പ്രണയവും ആക്ഷനും ഒക്കെ ചേർന്ന എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇഡ്ലി കടൈ ധനുഷ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഡോൺ പിക്‌ച്ചേഴ്‌സിന്റെയും വണ്ടർബാർ ഫിലിമ്സിന്റേയും ബാനറിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് ഇഡലി കടൈ നിർമിച്ചിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. കിരൺ കൗശിക് ക്യാമറയും, ജി കെ പ്രസന്ന എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. തലൈവൻ തലൈവിക്കും കൂലിക്കും ശേഷം HM അസോസിയേറ്റ്സ് ആണ് ഇഡലി കടൈ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. മാർക്കറ്റിംഗ് ശിവകുമാർ രാഘവ്. ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ.
Content Highlights: Dhanush film Idly Kadai struggles at Box Office