
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ എളുപ്പം പുറത്താക്കാൻ ഇന്ത്യക്ക് സാധിച്ചു. ടോസ് നേടി ബാറ്റ് ചെയ്ത വിൻഡീസിനെ 162 റൺസിന് ഓളൗട്ടാക്കാൻ ഇന്ത്യക്ക് സാധിച്ചു
നാല് വിക്കറ്റുമായി മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റുമായി ജസ്പ്രീത് ബുംറയും തകർത്തെറിഞ്ഞാണ് വെസ്റ്റിൻഡീസിനെ പാട്ടിലാക്കിയത്. കുൽദീപ് യാദവ് രണ്ട് വിക്കറ്റും നേടി. വിൻഡീസ് നിരയിൽ ജസ്റ്റിൻ ഗ്രീവ്‌സ് 32 റൺസും ഷായ് ഷോപ് 26 റൺസും ക്യാപ്റ്റൻ റോസ്റ്റൺ ചേസ് 24 റൺസും നേടി, മറ്റാർക്കും തിളങ്ങാനായില്ല.
മത്സരത്തിനിടെ ബുംറയുടെ ഒരു പ്രവൃത്തിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. നാല് വിക്കറ്റ് സ്വന്തമാക്കിയ സിറാജിന് അയാൾ അർഹിക്കുന്ന അഞ്ച് വിക്കറ്റ് നേടുവാനായി ബുംറ നടത്തിയ ത്യാഗമാണ് ആരാധകർ ചർച്ച ചെയ്യുന്നത്. ഇന്നിങ്‌സിന്റെ 41-ാം ഓവറിൽ, വെസ്റ്റ് ഇൻഡീസിന് ഒരു വിക്കറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ബുംറ ആ ഓവർ പതിവിന് വിരുദ്ധമായി ഓഫ്-സ്റ്റമ്പിന് പുറത്ത് തുടർച്ചയായി എറിയുകയായിരുന്നു. സ്റ്റാർ പേസർ മനഃപൂർവ്വമാണ് അത് ചെയ്തതെന്ന് വ്യക്തമായിരുന്നു. മറുവശത്ത് അഞ്ച് വിക്കറ്റ് നേടുന്നതിന് ഒരു വിക്കറ്റ് മാത്രം അകലെയായിരുന്നു സിറാജ്.
കമന്ററി ബോക്‌സിൽ ഇരുന്ന മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്കും ഇക്കാര്യം സൂചിപ്പിച്ചു. ആദ്യ ദിവസം അവസാനിച്ചപ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് നേടിയിട്ടുണ്ട്. യശസ്വി ജയ്‌സ്വാൾ, സായ് സുദർശൻ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. സ്‌കോർ, വെസ്റ്റ് ഇൻഡീസ്; 162-10, ഇന്ത്യ; 121-2. അർധസെഞ്ച്വറിയുമായി കെ എൽ രാഹുലും 18 റൺസുമായി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ എന്നിവരാണ് ക്രീസിൽ.
Bumrah 🤝 Siraj 💙 pic.twitter.com/J47KSvYpJU
— 𝑺𝒉𝒆𝒃𝒂𝒔 (@Shebas_10dulkar) October 2, 2025
114 പന്ത് നേരിട്ട രാഹുൽ ആറ് ഫോറടക്കം 53 റൺസ് നേടിയിട്ടുണ്ട്. ജയ്‌സ്വാൾ 54 പന്തിൽ ഏഴ് ഫോറടക്കം 36 റൺസ് നേടി മടങ്ങി. സുദർശൻ (7 റൺസ്) വീണ്ടും നിരാശപ്പെടുത്തി.
Content Highlights- Bumrah Sacrifice for Siraj to take Five wickets