'ആരെങ്കിലും സഞ്ജുവിനെ സഹായിക്കണം'; ഉപദേശവുമായി മുൻ ഇന്ത്യൻ താരം

മത്സരത്തിൽ മറ്റെല്ലാ ബാറ്റർമാരും തിളങ്ങിയെങ്കിലും ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും മലയാളി താരം സഞ്ജു സാംസണിനും കാര്യമായ പ്രകടനമൊന്നും പുറത്തെടുക്കാൻ സാധിച്ചില്ല

'ആരെങ്കിലും സഞ്ജുവിനെ സഹായിക്കണം'; ഉപദേശവുമായി മുൻ ഇന്ത്യൻ താരം
dot image

പാകിസ്താനെതിരെയുള്ള സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യ അനായാസം വിജയിച്ചിരുന്നു. മത്സരത്തിൽ മറ്റെല്ലാ ബാറ്റർമാരും തിളങ്ങിയെങ്കിലും ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും മലയാളി താരം സഞ്ജു സാംസണിനും കാര്യമായ പ്രകടനമൊന്നും പുറത്തെടുക്കാൻ സാധിച്ചില്ല. അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു 17 പന്തിൽ നിന്നും ആകെ ഒരു ബൗണ്ടറി മാത്രം അടിച്ച് 13 റൺസാണ് നേടിയത്. സൂര്യ റണ്‍സൊന്നും എടുക്കാതെ പുറത്താവുകയും ചെയ്തു.

സഞ്ജുവിന്റെ ഈ പ്രകടനത്തിനെതിരെ വിമർശനങ്ങളുയർന്നിരുന്നു. ഓപ്പണിങ്ങിൽ നന്നായി കളിച്ചിരുന്ന സഞ്ജു ഉപനായകൻ ശുഭ്മാൻ ഗില്ലിന്റെ വരവോട് കൂടി മധ്യനിരയിലാണ് കളിക്കുന്നത്. അഞ്ചാമനായെത്തിയ സഞ്ജുവിന് തന്റെ സ്വതസിദ്ധ ശൈലിയിൽ ബാറ്റ് ചെയ്യാനും സാധിച്ചില്ല. ഇന്ത്യൻ ടീമിലെ ആരെങ്കിലും സഞ്ജുവിനെ സഹായിക്കണമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ സ്പിൻ ബൗളർ മുരളി കാർത്തിക്ക്.

സഞ്ജു അഞ്ചാമനായി തന്നെ കളിക്കുവാണെങ്കിൽ ആ റോളിൽ എങ്ങനെ പര്യാപ്തനാകുമെന്ന് അദ്ദേഹം തന്നെ തെളിയിക്കണമെന്നും കാർത്തിക്ക് പറഞ്ഞു. 'സഞ്ജു ഇനിയും മുന്നോട്ട് കളിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അയാൾക്ക് ലഭിക്കുന്ന റോൾ അഞ്ചാമനായി ആണെങ്കിൽ, സഞ്ജു ഇപ്പോൾ അതിനായി തയ്യാറെടുക്കേണ്ടതുണ്ട്. അതോ മൂന്നാം സ്ഥാനത്ത് സഞ്ജുവിന് ഒരു സ്ഥാനം സൃഷ്ടിക്കാൻ ശ്രമിച്ച് മറ്റുള്ളവരെ അവരുടെ സ്ഥാനത്ത് നിന്ന് മാറ്റണോ? അവൻ നിങ്ങളുടെ ടീമിന് വളരെ പ്രധാനപ്പെട്ട ആളാണെങ്കിൽ, അവനെ മൂന്നാം നമ്പറിലേക്ക് മാറ്റുമോ, അതിനനുസരിച്ച് മറ്റുള്ളവർ അവരുടെ ഗെയിം ക്രമീകരിക്കുമോ? അതോ ടീമിൽ തന്റെ സ്ഥാനം നിലനിർത്താൻ അവൻ തന്റെ ഗെയിം ക്രമീകരിക്കുമോ? സഞ്ജു വളരെ ക്ലാസിക്കായ ഒരു കളിക്കാരനായതിനാൽ അദ്ദേഹത്തിന് സഹായം നൽകാൻ ആരെയെങ്കിലും തയ്യാറാവണം,' മുരളി കാർത്തിക്ക് പറഞ്ഞു.

പാകിസ്താനെതിരെ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. പാകിസ്താൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഏഴ് പന്തുകൾ ബാക്കിനിൽക്കേ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഓപ്പണർമാരായ അഭിഷേക് ശർമയുടെയും ഗില്ലിന്റെയും ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് കരുത്തായത്. 172 റൺസെന്ന വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കമാണ് ഇരുവരും സമ്മാനിച്ചത്.

ഗിൽ 28 പന്തിൽ 47 റൺസും അഭിഷേക് 39 പന്തിൽ നിന്നും 74 റൺസും സ്വന്തമാക്കി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തിരുന്നു. മത്സരത്തിൽ നാല് നിർണായക ക്യാച്ചുകൾ നഷ്ടപ്പെടുത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. പാകിസ്താന് വേണ്ടി സഹിബ്‌സാദ ഫർഹാൻ അർധസെഞ്ച്വറി നേടി. 45 പന്തിൽ നിന്ന് 58 റൺസെടുത്ത സാഹിബ്‌സാദ ഫർഹാനാണ് പാകിസ്താന്റെ ടോപ് സ്‌കോറർ.

Content Highlights- Murali Karthik Says Sanju Samson needs Help

dot image
To advertise here,contact us
dot image