
റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുകയാണെന്ന് ബിസിസിഐയെ അറിയിച്ച് ഇന്ത്യൻ താരം ശ്രേയസ് അയ്യർ. കടുത്ത പുറം വേദനയും ക്ഷീണവും കാരണമാണ് ഈ തീരുമാനം എന്നും ശ്രേയസ് അയ്യർ ബിസിസിഐയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കി. വെസ്റ്റ് ഇൻഡീസിന് എതിരായ പരമ്പരയ്ക്ക് മുൻപായാണ് ശ്രേയസ് റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് ഇടവേള ആവശ്യപ്പെട്ടിരിക്കുന്നത്.
ഇപ്പോൾ ഓസ്ട്രേലിയയ്ക്കെതിരെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പരമ്പരയിൽ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായിരുന്നു ശ്രേയസ്. എന്നാൽ ഓസ്‌ട്രേലിയ എ ടീമിനെതിരായ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മാത്രം മുമ്പ് ശ്രേയസ് ക്യാപ്റ്റൻസി ഒഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയിരുന്നു. നാല് ദിവസം തുടരെ ഫീൽഡിൽ നിൽക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ശ്രേയസ് ബിസിസിഐയെ അറിയിച്ചതായാണ് പിടിഐ റിപ്പോർട്ട് ചെയ്തത്.
🚨 SHREYAS IYER WANTS A BREAK. 🚨
— Mufaddal Vohra (@mufaddal_vohra) September 23, 2025
- Iyer has written to the BCCI that he'll be taking a break from red ball cricket due to back stiffness and fatigue issues. (Express Sports). pic.twitter.com/MElCnAeBbh
അതേസമയം ശ്രേയസ് അയ്യർ ഇന്ത്യ എയുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ ധ്രുവ് ജുറെലാണ് ടീമിനെ നയിക്കുന്നത്. ഓസ്‌ട്രേലിയ എ ടീമിനെതിരായ ആദ്യ ടെസ്റ്റില്‍ ശ്രേയസിനു തിളങ്ങാന്‍ സാധിച്ചിരുന്നില്ല. രണ്ട് ഇന്നിങ്‌സുകളിലുമായി എട്ട്, 13 റണ്‍സുകളാണ് ശ്രേയസ് സ്വന്തമാക്കിയത്.
വെസ്റ്റ് ഇൻഡീസിനെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് ശ്രേയസ് അയ്യർ ഈ പരമ്പരയിലൂടെ തിരികെയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ഫെബ്രുവരിയിലാണ് ശ്രേയസ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് കളിച്ചത്.
Content Highlights: Shreyas Iyer informs BCCI he will take a break from red-ball cricket