അർധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ മുന്നില്‍ നിന്ന് നയിച്ചു; ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിന് വിജയത്തുടക്കം

അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസാണ് ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചത്

അർധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ മുന്നില്‍ നിന്ന് നയിച്ചു; ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിന് വിജയത്തുടക്കം
dot image

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിന് വിജയത്തുടക്കം. ഹോങ് കോങ്ങിനെ ഏഴ് വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ വരവറിയിച്ചത്. ഹോങ് കോങ് ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യം 14 പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് മറികടന്നു.

അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസാണ് ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചത്. 39 പന്തില്‍ 59 റണ്‍സെടുത്താണ് ലിറ്റണ്‍ പുറത്തായത്. ഒരു സിക്‌സും ആറ് ബൗണ്ടറികളും ലിറ്റണിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 36 പന്തില്‍ 35 റണ്‍സെടുത്ത് പുറത്താകാതെ നിന്ന തൗഹിദ് ഹൃദോയ്‌യും മികച്ച സംഭാവന നല്‍കി.

ഓപ്പണര്‍മാരായ പര്‍വേസ് ഹൊസൈന്‍ ഇമോന്‍ (19), തന്‍സിദ് ഹസന്‍ (14) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹോങ് കോങ്ങിന് വേണ്ടി അതീഖ് ഇഖ്ബാല്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആയുഷ് ശുക്ല ഒരു വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹോങ് കോങ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് നേടുകയായിരുന്നു. 40 പന്തില്‍ 42 റണ്‍സെടുത്ത നിസാക്കത്ത് ഖാനാണ് ഹോങ് കോങ്ങിന്റെ ടോപ് സ്‌കോറര്‍. 34 പന്തില്‍ 30 റണ്‍സെടുത്ത സീഷാന്‍ അലി, 19 പന്തില്‍ 28 റണ്‍സെടുത്ത ക്യാപ്റ്റന്‍ യാസിം മുര്‍ത്താസ എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.

12 പന്തില്‍ 14 റണ്‍സെടുത്ത ബാബര്‍ ഹയാത്ത് മാത്രമാണ് പിന്നീട് ഹോങ് കോങ് നിരയില്‍ രണ്ടക്കം കടന്നത്. ബംഗ്ലാദേശിന് വേണ്ടി ടസ്‌കിന്‍ അഹമ്മദ്, തന്‍സിം ഹസന്‍ സാക്കിബ്, റിഷാദ് ഹൊസൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Content Highlights: Asia Cup 2025: Litton Das stars as Bangladesh beat Hong Kong by seven wickets

dot image
To advertise here,contact us
dot image