
ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ യുഎഇയെ ഇന്ത്യ തകര്‍ത്തിരുന്നു. യുഎഇയെ വെറും 57 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ 4.3 ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. 2.1 ഒരു ഓവറില്‍ ഏഴ് റണ്‍സ് വഴങ്ങിയ കുല്‍ദീപ് യാദവായിരുന്നു കളിയിലെ താരമായത്. ആറ് മാസങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് വേണ്ടി കളിക്കാനിറിങ്ങിയ അദ്ദേഹം യുഎഇയുടെ നടുവൊടിച്ചു.
ഇപ്പോഴിതാ കുല്‍ദീപിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ്. ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ പരമ്പരയില്‍ വാട്ടര്‍ബോയിയായി ഇന്ത്യയുടെ ബെഞ്ചിലിരുന്ന താരമാണ് ഇപ്പോള്‍ ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയതെന്ന് കൈഫ് പറഞ്ഞു.
'ഇംഗ്ലണ്ട് പര്യടനത്തില്‍ കുല്‍ദീപ് യാദവ് ഒരു മത്സരം പോലും കളിച്ചിരുന്നില്ല. പരമ്പരയിലുടനീളം അദ്ദേഹത്തെ പുറത്തിരുത്തുകയും മറ്റുതാരങ്ങള്‍ക്ക് വെള്ളം നല്കാനേല്പ്പിക്കുകയും ചെയ്തു. പ്രാക്ടീസിന് മാത്രമാണ് കുല്‍ദീപിനെ ഇറക്കിയത്. ഒടുവില്‍ 108 ദിവസങ്ങള്‍ക്ക് ശേഷം യുഎഇക്കെതിരായ ഏഷ്യാ കപ്പ് മത്സരത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചു. നാല് വിക്കറ്റ് വീഴ്ത്തി മത്സരത്തിലെ താരമാവുകയും ചെയ്തു', ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കൈഫ് പറഞ്ഞു.
'കുല്‍ദീപ് യാദവ് വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. അദ്ദേഹത്തിന്റെ രണ്ടാമത്തെ ഓവറില്‍, വെറും ഒറ്റ ഓവറില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മത്സരം അവിടെ അവസാനിച്ചു. വെറും 13 പന്തുകള്‍ മാത്രം എറിഞ്ഞ് നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. അദ്ദേഹത്തിന് ഇനിയും 11 പന്തുകള്‍ ബാക്കിയുണ്ടായിരുന്നു. ആ 11 പന്തുകള്‍ എറിഞ്ഞിരുന്നെങ്കില്‍, അദ്ദേഹത്തിന് ഇനിയും അഞ്ചോ ആറോ വിക്കറ്റുകള്‍ കൂടി വീഴ്ത്താമായിരുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ആദ്യമായാണ് കുല്‍ദീപ് ഇന്ത്യക്ക് വേണ്ടി കളിക്കുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ താരത്തെ കളിപ്പിക്കാത്തതില്‍ ഇന്ത്യന്‍ ടീമിനെതിരെ ധാരാളം വിമര്‍ശനം ഉയര്‍ന്നിരുന്നു.
Content Highlights: Mohammad Kaif about Kuldeep Yadav after IND vs UAE Asia Cup 2025 match