
ഏഷ്യാ കപ്പില്‍ യുഎഇക്കെതിരായ ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഉൾപ്പെടുത്തിയതിനെ കുറിച്ച് മുന്‍ സ്പിന്‍ ഇതിഹാസം ആര്‍ അശ്വിന്‍. സഞ്ജുവിന് കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും നൽകികൊണ്ടിരിക്കുന്ന പിന്തുണയിൽ സന്തോഷമുണ്ടെന്നും അശ്വിൻ ചൂണ്ടിക്കാട്ടി. തന്റെ യൂട്യൂബ് ചാനലായ ആഷ് കി ബാത്തിൽ സംസാരിക്കവേയാണ് സഞ്ജുവിന്റെ സാന്നിധ്യത്തെ കുറിച്ച് അശ്വിൻ മനസുതുറന്നത്.
'സഞ്ജുവിന് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ ശരിക്കും എന്നെ അത്ഭുതപ്പെടുത്തി. ക്യാപ്റ്റനും കോച്ചും സഞ്ജുവിന് നല്‍കുന്ന കരുതല്‍ എന്നെ അതിശയിപ്പിച്ചു. ഞങ്ങള്‍ സഞ്ജുവിനെ നന്നായി നോക്കുന്നുണ്ടെന്നാണ് സൂര്യകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അത് പ്രകടമായി തന്നെ കാണുന്നുമുണ്ട്. സഞ്ജു കളിക്കുന്നുണ്ടെങ്കില്‍ പവര്‍പ്ലേയില്‍ തന്നെ നിര്‍ബന്ധമായും ഇറക്കണം. പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് വീണാല്‍ സഞ്ജു എത്തണം', അശ്വിന്‍ പറഞ്ഞു.
'ഇത് പ്രോജക്ട് സഞ്ജു സാംസണാണ്. 21 തവണ ഡക്കായാലും 22-ാമത്തെ മത്സരത്തിലും തന്നെ ഇറക്കുമെന്ന് കോച്ച് ഗംഭീര്‍ വാക്കുനല്‍കിയിരുന്നെന്നാണ് ഞാന്‍ സഞ്ജുവിനെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞിരുന്നത്. കോച്ചും ക്യാപ്റ്റനും സഞ്ജുവിന് നല്‍കുന്ന ആത്മവിശ്വാസം അതാണ്. ടീം മാനേജ്‌മെന്റും സഞ്ജുവില്‍ വളരെയധികം വിശ്വാസമര്‍പ്പിക്കുന്നുണ്ടെന്ന് വ്യക്തമാണ്. സഞ്ജുവിന് ടീമിലിടം നല്‍കാന്‍ അവര്‍ എന്തും ചെയ്യാന്‍ തയ്യാറാണ്. അത് അത്ഭുതകരമാണ്', അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
"When I interviewed him (Samson), he revealed that Gambhir told him that even if he makes 21 ducks, he will be picked for the 22nd game. That is the confidence that the coach and Suryakumar have given him," @ashwinravi99 said.#AsiaCup2025 #TeamIndia https://t.co/8KBjs6T4gT
— Circle of Cricket (@circleofcricket) September 11, 2025
ശുഭ്മന്‍ ഗില്‍ ടീമിലേക്ക് മടങ്ങിയെത്തിയതിനാല്‍ സഞ്ജുവിന് ഇലവനിൽ ഇനി അവസരമില്ലെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. മധ്യനിരയില്‍ മികച്ച റെക്കോര്‍ഡ് ഇല്ലെന്നതിനാല്‍ ജിതേഷ് ശര്‍മയാവും ഫേവറിറ്റെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. എന്നാൽ എല്ലാ പ്രവചനങ്ങളെയും കാറ്റിൽ പറത്തിയാണ് യുഎഇക്കെതിരായ പ്ലേയിങ് ഇലവനിൽ സഞ്ജുവിന് ഇടം ലഭിച്ചത്.
അഞ്ചാം നമ്പറിലായിരുന്നു സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നത്. താരത്തിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ലെങ്കിലും വിക്കറ്റിന് പിന്നിൽ താരം തകർപ്പൻ പ്രകടനങ്ങൾ നടത്തി. ശിവം ദുബെയുടെ പന്തിൽ ഒരു ഡൈവിങ് ക്യാച്ചെടുത്ത സഞ്ജു നേരിട്ടുള്ള ത്രോയിലൂടെ ഒരു റണ്ണൗട്ടും നേടിയെടുത്തു. ഈ റണ്ണൗട്ട് അപ്പീൽ ഇന്ത്യ പിൻവലിച്ചെങ്കിലും സഞ്ജുവിൻ്റെ ഫീൽഡിംഗ് മികവ് തെളിയിച്ച അവസരമായിരുന്നു ഇത്.
Content Highlights: Ashwin praises India’s backing of Sanju Samson in Asia Cup