ഹൃദയവും രണ്ട് വൃക്കകളും കരളും മുറിച്ചെടുക്കുന്ന ഓരോ നിമിഷവും മനസ്സ് വിങ്ങുകയായിരുന്നു; വൈകാരിക കുറിപ്പ്

'മനുഷ്യന്‍ എന്ന നിലയില്‍ സര്‍ക്കാരില്‍ അഭിമാനം തോന്നുകയും സിസ്റ്റത്തിലെ വിശ്വാസം ഊട്ടിയുറപ്പിക്കുകയും ചെയ്ത ദിവസം'

ഹൃദയവും രണ്ട് വൃക്കകളും കരളും മുറിച്ചെടുക്കുന്ന ഓരോ നിമിഷവും മനസ്സ് വിങ്ങുകയായിരുന്നു; വൈകാരിക കുറിപ്പ്
dot image

കൊച്ചി: കൊല്ലം സ്വദേശി ഐസക് ജോര്‍ജിന്റെ അവയവ ദാനവുമായി ബന്ധപ്പെട്ട് വൈകാരിക കുറിപ്പുമായി ലിസ്സി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. ജോ ജോസഫ്. ഡോക്ടര്‍ എന്നതിലുപരി മനുഷ്യന്‍ എന്ന നിലയില്‍ ഏറ്റവുമധികം സന്തോഷം തോന്നുകയും സര്‍ക്കാരില്‍ അഭിമാനം തോന്നുകയും സിസ്റ്റത്തിലെ വിശ്വാസം ഊട്ടിയുറപ്പിക്കുകയും ചെയ്ത ദിവസമായിരുന്നു ഇന്നെന്ന് ജോ ജോസഫ് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു. ഹൃദയവും രണ്ട് വൃക്കകളും കരളും മുറിച്ചെടുക്കുന്ന ഓരോ നിമിഷവും മനസ്സ് വിങ്ങുകയായിരുന്നു.
തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിട്ട് നില്‍ക്കുമ്പോഴും സ്വന്തം മകന്റെ, സ്വന്തം സഹോദരന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ ജീവിക്കാനായി ദാനം ചെയ്യാം എന്ന് തോന്നല്‍ ആ കുടുംബത്തിന് ഉണ്ടായത് ഐസക്ക് ജോര്‍ജ് വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം കൊണ്ട് തന്നെയായിരിക്കണം എന്നും ജോ ജോസഫ് കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

ആര്‍ക്കാണ് ഇത്ര ധൃതി!
എനിക്കിന്ന് നല്ല ധൃതിയായിരുന്നു. ഒരുപക്ഷേ ഇന്ന് ഏറ്റവുമധികം വേഗത്തില്‍ ഏറ്റവും അധികം ദൂരം യാത്ര ചെയ്തവരില്‍ ഒരാളായിരിക്കും ഞാന്‍. സമയവുമായുള്ള ഓട്ട മത്സരമായിരുന്നു എന്ന് തന്നെ പറയാം. രാത്രി രണ്ടുമണിക്ക് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാവിലെ ആറരക്ക് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തി. ഹൃദയവുമായി ഉച്ചയ്ക്ക് 12 മണിയോടുകൂടി പുറപ്പെട്ട് വെറും ഏഴ് മിനിറ്റിനുള്ളില്‍ കിംസില്‍ നിന്ന് വിമാനത്താവളത്തില്‍ എത്തി. ഹെലികോപ്റ്റര്‍ വഴി മുക്കാല്‍ മണിക്കൂറുകൊണ്ട് തിരുവനന്തപുരത്ത് നിന്നും എറണാകുളത്തും ഹയാത് ഹോട്ടലിലെ ഹെലിപാടില്‍ നിന്ന് വെറും 5 മിനിറ്റില്‍ ലിസ്സി ആശുപത്രിയില്‍ എത്തുകയും ചെയ്തു. കാരണം ഇന്നത്തെ ഓരോ മിനിട്ടിനും ഒരു ജീവന്റെ വില ഉണ്ടായിരുന്നു.


ഡോക്ടര്‍ എന്നതിലുപരി മനുഷ്യന്‍ എന്ന നിലയില്‍ ഏറ്റവുമധികം സന്തോഷം തോന്നുകയും, എന്റെ സര്‍ക്കാരില്‍ അഭിമാനം തോന്നുകയും എന്റെ സിസ്റ്റത്തിലെ വിശ്വാസം ഊട്ടിയുറപ്പിക്കുകയും ചെയ്ത ദിവസം കൂടിയായിരുന്നു ഇന്ന്.
കിംസിലെ ഓപ്പറേഷന്‍ തീയേറ്ററില്‍ വച്ച് ഐസക് ജോര്‍ജിനെ കണ്ടപ്പോള്‍ മനസ്സൊന്നു വിറച്ചു. പുറമേ ദൃശ്യമാകുന്ന രീതിയില്‍ കാര്യമായ പരുക്കൊന്നും ഇല്ലായിരുന്നു ഐസക്കിന്. എന്നാല്‍ അപകടത്തില്‍ തലച്ചോറ് പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായിരുന്നു. മനോഹര ജീവിത സ്വപ്നങ്ങള്‍ കണ്ടു നടക്കുന്ന പ്രായത്തില്‍ ആ സ്വപ്നങ്ങള്‍ക്ക് പുറകെ പായുമ്പോള്‍ ആകസ്മികമായി വന്നുചേര്‍ന്ന അപകടത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നു നില്‍ക്കുമ്പോഴും ഐസക്കിന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുക എന്ന മഹാദാനം ചെയ്യുവാന്‍ ഐസക്കിന്റെ കുടുംബം കാണിച്ച ആ വലിയ പുണ്യത്തിന് നന്ദി പറയാന്‍ വാക്കുകള്‍ മതിയാവില്ല.
ഹൃദയവും 2 വൃക്കകളും കരളും മുറിച്ചെടുക്കുന്ന ഓരോ നിമിഷവും മനസ്സ് വിങ്ങുകയായിരുന്നു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിട്ട് നില്‍ക്കുമ്പോഴും സ്വന്തം മകന്റെ, സ്വന്തം സഹോദരന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ ജീവിക്കാനായി ദാനം ചെയ്യാം എന്ന് തോന്നല്‍ ആ കുടുംബത്തിന് ഉണ്ടായത് ഐസക്ക് ജോര്‍ജ് വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം കൊണ്ട് തന്നെയായിരിക്കണം
മനുഷ്യനെ നല്ല മനുഷ്യനാക്കുക എന്ന പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് ഇതിലപ്പുറം നന്മ ചെയ്യാന്‍ സാധിക്കുമോ ?ഇതിലപ്പുറം ഒരു നല്ല മനുഷ്യനാകാന്‍ സാധിക്കുമോ ?ഇതിനപ്പുറം മാനവികത ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുമോ?
അതുകൊണ്ടുതന്നെ യാത്രയിലൂടെ നീളം ആ ഹൃദയം അടങ്ങിയ പെട്ടി ആദരവോടെ എന്റെ ശരീരത്തോട് ചേര്‍ത്തു തന്നെ പിടിച്ചു ഞാന്‍.
ഡോണര്‍ അലര്‍ട്ട് കിട്ടിയതു മുതല്‍ എന്റെ സര്‍ക്കാര്‍ ഈ ഉദ്യമത്തിനൊപ്പം ഉണ്ടായിരുന്നു. ഇന്നലെ പാതിരാത്രി മുതല്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും മന്ത്രി പി രാജീവും അദ്ദേഹത്തിന്റെ ഓഫീസും
ആരോഗ്യ മന്ത്രിയും ഓഫീസും നിരന്തരം ഇടപെടുകയും സര്‍ക്കാരിന്റെ സഹായത്തോടുകൂടി ഹെലികോപ്റ്റര്‍ സേവനം വിട്ടു നല്‍കുകയും ചെയ്തു. തിരുവനന്തപുരത്തും എറണാകുളത്തും സങ്കീര്‍ണമായ കാര്യങ്ങള്‍ എല്ലാം ഏകോപിപ്പിച്ചത് മുതിര്‍ന്ന ഐപിഎസ് - ഐഎഎസ് ഓഫീസര്‍മാരായിരുന്നു.
കിംസ് ആശുപത്രിയില്‍ നിന്ന് വിമാനത്താവളത്തിലേക്കും ഹയാത് ഹെലിപാടില്‍ നിന്നും ആശുപത്രിയിലേക്കും ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയത് ഈ രണ്ട് നഗരങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ ആയിരുന്നു. അണുവിട തെറ്റാത്ത ആസൂത്രണം, ഏകോപനം!
എന്റെ സര്‍ക്കാരില്‍ എനിക്ക് അഭിമാനം തോന്നിയ ദിനം കൂടിയായിരുന്നു ഇന്ന്.
പല ആശുപത്രികള്‍, അനേകം ഡോക്ടര്‍മാര്‍, അത്യന്തം ഗൗരവമായ നിയമ നൂലാമാലകള്‍ ഇതെല്ലാം ഏകോപിപ്പിച്ചതും നടപ്പാക്കിയതും എന്റെ സിസ്റ്റത്തിന്റെ ഭാഗമായ കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ ആയിരുന്നു.
ഒരോ നിമിഷവും സങ്കീര്‍ണമായ ഈ ദൗത്യത്തിന് നേതൃത്വം നല്‍കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ ചെയ്തത് കെ സോട്ടോ നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുള്ള കെ സോട്ടോ ടീമായിരുന്നു.
അതെ - എന്റെ സംസ്ഥാനത്തിന്റെ 'സിസ്റ്റ'ത്തില്‍ ,എന്റെ സര്‍ക്കാരില്‍,എന്റെ പ്രത്യയ ശാസ്ത്രത്തില്‍ ,ഞാന്‍ വിശ്വസിക്കുന്ന ആധുനിക വൈദ്യ ശാസ്ത്രത്തില്‍ എനിക്ക് അഭിമാനം തോന്നിയ ദിവസമായിരുന്നു ഇന്ന്.
ഇല്ലായില്ല മരിക്കുന്നില്ല.
സഖാവ് ഐസക്ക് മരിക്കുന്നില്ല.
ജീവിക്കുന്നു അനേകരിലൂടെ.

റോഡ് മുറിച്ചുകടക്കവെ അപകടത്തില്‍പ്പെട്ട ഐസകിന് മസ്തിഷ്‌ക മരണം സംഭവിച്ചതോടെ ഹൃദയം അങ്കമാലി സ്വദേശിയായ അജിന്‍ ഏലിയാസിന് നല്‍കുകയായിരുന്നു. കൊച്ചി ലിസി ആശുപത്രിയില്‍ ശസ്ത്രക്രിയ പൂര്‍ത്തിയായതോടെ അജിനിന്റെ ശരീരത്തില്‍ ഐസകിന്റെ ഹൃദയം സ്പന്ദിച്ചുതുടങ്ങി. 33 കാരനായ ഐസക് ജോര്‍ജിന് കഴിഞ്ഞ ഏഴാം തീയതിയാണ് വാഹന അപകടത്തില്‍ പരിക്കേറ്റത്. പരമാവധി ചികിത്സ നല്‍കിയെങ്കിലും ഇന്നലെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. അതോടെയാണ് അവയവദാനം നടത്താന്‍ കുടുംബം തീരുമാനിച്ചത്. 29-ാമത് ഹൃദയമാറ്റ ശസ്ത്രക്രിയയാണ് എറണാകുളം ലിസി ആശുപത്രിയില്‍ നടന്നത്. ഐസക് ജോര്‍ജിന്റെ ഹൃദയം അജിന്‍ ഏലിയാസില്‍ മിടിച്ച് തുടങ്ങിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Content Highlights: Consultant Cardiologist at Lissie Hospital dr jo joseph about isac george organ Transplantation

dot image
To advertise here,contact us
dot image