
തിരുവനന്തപുരം: കെസിഎല്ലിൽ ട്രിവാൺഡ്രം റോയൽസിനെതിരെ കൊല്ലം സെയിലേഴ്‌സിന് ഏഴ് വിക്കറ്റിന്റെ അനായാസ വിജയം. ആദ്യം ബാറ്റ് ചെയ്ത ട്രിവാൺഡ്രം റോയൽസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം 17.2 ഓവറിൽ ലക്ഷ്യത്തിലെത്തി. വിജയത്തോടെ ഏഴ് മല്‌സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി കൊല്ലം രണ്ടാം സ്ഥാനത്തേയ്ക്ക് മുന്നേറി. കൊല്ലത്തിന്റെ വിജയ് വിശ്വനാഥാണ് പ്ലെയർ ഓഫ് ദി മാച്ച്.
സമീപ മല്‌സരങ്ങള അപേക്ഷിച്ച് മികച്ചൊരു തുടക്കമാണ് ഓപ്പണർമാർ ട്രിവാൺഡ്രം റോയൽസിന് നല്കിയത്. ഒത്തിണക്കത്തോടെ ബാറ്റ് വീശിയ കൃഷ്ണപ്രസാദും വിഷ്ണുരാജും ചേർന്ന് ആദ്യ വിക്കറ്റിൽ 76 റൺസാണ് കൂട്ടിച്ചേർത്തത്. മികച്ച റൺറേറ്റോടെ മുന്നേറിയ റോയൽസിനെ തടയാൻ വിജയ് വിശ്വനാഥിനെ ഇറക്കിയ കൊല്ലം ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തന്ത്രം ഫലം കണ്ടു. തന്റെ അടുത്തടുത്ത ഓവറുകളിൽ വിഷ്ണുരാജിനെയും കൃഷ്ണപ്രസാദിനെയും അബ്ദുൾബാസിദിനെയും മടക്കി വിജയ് വിശ്വനാഥ് ക്യാപ്റ്റന്റെ പ്രതീക്ഷ കാത്തു. വിഷ്ണുരാജ് 33ഉം കൃഷ്ണപ്രസാദ് 35ഉം അബ്ദുൾബാസിദ് രണ്ടും റൺസാണ് നേടിയത്.
തുടരെയുള്ള വിക്കറ്റുകൾ ഇന്നിങ്‌സിന്റെ വേഗത്തെ ബാധിച്ചെങ്കിലും എം നിഖിൽ, സഞ്ജീവ് സതീശൻ, അഭിജിത് പ്രവീൺ എന്നിവരുടെ ഇന്നിങ്‌സുകൾ റോയൽസിന് മികച്ച സ്‌കോർ നല്കി. നിഖിൽ 17 പന്തുകളിൽ നിന്ന് 26 റൺസ് നേടി. കഴിഞ്ഞ മല്‌സരങ്ങളിലെ ഫോം തുടർന്ന സഞ്ജീവ് സതീശൻ 20 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്‌സുമടക്കം 34 റൺസെടുത്തു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച അഭിജിത് പ്രവീൺ 16 പന്തുകളിൽ 20 റൺസുമായി പുറത്താകാതെ നിന്നു. കൊല്ലത്തിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയ വിജയ് വിശ്വനാഥാണ് കൊല്ലം ബൌളിങ് നിരയിൽ ഏറ്റവും തിളങ്ങിയത്. പരിക്കിനെ തുടർന്ന് മുഖത്ത് ഒൻപത് സ്റ്റിച്ചുകളുമായി ഇറങ്ങിയാണ് വിജയ് മികച്ച പ്രകടനം കാഴ്ചവച്ചത്. ഏദൻ ആപ്പിൾ ടോം, എ ജി അമൽ, അജയഘോഷ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലത്തിനും ഓപ്പണർമാർ മികച്ച തുടക്കമാണ് നല്കിയത്. വിഷ്ണു വിനോദും അഭിഷേക് ജെ നായരും ചേർന്ന് അഞ്ചാം ഓവറിൽ തന്നെ സ്‌കോർ 50 കടത്തി. 33 റൺസെടുത്ത് വിഷ്ണു വിനോദ് ആസിഫ് സലാമിന്റെ പന്തിൽ വിഷ്ണുരാജ് പിടിച്ച് മടങ്ങി. തുടർന്നെത്തിയ സച്ചിൻ ബേബി തകർത്തടിച്ച് മുന്നേറിയപ്പോൾ മറുവശത്ത് മികച്ച ഷോട്ടുകളുമായി അഭിഷേകും നിലയുറപ്പിച്ചു. ഇരുവരും ചേർന്നുള്ള 74 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു കൊല്ലത്തിന്റെ വിജയത്തിൽ നിർണ്ണായകമായത്. അർദ്ധസെഞ്ച്വറിക്ക് നാല് റൺസകലെ സച്ചിൻ ബേബി മടങ്ങി. 25 പന്തുകളിൽ നാല് ഫോറും മൂന്ന് സിക്‌സുമടക്കമായിരുന്നു സച്ചിൻ 46 റൺസ് നേടിയത്.
മറുവശത്ത് 59 റൺസുമായി പുറത്താകാതെ നിന്ന അഭിഷേക് ടീമിനെ അനായാസം വിജയതീരത്തെത്തിച്ചു. 46 പന്തുകളിൽ അഞ്ച് ഫോറും രണ്ട് സിക്‌സുമടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്‌സ്. കഴിഞ്ഞ സീസണിൽ സച്ചിൻ ബേബി കഴിഞ്ഞാൽ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു അഭിഷേക്. എന്നാൽ ഈ സീസണിൽ ഇതിന് മുൻപ് ഒരു അർദ്ധസെഞ്ച്വറി മാത്രമായിരുന്നു അഭിഷേകിന് നേടാനായത്. അഭിഷേക് ഫോമിലേക്ക് മടങ്ങിയെത്തിയത് വരും മല്‌സരങ്ങളിൽ കൊല്ലത്തിന് മുതൽക്കൂട്ടാവും. റോയൽസിന് വേണ്ടി വി അജിത്, ടി എസ് വിനിൽ, ആസിഫ് സലാം എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
Content Highlights- Kollam Sailors Win agaianst Trivandrum Royals in KCl