
ബുച്ചി ബാബു ഇൻവിറ്റേഷണൽ ടൂർണമെന്റിൽ സെഞ്ച്വറിയുമായി റുതുരാജ് ഗെയ്ക്‌വാദ്. മാസങ്ങളായി നീണ്ടുനിന്ന മോശം ഫോമിന് ഇതോടെ വിരാമമിട്ടു.
ഛത്തീസ്ഗഡിനെതിരായ മഹാരാഷ്ട്രയുടെ ആദ്യ മത്സരത്തിൽ താരം തിളങ്ങിയിരുന്നില്ല. ടിഎൻസിഎ പ്രസിഡന്റ്സ് ഇലവനുമായുള്ള രണ്ടാം മത്സരത്തിലും അദ്ദേഹത്തിന് കളിക്കാനുമായില്ല. എന്നാൽ ഹിമാചൽ പ്രദേശിനെതിരായ മൂന്നാം റൗണ്ട് മത്സരത്തിൽ തിരിച്ചെത്തിയ ഗെയ്‌ക്‌വാദ് തന്റെ സാന്നിധ്യം വ്യക്തമാക്കി.
122 പന്തുകളിൽ നിന്ന് സെഞ്ച്വറി നേടിയ അദ്ദേഹം പിന്നീട് ഒരു ഓവറിൽ നാല് സിക്‌സറുകൾ പറത്തി പുറത്തായി. 144 പന്തുകളിൽ നിന്ന് 133 റൺസ് നേടിയ അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിൽ 10 ബൗണ്ടറികളും നാല് സിക്‌സറുകളും ഉൾപ്പെടുന്നു.
2025 ലെ സീസണിൽ തിരിച്ചടികൾ നേരിട്ട താരത്തിന് ഈ പ്രകടനം ഊർജ്ജമാകും. ഐ പി എല്ലിൽ താരത്തിന് പരിക്കുമൂലം ഏറെ മത്സരങ്ങൾ നഷ്ടമായിരുന്നു. ശേഷം ഇംഗ്ലണ്ട് എ ടീമിനോടുള്ള ഇന്ത്യ എ ടീമിൽ ഇടം നേടിയെങ്കിലും മത്സരത്തിൽ അവസരം ലഭിച്ചില്ല.
കൗണ്ടി ചാമ്പ്യൻഷിപ്പിൽ യോർക്ക്ഷെയറുമായി ഗെയ്ക്വാദ് കരാർ ഒപ്പിട്ടിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയതിനാൽ കരാർ വെട്ടിക്കുറച്ചു. ഏതായാലും ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളോടെ ഇന്ത്യൻ ടീമിൽ തിരികെ കയറി പറ്റാനുള്ള ശ്രമത്തിലാണ് താരം.
Content Highlights:Ruturaj scores a brilliant century in buchi babu cricket